Top

സീനായ് മരുഭൂമി

സീനായ് മരുഭൂമി
X

sinaaa1


.


പി.ടി യൂനസ്

നി യാത്ര സീനായ് മരുഭൂമിയിലേക്ക്. കന്മലകള്‍ക്കും മണല്‍പ്പാടങ്ങള്‍ക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞ് അറ്റമില്ലാതെ നീളുന്ന കറുത്ത പാതയിലൂടെ ത്വൂര്‍ പര്‍വതനിരകള്‍ക്കരികിലേക്ക്. വഴിയരുകില്‍ ഇടയ്ക്കിടെ കാണാനായ മരുപ്പച്ചകളെക്കുറിച്ചും ഉത്തര-ദക്ഷിണ ഈജിപ്തിന്റെ ഭൂമിശാസ്ത്ര ജൈവവൈവിധ്യങ്ങളെക്കുറിച്ചും അഹ്മദ് തുരുതുരാ സംസാരിച്ചുകൊണ്ടിരുന്നു.വിരസമായ ഈ വിവരണങ്ങളിലും അതിലും വിരസമായ പുറംകാഴ്ചകളിലും ഒട്ടും കൗതുകമില്ലാതെ ഞാന്‍ എന്റെ ആലോചനാലോകത്തേക്കു തിരിച്ചൊതുങ്ങി. വിഘ്‌നങ്ങള്‍ നിറഞ്ഞ, വിജനമായ ഈ പരുക്കന്‍ മരുഭൂമിയിലൂടെ മൂന്നു തവണയാണ് മൂസാ പ്രവാചകന്‍ ആഫ്രിക്കയില്‍നിന്ന് ഏഷ്യയിലേക്കും തിരിച്ച് ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്കും നടന്നുപോയത്; വിമോചനത്തിന്റെ ദൈവനിയോഗത്തിനു കടിഞ്ഞാണ്‍ പിടിക്കാന്‍. സ്വന്തത്തെ പക്വപ്പെടുത്താനും തിരിച്ചറിയാനുമുള്ള ദീര്‍ഘയാത്ര. ദൈവം യാത്രകളെ വാഴ്ത്തുന്നത് ഇതുകൊണ്ടുതന്നെ.കൊട്ടാരം വിട്ട് പ്രകൃതിയിലേക്കുള്ള ഒന്നാം യാത്ര. ദിവ്യദൗത്യവുമായുള്ള മടക്കയാത്ര. വിമോചിപ്പിക്കപ്പെട്ട പതിതജനതയുമായി പിന്നീടൊരു പുറപ്പാടുയാത്ര. ഈ ദുര്‍ഘടമായ പ്രകൃതിവഴികളിലൂടെ വിമോചനത്തിന്റെ പ്രവാചകനെ വഴിനടത്തിച്ച കഥകള്‍ ലോകാന്ത്യം വരെ മനുഷ്യന്‍ നോക്കിപ്പഠിക്കാനായി ബാക്കിവയ്ക്കപ്പെട്ടുവെങ്കില്‍ പ്രവാചകദൗത്യം ഖാലിദേ, ഒരിക്കലും ഈജിപ്തിന്റെ തൂപ്പുജോലിയല്ല. മറിച്ച്, എക്കാലത്തെയും വിമോചനപ്പോരാട്ടങ്ങള്‍ക്ക് അസ്തിവാരമാകേണ്ട പ്രയോഗപാഠങ്ങളായിരിക്കും.പുറത്തു വെയിലാറി. ഇരുള്‍ മൂടിത്തുടങ്ങിയതോടെ തണുപ്പിനും കാറ്റിനും ശക്തിയേറി. ഏറെ വൈകാതെ വഴിവിളക്കില്ലാത്ത ഇരുണ്ട വിജനപാതയിലൂടെയായി ഞങ്ങളുടെ യാത്ര. ഇരുട്ടും തണുപ്പും കാറ്റും. സീനായ് മരുഭൂമിയിലെ സെന്റ് കാതറിന്‍ ദേവാലയത്തില്‍ നിന്ന് അകലെയല്ലാതെ വാദിറഹ്മ എന്ന പാര്‍പ്പിടസമുച്ചയത്തില്‍ അഹ്മദ് എനിക്ക് താമസമൊരുക്കി.
യാത്രാക്ഷീണം ശരീരത്തെയും മനസിനെയും ആലസ്യത്തിലാഴ്ത്തിയെങ്കിലും ഈ വിജനഭൂമിയിലെ തണുത്തിരുണ്ട ഗാഢമൗനം മനസ്സിനെ ഭയപ്പെടുത്തി.

