40 തൊഴിലാളികള്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

മുംബൈ: മുംബൈയില്‍ വ്യാഴാഴ്ചയുണ്ടായ വിമാനാപകടത്തില്‍ നിന്നു 40 തൊഴിലാളികള്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. സ്വകാര്യ വിമാനം തകര്‍ന്നുവീണത് ഘട്‌കോപ്പറിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു. കെട്ടിടത്തില്‍ ചുരുങ്ങിയത് 40 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പാണ് അവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് നിര്‍മാണ ത്തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കേറ്റു.  ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനം തകര്‍ന്നുവീഴുമ്പോള്‍ ഊണിന്റെ സമയമായിരുന്നതിനാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നു തൊഴിലാളിയായ നരേഷ് നിഷാദ് പറഞ്ഞു. വിമാനം എവിടെ നിന്നാണു വരുന്നതെന്ന് തനിക്കറിയില്ല. കത്തുന്ന കഷണങ്ങള്‍ തന്റെ നേര്‍ക്ക് വരുന്നതു കണ്ടു. പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടു-
ഛത്തീസ്ഗഡ് സ്വദേശിയായ നിഷാദ് പറഞ്ഞു. നിഷാദിന്റെ മുഖത്ത് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അപകടം സംഭവിക്കുന്നതിനു മുമ്പ് നേരിയ മഴ പെയ്യുന്നുണ്ടായിരുന്നതിനാല്‍ തങ്ങള്‍ നിര്‍മാണത്തിലിരിക്കുന്ന തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കാണു ഭക്ഷണം കഴിക്കാന്‍ പോയതെന്ന് മറ്റൊരു തൊഴിലാളി പറഞ്ഞു. തൊഴിലാളിയായ അലഹബാദ് സ്വദേശി ലവ്കുശനും പരിക്കുണ്ട്. ഉച്ചഭക്ഷണ സമയത്താണ് അപകടമുണ്ടായതെന്നതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നു പോലിസും പറഞ്ഞു.
അതേസമയം, അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ പ്രദീപ്‌സിങ് രജ്പുത് 2007ലുണ്ടായ മറ്റൊരു വിമാനാപകടത്തില്‍ രക്ഷപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അയല്‍ക്കാരനായ അനില്‍ രജ്പുത് പറഞ്ഞു.
ഭാര്യക്കും മകനുമൊത്ത് ദ്വാരക സെക്റ്ററിലെ ഗോള്‍ഡ് ക്രോഫ്റ്റ് സൊസൈറ്റിയിലായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. വ്യോമസേനയിലെ മുന്‍ പൈലറ്റായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top