kozhikode local

4 മണിക്കൂര്‍ സൂചനാപണിമുടക്കുമായി യുവഡോക്ടര്‍മാര്‍

2കോഴിക്കോട്: ആരോഗ്യ മേഖലയിലെ അശാസ്ത്രീയമായ പെന്‍ഷന്‍ പ്രായവര്‍ധനവിന് എതിരെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ (കെഎംജെ എസി) ആഭിമുഖ്യത്തില്‍  പ്രതിഷേധവും 24 മണിക്കൂര്‍ സൂചനാ പണിമുടക്കും നടത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ അനുഭാവപൂര്‍ണമായ തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നത് എന്നും യുവഡോക്ടര്‍മാരുടെ തൊഴിലവസരങ്ങളും ഭാവിയും നശിപ്പിക്കുന്ന ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അവര്‍ വ്യക്തമാക്കി. പഠിപ്പ് മുടക്കിക്കൊണ്ട് എം ബി ബി എസ് വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട് ജൂനിയര്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുമടങ്ങുന്ന പിജി വിദ്യാര്‍ഥികളും,  ഹൗസ് സര്‍ജന്‍സും,  ഡെന്റല്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം നൂറിലേറെ ഡോക്ടര്‍മാരാണ് സമരത്തില്‍ അണിചേര്‍ന്നത്. രാവിലെ 9.30ന് തുടങ്ങിയ പ്രതിഷേധറാലിക്ക് ശേഷം കെഎംജെഎസി യെ പ്രതിനിധീകരിച്ച് ഡോ.രാജീവ്, ഡോ. ആനന്ദ് കൃഷ്ണന്‍, ജഏ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റിസ്വാന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ഗോകുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.പെന്‍ഷന്‍പ്രായ വര്‍ധനവ് പിന്‍വലിക്കുക,മെഡിക്കല്‍ കോളേജുകളിലെ അംഗീകാരം നഷ്ടപ്പെടുന്നത് തടയാന്‍ അടിയന്തരമായി ഒഴിഞ്ഞു കിടക്കുന്ന എന്ററി കേഡര്‍ തസ്തികകളിലേക്ക് നിയമനം നടത്തുക  തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.എമര്‍ജന്‍സി സര്‍വീസുകളായ അത്യാഹിതവിഭാഗം, ഐ സിയൂകള്‍, ലേബര്‍ റൂം,എമേര്‍ജന്‍സി തീയേറ്ററുകള്‍ എന്നിവയെ ഒഴിവാക്കിയിരുന്നു. എല്ലാ ഗവണ്മെന്റ് കോളേജുകളിലും ഇത്തരത്തില്‍ 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്.   ഇനിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു അനുകൂല നിലപാടുകളോ ചര്‍ച്ചകളോ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല  പണിമുടക്കിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it