കരിമ്പാറമലകള്‍ക്കിടയില്‍ ഉരുളന്‍കല്ലുകള്‍കൊണ്ട് മുഖാവരണങ്ങള്‍ തീര്‍ത്ത് മണ്‍ഗുഹകള്‍ പോലെ തോന്നിച്ച വീടുകളും കല്ലുകള്‍ പതിച്ച നടപ്പാതകളും കല്‍ത്തൂണുകളില്‍ മങ്ങിക്കത്തുന്ന വഴിവിളക്കുകളും അങ്ങിങ്ങായി നട്ടുപിടിപ്പിച്ച ഒലീവുമരങ്ങളും ആ പാര്‍പ്പിടങ്ങളെ സീനായ് താഴ്‌വരയുടെ ഭൂപ്രകൃതിയില്‍ പൂര്‍ണമായും ലയിപ്പിച്ചുനിര്‍ത്തി. യാത്രാക്ഷീണം ശരീരത്തെയും മനസ്സിനെയും ആലസ്യത്തിലാഴ്ത്തിയെങ്കിലും ഈ വിജനഭൂമിയിലെ തണുത്തിരുണ്ട ഗാഢമൗനം മനസ്സിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.  കല്‍ക്കൂനകളില്‍ തട്ടിത്തെറിച്ചും ഒലീവുമരങ്ങളെ ആട്ടിയുലച്ചും താഴ്‌വരയിലൂടെ ആഞ്ഞുവീശുന്ന ശീതക്കാറ്റിന്റെ സീല്‍ക്കാരം രാത്രിയിലെ നിശ്ശബ്ദ ഭീകരതയെ തെറിപ്പിക്കാനില്ലായിരുന്നുവെങ്കില്‍ ആ ഗുഹാഗൃഹങ്ങള്‍ക്കകത്ത് അന്തിയുറക്കം പോലും അസാധ്യമായേനെ. പ്രഭാതത്തില്‍ കാറ്റിനും തണുപ്പിനും ശക്തി കുറഞ്ഞിരുന്നു. പുറത്തു തെളിഞ്ഞു തണുത്ത വെയില്‍. ഞാന്‍ അഹ്മദിനൊപ്പം മൂസായുടെ പര്‍വതത്തിനടുത്തേക്കു യാത്രയായി.

