കെഎഎസ്: സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാം എന്‍  എ  ശിഹാബ്
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) നിയമനങ്ങളില്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ബാധകമാക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി നിയമ സെക്രട്ടറിയുടെയും എജിയുടെയും നിയമോപദേശം. സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാമെന്ന് ഇരുവരും നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. 2012ല്‍ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെയും ഭരണഘടനയിലെ 16(4)എ അനുഛേദവും ചൂണ്ടിക്കാട്ടിയാണ്  നിലപാട് സ്വീകരിച്ചത്.
നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥും അഡ്വ. ജനറല്‍ സി പി സുധാകര പ്രസാദുമാണ് നിയമോപദേശം നല്‍കിയത്. ഇതനുസരിച്ച് കെഎഎസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന മൂന്നില്‍ രണ്ടു തസ്തികകളില്‍ സംവരണം നല്‍കുന്നതില്‍ നിയമതടസ്സമില്ല. ഈ തസ്തികകള്‍ സ്ഥാനക്കയറ്റത്തിന്റെ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ട സംവരണമായി മാറുമെന്ന് വ്യക്തമാക്കിയാണ് സംവരണം ബാധകമാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
സ്ഥാനക്കയറ്റത്തില്‍ സംവരണമാകാമെന്ന നിയമോപദേശം വന്നതോടെ രണ്ടും മൂന്നും സ്ട്രീമുകളിലും സംവരണം ബാധകമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും. എന്നാല്‍, അര്‍ഹമായ പ്രാതിനിധ്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ എന്ന ഉപാധി ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണ് നിയമ സെക്രട്ടറിയുടെയും എജിയുടെയും നിലപാട്.
നിലവില്‍ നേരിട്ട് നിയമനം നടക്കുന്ന മൂന്നിലൊന്നു നിയമനങ്ങളില്‍ മാത്രമാണ് കെഎഎസ് ചട്ടപ്രകാരം സംവരണമുള്ളത്. ഈ നിലപാടിനെതിരേ സംവരണവിഭാഗങ്ങള്‍ രംഗത്തുവരുകയും നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തേ കെഎഎസ് രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ബാധകമാക്കാത്തതിനെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും രംഗത്തുവന്നിരുന്നു. എന്നാല്‍, പിഎസ്‌സി ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമോപദേശം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സംവരണ നടപടികള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ്.

RELATED STORIES

Share it
Top