40 വര്‍ഷം മുമ്പ് മരിച്ചയാളെ കണ്ടെത്തിയത് വയറ്റില്‍ വളര്‍ന്ന അത്തിമരത്തിലൂടെ

ആങ്കറ: 40 വര്‍ഷം മുമ്പ് കാണാതായ ആളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് വയറ്റില്‍ കിളിര്‍ത്ത അത്തിമരത്തെക്കുറിച്ചുള്ള അന്വേഷണം. ഒറ്റപ്പെട്ട സ്ഥലത്ത് അസാധാരണമായി വളര്‍ന്ന അത്തിമരത്തെക്കുറിച്ച് ഗവേഷകര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചയാളെക്കുറിച്ച് വിവരം കിട്ടിയത്.
തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയുടെ മൃതദേഹാവശിഷ്ടങ്ങളാണു കണ്ടെത്തിയത്്. 1974ല്‍ ഗ്രീക്ക്-തുര്‍ക്കി വംശജര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് അഹ്മദ് ഹെര്‍ഗുണ കൊല്ലപ്പെട്ടതെന്നാണു നിഗമനം. മറ്റു രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്നു കണ്ടെത്തി.
സംഘര്‍ഷസമയത്ത് അഹ്മദ് ഹെര്‍ഗുണയും സംഘവും ഒരു ഗുഹയ്ക്കകത്ത് ഒളിച്ചു. ഇതു മനസ്സിലാക്കിയ ശത്രുക്കള്‍ ഗുഹ സ്‌ഫോടനത്തില്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് ഹെര്‍ഗുണ അത്തിപ്പഴം കഴിച്ചിരുന്നെന്നും അതില്‍ നിന്നുള്ള വിത്തുകള്‍ മരമായി വളരുകയായിരുന്നുവെന്നുമാണ് ഗവേഷകരുടെ നിഗമനം.
2011ലാണ് ഗവേഷകര്‍ മരം കണ്ടെത്തിയത്. കുന്നിന്‍ ചരിവില്‍ ഗുഹാമുഖത്ത് ഒറ്റപ്പെട്ട് ഒരു അത്തിമരം വളര്‍ന്നതെങ്ങനെയെന്ന കൗതുകത്തില്‍നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. മരത്തിന്റെ ചുവട്ടില്‍ കുഴിച്ചുനോക്കിയപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഗീക്ക്-തുര്‍ക്കി വംശജര്‍ വസിച്ചിരുന്ന പ്രദേശത്തായിരുന്നു തങ്ങള്‍ താമസിച്ചിരുന്നതെന്നും അഹ്മദ് ഹെര്‍ഗുണ തുര്‍ക്കിഷ് റെസിസ്റ്റന്‍സ് ഓര്‍ഗനൈസേഷനിലെ അംഗമായിരുന്നുവെന്നും സഹോദരി മനുര്‍ (87) അറിയിച്ചു.

RELATED STORIES

Share it
Top