sinaaaa2


വഴിയിലാകെ കല്‍ച്ചീളുകളും പാറക്കല്ലുകളും കവചം തീര്‍ത്ത വന്‍മലകള്‍. അപൂര്‍വമായി മാത്രം കുറ്റിക്കാടുകള്‍. അവയ്ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ മൊട്ടക്കുന്നിലേക്ക് അഹ്മദ് വിരല്‍ ചൂണ്ടി: ''ദൈവം മൂസാ പ്രവാചകനെ വിളിച്ചു വര്‍ത്തമാനം പറഞ്ഞ വിശുദ്ധഭൂമി. അത് ഈ പര്‍വതശൃംഗമാണ്.'' ഫറോവ വാണ ഈജിപ്തിലേക്കുള്ള മടക്കയാത്രയില്‍ മൂസാ പ്രവാചകന്‍ വിമോചനത്തിന്റെ ദൗത്യമേറ്റുവാങ്ങിയ പുണ്യസ്ഥാനം.പിന്നീടു കടല്‍ മുറിച്ച് അക്കരെയെത്തിച്ച ഇസ്രായേല്‍ ജനതയെ താഴ്ഭാഗത്തു പാര്‍പ്പിച്ച്, വിശുദ്ധ തൗറാത്ത് ഏറ്റുവാങ്ങാന്‍ നാല്‍പ്പതുനാള്‍ ദൈവസന്നിധിയില്‍ മഹാ പ്രവാചകന്‍ ഭജനമിരുന്ന സ്ഥലം. ഞങ്ങള്‍ മലയടിവാരത്ത് വാഹനമിറങ്ങി. അതിമിനുസമാര്‍ന്ന കരിങ്കല്‍പ്പാറയില്‍ പൊടിഞ്ഞുമൂടിയ കല്‍ച്ചീളുകളില്‍ മലകയറ്റം ആയാസകരമാണ്.താഴെ സെന്റ് കാതറിന്‍ ക്രിസ്തീയദേവാലയവും സഭാകേന്ദ്രവുമല്ലാതെ മറ്റു കെട്ടിടനിര്‍മിതികളൊന്നുമില്ല. ആ ദേവാലയവളപ്പില്‍ മൂസാപ്രവാചകന്‍ എരിയുന്ന വെളിച്ചമായി ദൈവത്തെ കണ്ട മരത്തിന്റെ ഇളമുറക്കാരന്‍ ഒലീവുവൃക്ഷം വേലികെട്ടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. മലയ്ക്കു മുകളിലെ ഒരു കൊച്ചു നിര്‍മിതി.  മൂസാപ്രവാചകന്റെ ദൈവസംഗമസ്ഥാനത്തു നിര്‍മിച്ച ദേവാലയമാണതെന്ന് അഹ്മദ് പരിചയപ്പെടുത്തി.മലമുകളില്‍ ദൈവ-പ്രവാചക സംഗമസ്ഥാനം. താഴെ താഴ്‌വരയില്‍ സ്വത്വം തേടി പുറപ്പെട്ടുവന്ന ഒരു പതിത ജനതയുടെ താവളത്തടം. ഈ പാറക്കൂട്ടങ്ങള്‍ക്കു മുകളിലിരുന്ന് മലമുകളിലേക്കും താഴ്‌വാരത്തിലേക്കും സൂക്ഷിച്ചുനോക്കിയാല്‍ മൂസാ പ്രവാചകന്റെ വിമോചനപാഠങ്ങള്‍ നിലാവെളിച്ചം പോലെ തെളിഞ്ഞു മുന്നില്‍വന്നുനില്‍ക്കും.വിമോചനത്തിന്റെ ദൈവദൗത്യവുമായി സഹോദരന്‍ ഹാറൂനുമൊത്ത് ഫറോവയെ തേടിപ്പോയ മൂസാപ്രവാചകന്‍. അടിമജനതയുടെ ദുരിതജീവിതം സ്വയമറിഞ്ഞ ഹാറൂന്‍ പ്രവാചകനെ വിമോചനസമരനേതൃത്വത്തിനു മൂസാ നബി കൂട്ടുചോദിച്ചത് സിദ്ധാന്തത്തിനു പ്രയോഗതലത്തില്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു. ഹാറൂനും മൂസയും പരസ്പരം ചേരുമ്പോഴാണ് വിമോചനമുന്നേറ്റങ്ങള്‍ അര്‍ഥവത്താവുക. എല്ലാ ഫറോവമാരും അതിക്രമികളായിരുന്നില്ല.ആദ്യകാലത്ത് ഇസ്രാഈല്‍ സന്താനങ്ങള്‍ക്ക് ഈജിപ്തിന്റെ ഭരണകാര്യങ്ങളില്‍ വരെ മേല്‍ക്കൈ നല്‍കിയ ഫറോവമാരും ജീവിച്ചിരുന്നു. പിന്നീടു കാലപ്പെരുക്കത്തില്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയിലെ അടിസ്ഥാനവര്‍ഗമായി മാറിയ ജനതയ്ക്ക് ജന്മാവകാശങ്ങള്‍ നഷ്ടമായി. ഭരണകൂടം ക്രൂരമായി.അപ്പോഴാണ് ഫറോവ ദൈവത്തിന്റെ ശത്രുപക്ഷത്തേക്കു മാറിപ്പോയത്. ദൈവസാന്നിധ്യം ചമയങ്ങളില്ലാത്ത അടിസ്ഥാന പ്രകൃതിയിലാണ് നിക്ഷേപിതമായത്. മരതകം പൂക്കാത്ത ഈ കല്ലുമലകള്‍ ഒരു പ്രതീകം പോലെയായിരിക്കാം ദൈവ-പ്രവാചക സംഗമസ്ഥാനമായി നിയോഗിതമായത്. പ്രവാചകന്‍ മുഹമ്മദിനു ദിവ്യബോധനവുമായി മാലാഖ പറന്നിറങ്ങിയതും ഇതുപോലൊരു കല്ലുമലയിലേക്കായിരുന്നല്ലോ. ഈജിപ്തിന്റെ അടിമജീവിതത്തില്‍നിന്ന് ഇസ്രായേലി ജനതയെ വിമോചിപ്പിച്ച മൂസാനബി അവരെ ഒരിക്കലും ഫറോവയുടെ കൊട്ടാരങ്ങളിലേക്കു വഴിനടത്തിയില്ല. ഇതു മൂസായുടെ വിമോചനയാത്രയുടെ വിശുദ്ധിയാണ്.
വിമോചനത്തിന്റെ ദൈവദൗത്യവുമായി സഹോദരന്‍ ഹാറൂനുമൊത്ത് ഫറോവയെ തേടിപ്പോയ മൂസാപ്രവാചകന്‍. അടിമജനതയുടെ ദുരിതജീവിതം സ്വയമറിഞ്ഞ ഹാറൂന്‍ പ്രവാചകനെ വിമോചനസമരനേതൃത്വത്തിനു മൂസാ നബി കൂട്ടുചോദിച്ചത് സിദ്ധാന്തത്തിനു പ്രയോഗതലത്തില്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു.
ഭരണകൂട മര്‍ദ്ദനത്തിനെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സമരസജ്ജമാക്കാനുള്ള എളുപ്പമാര്‍ഗം മര്‍ദ്ദകസമൂഹം ആസ്വദിച്ചനുഭവിക്കുന്ന ഭൗതികസമൃദ്ധിയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്. വിമോചിപ്പിക്കപ്പെട്ടവര്‍ ഏറെ വൈകാതെ പുതുമര്‍ദ്ദകരായി രൂപപരിണാമം ചെയ്യുന്നതും സ്വേച്ഛാധിപതികളുടെ വേരുമാന്തിയ ജനകീയസമരങ്ങള്‍ പുതിയ സ്വേച്ഛാധിപത്യസംവിധാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതും ഈ ഒളിഞ്ഞുനോട്ടത്തിന്റെ പരിണതികളാണ്.

