മദ്യപാനത്തിന് പ്രോല്‍സാഹനം; ജിഎന്‍പിസിക്കെതിരേ
കൂടുതല്‍ നടപടിതിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന വിവാദ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അണിയറക്കാര്‍ക്കെതിരേ കൂടുതല്‍ നടപടികളുമായി പോലിസ്. ഗ്രൂപ്പ് അഡ്മിന്‍ ദമ്പതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ബാലാവകാശ കമ്മീഷനും കേസെടുക്കുമെന്ന് അറിയിച്ചു. മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി. ഗ്രൂപ്പിലെ ചില പോസ്റ്റുകള്‍ മതത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
ഗ്രൂപ്പ് നിയമലംഘനം നടത്തിയെന്ന് നാര്‍കോട്ടിക് സെല്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേമം പോലിസ് ഗ്രൂപ്പ് അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെ (40) അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യക്കെതിരെയും കേസെടുത്തു. അജിത്കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കായി 1,500 രൂപ ടിക്കറ്റ് നിരക്കില്‍ മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തി. മദ്യം സൗജന്യമായി നല്‍കുന്ന പാര്‍ട്ടികളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഒരു എയര്‍ ഗണ്ണും അജിത്തിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തു.
മദ്യം വില്‍പ്പന പാര്‍ട്ടി നടത്തിയെന്ന് തെളിഞ്ഞതോടെ അജിത്തിനും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമെതിരേ ചുമത്തിയ നിലവിലെ വകുപ്പുകള്‍ക്കൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചേര്‍ത്തേക്കും. പേജ് മരവിപ്പിക്കാന്‍ ഫേസ്ബുക്കിനും കത്തുനല്‍കും. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഐ സപ്പോര്‍ട്ട് ജിഎന്‍പിസി കാംപയിന്‍ പുരോഗമിക്കുകയാണ്. 20 ലക്ഷം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരേ നടപടി തുടങ്ങിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്.
Next Story

RELATED STORIES

Share it