മന്ത്രിസഭാ രൂപീകരണ ചര്‍ച്ച: കുമാരസ്വാമി ഇന്നു ഡല്‍ഹിക്ക്ബംഗളൂരു: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കാണാന്‍ ജനതാദള്‍ (എസ്) നേതാവും നിയുക്ത കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ഇന്നു ഡല്‍ഹിക്ക് പുറപ്പെടും. മന്ത്രിസഭയിലെ പ്രാതിനിധ്യമാണ് പ്രധാനമായും ചര്‍ച്ചയാവുക. 30 മാസം വീതം ഇരുപാര്‍ട്ടികളും മുഖ്യമന്ത്രി പദവി വീതംവയ്ക്കുന്ന ഫോര്‍മുല കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കാനാണ് സാധ്യത.
എന്നാല്‍, കോണ്‍ഗ്രസ്സുമായി മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്ന കാര്യത്തില്‍ കുമാരസ്വാമി ഇതുവരെയും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. 2007ല്‍ ബിജെപിയുമായി ഇത്തരമൊരു നീക്കത്തില്‍ കൈപൊള്ളിയ കുമാരസ്വാമി മുഖ്യമന്ത്രിപദം കോണ്‍ഗ്രസ്സുമായി പങ്കുവയ്ക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. 30 മാസത്തെ അധികാരക്കൈമാറ്റം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെയൊരു ധാരണയില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. പകരം നേരത്തേയുണ്ടായ ധാരണപ്രകാരമുള്ള ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസ്സിന് നല്‍കും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവാനുള്ള സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും എത്രപേര്‍ മന്ത്രിയാവുമെന്നതും ഇന്നത്തെ കൂടിക്കാഴ്ചയില്‍ തീരുമാനിക്കും.
അധികാരമേറ്റ് 24 മണിക്കൂറിനകം സഭയില്‍ വിശ്വാസവോട്ട് തേടുമെന്ന് കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. സത്യപ്രതിജ്ഞ ബുധനാഴ്ച നടത്താനാണ് തീരുമാനം. ബുധനാഴ്ച കുമാരസ്വാമി മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷം തീരുമാനിക്കും. ഉപതിരഞ്ഞെടുപ്പുകള്‍ വരുന്ന ആര്‍ആര്‍ നഗറിലും ജയനഗറിലും സഖ്യമായി മല്‍സരിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്ന് ഡികെഎസ് അറിയിച്ചു.
നേരത്തേ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കുമാരസ്വാമി അറിയിച്ചത്. എന്നാല്‍, മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാല്‍ ചടങ്ങ് ഒഴിവാക്കി ബുധനാഴ്ചയിലേക്ക് നിശ്ചയിക്കുകയായിരുന്നു. ഇങ്ങനെയെങ്കില്‍ വ്യാഴാഴ്ചയായിരിക്കും വിശ്വാസവോട്ട് തേടുക. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എച്ച് ഡി ദേവഗൗഡയെ കുമാരസ്വാമി ഇന്നലെ സന്ദര്‍ശിച്ചു. ഹോട്ടലില്‍ കഴിയുന്ന ജനതാദള്‍ എംഎല്‍എമാരെയും കണ്ട് ചര്‍ച്ച നടത്തി. ചില ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിണക്കാതെയുള്ള ഭരണപങ്കാളിത്ത ഫോര്‍മുലയാവും സംസ്ഥാനത്ത് പരീക്ഷിക്കുക.

RELATED STORIES

Share it
Top