ഇസ്രാഈല്‍ ജനതയെ തനിക്കൊപ്പം കടല്‍ കടത്താന്‍ വഴിയൊരുക്കിയ ജലമതില്‍ ഇടതൂര്‍ന്നു ചേര്‍ന്നപ്പോള്‍ അതു ഫറോവയെ മുക്കിക്കൊല്ലുക മാത്രമല്ല, എന്നും അടിമസമൂഹം കൊതിയോടെ നോക്കിക്കണ്ട ഭൗതിക സൗഭാഗ്യങ്ങളെയും അവരുടെ മര്‍ദ്ദനാവകാശങ്ങളെയും വിമോചിത സമൂഹത്തില്‍നിന്ന് ഒരു കടല്‍ദൂരം അകറ്റിനിര്‍ത്തുക കൂടിയായിരുന്നു. പാറമുകളിലിരുന്ന് കണ്ണടച്ച് അകക്കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ അഹ്മദ് പതിയെ ചുമലില്‍ തട്ടി. താഴെ ഒരു കന്മതിലില്‍ കൊത്തിവച്ച പശുക്കിടാവിന്റെ അപൂര്‍ണ രൂപം കാണിച്ചു: ''മൂസാപ്രവാചകന്‍ ദൈവസന്നിധിയില്‍ ഭജനമിരിക്കാന്‍ മലകയറിയപ്പോള്‍ സാമിരി സ്വര്‍ണപ്പശുവിനെ ദൈവമാക്കി പ്രതിഷ്ഠിച്ചത് ഇവിടെയാണ്.'' വിമോചനത്തിനും പുനരധിവാസത്തിനുമിടയില്‍ ശുദ്ധീകരണമെന്ന അതിപ്രധാന പ്രക്രിയയിലൂടെ തീര്‍ച്ചയായും വിമോചിതര്‍ നയിക്കപ്പെടേണ്ടതുണ്ട്. ഇത് മൂസാ പ്രവാചകന്റെ വിമോചനദൗത്യത്തിന്റെ ഉജ്ജ്വലമായ പാഠമാണ്. ശുദ്ധീകരണത്തിനായി ഇസ്രാഈല്‍ജനതയെ താമസിപ്പിച്ച താഴ്‌വാരത്തിലാണ് സാമിരി സ്വര്‍ണദൈവത്തെ പ്രതിഷ്ഠിച്ചത്.

