ദേശീയപാതാ  വികസനം: അലൈന്‍മെന്റ് മാറ്റാനാവില്ല
കൊച്ചി: ദേശീയപാതാ വികസനത്തില്‍ നിലവിലെ അലൈന്‍മെന്റ് മാറ്റുന്നത് അപ്രായോഗികമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി മന്ത്രി ജി സുധാകരന്‍. നാഷനല്‍ ഹൈവേ വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിനിടെയാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. കരുനാഗപ്പള്ളിയിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതെന്ന് ജി സുധാകരന്‍ പറഞ്ഞു. എങ്കിലും ചെലവ് കുറഞ്ഞ അലൈന്‍മെന്റ് നിര്‍ദേശിച്ചാല്‍ പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി യോഗത്തെ അറിയിച്ചു.
എന്നാല്‍, വടക്കന്‍ ജില്ലകളില്‍ നിലവില്‍ തീരുമാനിച്ച അലൈന്‍മെന്റില്‍ നിന്നു പിന്നോട്ടു പോവാനാകില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇവിടെ സ്ഥലമേറ്റെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. ഇനി അലൈന്‍മെന്റ് മാറ്റുന്നതു പദ്ധതിക്കു തടസ്സമാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നാഷനല്‍ ഹൈവേ 66 വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ ആഗസ്തില്‍ പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ നിര്‍മാണം ആരംഭിക്കാനാവുമെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പിന്നീട് അറിയിച്ചു.
പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷം റോഡ് വികസനത്തിനു ലഭ്യമായതും ഏറ്റവും യോഗ്യമായതുമായ സ്ഥലമാണ് ദേശീയപാതാ വികസനത്തിനു തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി യോഗത്തെ അറിയിച്ചു. കാസര്‍കോട് തലപ്പാടി-ചെങ്ങള റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കലിന് ഹെക്ടറിന് ഏഴുകോടി 50 ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നു പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവുവും വ്യക്തമാക്കി. ഈ തുക ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. പകരം കാസര്‍കോട് പെരിയയില്‍ കണ്ടെത്തിയ 35 ഏക്കര്‍ ഭൂമി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കുന്നതിനായി വിട്ടുകൊടുക്കും.
എന്‍എച്ച്-66 വികസനത്തിന്റെ ഭാഗമായുള്ള 60 വര്‍ഷത്തോളം പഴക്കം വരുന്ന രണ്ടു പാലങ്ങളുടെ പുനര്‍നിര്‍മാണം അടിയന്തരപ്രാധാന്യത്തോടെ എറ്റെടുത്ത് നടത്തണമെന്നു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. പാലോളി, കോഴിക്കോട് ജില്ലയിലെ മൂരാട് പാലങ്ങളുടെ നിര്‍മാണം എന്‍എച്ച്എഐ അടിയന്തരപ്രാധാന്യത്തോടെ ഏറ്റെടുക്കാനും തീരുമാനമായി. തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള സാഗരമാല പദ്ധതികളുടെയും വിശദ പദ്ധതി റിപോര്‍ട്ട് ദേശീയപാതാ അതോറിറ്റി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഉടന്‍ സമര്‍പ്പിക്കണമെന്നു കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. ഭാരതമാല പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്തു നടപ്പാക്കുന്ന എല്ലാ പദ്ധതികളും വേഗത്തിലാക്കും. എന്‍എച്ച് 66നു പുറമെ കഴക്കൂട്ടം-മുക്കോല, കൊച്ചി-മധുര, കൊല്ലം-തേനി, തൃശൂര്‍-വാളയാര്‍ പദ്ധതികള്‍ ഭാരത്മാല പദ്ധതിയില്‍ പ്പെടുന്നവയാണ്. തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് റാമ്പ് നിര്‍മാണത്തിനായുള്ള മുഴുവന്‍ തുകയും എന്‍എച്ച്എഐ ചെലവാക്കും. 140 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ പകുതി തുക സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഈ തുക മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രമന്ത്രി അംഗീകരിച്ചു. സംസ്ഥാനത്തെ മറ്റ് ദേശീയപാതാ പദ്ധതികളുടെ പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു.

RELATED STORIES

Share it
Top