38 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി/അമൃതസര്‍: ഇറാഖില്‍ ഐഎസ് കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പ്രത്യേക വിമാനം അമൃതസറിലെത്തി. ഇവിടെനിന്നു പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ 38 മൃതദേഹങ്ങളാണ് ഇന്നലെ നാട്ടിലെത്തിച്ചത്.
ഒരു മൃതദേഹം തിരിച്ചറിയുന്നതിന് കൂടുതല്‍ പരിശോധന വേണ്ടിവന്നതിനാല്‍ ഇത് ഇന്ത്യയിലെത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഏകോപിപ്പിച്ചത്.
ഇതിനായി വി കെ സിങ് കഴിഞ്ഞ ദിവസം ഇറാഖിലേക്ക് പോയിരുന്നു. മരിച്ചവരില്‍ പഞ്ചാബ് സ്വദേശികള്‍ക്കു പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സ്വദേശികളും ഉള്‍പ്പെടുന്നതിനാല്‍ ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു വേണ്ട ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
2014ല്‍ മൗസിലില്‍ കാണാതായ 39 പേരും കൊല്ലപ്പെട്ടെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചതിനു പിറകെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. അക്രമികള്‍ തട്ടിക്കൊണ്ടു പോയ 40 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടു ജീവനോടെ ഇന്ത്യയിലെത്തിയത്. നിര്‍മാണ തൊഴിലാളികളായാണ് ഇവര്‍ ഇറാഖിലെത്തുന്നത്.

RELATED STORIES

Share it
Top