വിമോചനസമരങ്ങളെ വഴിതെറ്റിക്കാന്‍ എക്കാലവും തങ്കവിഗ്രഹങ്ങളുമായി സാമിരിമാര്‍ ഉയര്‍ന്നുവരും. ഫലസ്തീനില്‍ പുനരധിവാസത്തിനു വിസമ്മതിച്ച ഇസ്രാഈല്‍ ജനതയിലെ മുതുതലമുറയെ വകഞ്ഞ് പുതുതലമുറയ്ക്ക് വിപ്ലവത്തിന്റെ പതാക കൈമാറിയത് നിയോഗത്തിന്റെ മറ്റൊരു വിമോചനപാഠം.

പക്ഷേ, പുതുരക്തങ്ങള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ അവസാനം വിമോചിത ജനത ഫലസ്തീനില്‍ പുനരധിവസിപ്പിക്കപ്പെടുന്നത് നേരില്‍ കാണാന്‍ മൂസാ പ്രവാചകന്‍ ജീവിച്ചിരുന്നില്ല. വിപ്ലവപൂര്‍ത്തീകരണത്തിനായി നേതൃസ്ഥാനവും പുതുതലമുറയിലേക്കു മാറ്റിവച്ച് ആ വിമോചകന്‍ താന്‍ പഠിപ്പിച്ച വിമോചനപാഠങ്ങള്‍ക്ക് എത്ര മനോഹരമായി ആത്മദീപ്തി നല്‍കി! ഞങ്ങള്‍ സീനായില്‍നിന്നു കെയ്‌റോയിലേക്കുള്ള മടക്കയാത്രയ്ക്കായി പാറക്കൂട്ടങ്ങള്‍ വിട്ട് താഴെയിറങ്ങി.sinaaaa3


മലകളും കരിങ്കല്‍ക്കൂട്ടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ സീനായില്‍ മനസ്സിനിമ്പം പകരുന്ന ഒരു പ്രകൃതിക്കാഴ്ച പോലുമില്ലെങ്കിലും മൂസായുടെ താഴ്‌വരയില്‍നിന്നു മനസ്സിനെ പറിച്ചുമാറ്റാന്‍ ഏറെ പ്രയാസപ്പെട്ടു. എന്തെന്നറിയാത്ത ഒരാത്മബന്ധവുമായി ആ മലമടക്കുകള്‍ മനസ്സില്‍ ആഴത്തില്‍ വേരുകള്‍ താഴ്ത്തിക്കഴിഞ്ഞിരുന്നു. മടക്കയാത്രയില്‍ അഹ്മദ് സൂയസ് കനാല്‍ കാണാന്‍ ക്ഷണിച്ചു.

പടിഞ്ഞാറിനും കിഴക്കിനുമിടയില്‍ മനുഷ്യന്‍ വെട്ടിയുണ്ടാക്കിയ കപ്പല്‍ച്ചാല്‍ നേരില്‍ കാണാനായി ഒരു സന്ദര്‍ശകസ്ഥാനത്തേക്കു നീങ്ങിയെങ്കിലും സൂയസിലൂടെ ഏതോ വമ്പന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുണ്ടെന്ന കാരണം പറഞ്ഞ് സായുധരായ പട്ടാളക്കാര്‍ വഴിതടഞ്ഞു. വഴിമുടക്കിയ പട്ടാളകേന്ദ്രത്തിനു സമീപം ഉയര്‍ന്നുനിന്ന മണ്‍തിട്ടയില്‍ കയറിനിന്ന് കനാലിന്റെ ദൂരക്കാഴ്ചയ്ക്ക് അവര്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കി.ഇടുങ്ങിയ വെള്ളച്ചാലിലൂടെ കര തൊട്ടെന്നപോലെ ഒഴുകിനീങ്ങുന്ന ഭീമാകാരന്‍ വിമാനവാഹിനി യുദ്ധക്കപ്പല്‍. ഏതോ കിഴക്കന്‍ താവളം തേടിപ്പോകുന്ന പടിഞ്ഞാറന്‍ യുദ്ധക്കപ്പലുകള്‍ക്ക് എന്തുകൊണ്ടായിരിക്കാം നിരായുധരായ എന്നെയും അഹ്മദിനെയും ഇത്ര പേടി?

കടല്‍ജലം പിളര്‍ന്നു വഴിയുണ്ടാക്കി വിമോചനപാത തീര്‍ത്ത മൂസാ പ്രവാചകന്റെ മണ്ണില്‍ കരപിളര്‍ന്ന് കടല്‍ജലമൊഴുക്കിയുണ്ടാക്കിയ ജലപാതയിലൂടെ അഭിനവ ഫറോവമാരുടെ ആയുധക്കൂട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന വൈരുധ്യമോര്‍ത്തുകൊണ്ട് ഞങ്ങള്‍ സൂയസ്‌കനാലിലെ തുരങ്കപാതയിലൂടെ കെയ്‌റോയിലേക്കുള്ള യാത്ര തുടര്‍ന്നു.ഈജിപ്ത് വിട്ട് മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ജോര്‍ദാനിലെത്തിയത്. ഉടന്‍ തന്നെ മൂസാപ്രവാചകന്റെ സഞ്ചാരവഴികളിലൂടെ പൂര്‍ത്തിയാക്കേണ്ട യാത്രകള്‍ പുനരാരംഭിച്ചു. അതിനു ജോര്‍ദാനിലെ നിബു മലമടക്കിലെത്തണം. സീനായ്ഭൂമിയുടെ തുടര്‍ച്ച. അവിടെയാണ് മൂസാപ്രവാചകന്‍ അവസാനനാളുകളില്‍ വാഗ്ദത്തഭൂമിയായ ഫലസ്തീനും നോക്കി ഏറെക്കാലമിരുന്നത്. പ്രവാചകന്റെ ഭൗതികശരീരം അടക്കം ചെയ്തത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു.

   വിമോചനത്തിനും പുനരധിവാസത്തിനുമിടയില്‍ ശുദ്ധീകരണമെന്ന അതിപ്രധാന പ്രക്രിയയിലൂടെ തീര്‍ച്ചയായും വിമോചിതര്‍ നയിക്കപ്പെടേണ്ടതുണ്ട്. ഇത് മൂസാ പ്രവാചകന്റെ വിമോചനദൗത്യത്തിന്റെ ഉജ്ജ്വലമായ പാഠമാണ്.  മലമുകളില്‍നിന്നു നോക്കിയാല്‍ ഫലസ്തീന്‍ ഭൂമി കാണാം. വിമോചിപ്പിക്കപ്പെടേണ്ട ഫലസ്തീനെ ഞാനും ഏറെനേരം നോക്കിനിന്നു. ദൂരെ ചക്രവാളസീമകളില്‍ സിറിയയും ഈജിപ്തും മറ്റ് അറബ് നാടുകളും. കുന്നിന്‍മുകളിലിരുന്ന് ഞാന്‍ പ്രവാചകന്‍ മുഹമ്മദിനെ ഓര്‍ത്തു. മൂസാപ്രവാചകന്റെ വിമോചനമഹിതങ്ങള്‍ തന്നെയായിരുന്നു അന്ത്യപ്രവാചകന്‍ മുഹമ്മദിനും ദൈവം ഉപദേശിച്ചുകൊടുത്തത്.മക്കയില്‍ നിന്ന് അടര്‍ത്തിമാറ്റിയ സ്വതന്ത്ര സമൂഹത്തെ പ്രവാചകന്‍ മദീനയിലേക്കു വഴിനടത്തിയപ്പോള്‍ മക്കയുടെ സൗഭാഗ്യങ്ങള്‍ക്കു നേരെയോ ഖുറൈശികളുടെ ധനാധിപത്യത്തിനു നേരെയോ കൊതിയോടെയുള്ള ഒരു തിരിഞ്ഞുനോട്ടം പോലും പ്രവാചകന്‍ അനുയായികള്‍ക്ക് വിലക്കിനിര്‍ത്തി. ആ ഭൗതിക ആര്‍ഭാടങ്ങളിലേക്കുള്ള ഒരു കൊച്ചു ഒളിഞ്ഞുനോട്ടമായിരുന്നു ഉഹ്ദില്‍ താക്കീതോടെ തകര്‍ക്കപ്പെട്ടത്.

മദീനയിലെ പ്രവാചകഭരണത്തിന് മക്ക തിരികെ പിടിക്കാനുള്ള സൈനികശക്തി എന്നോ കൈവന്നിട്ടുപോലും ശുദ്ധീകരണത്തിന്റെ വര്‍ഷങ്ങള്‍ കഴിയുന്നതുവരെ ആ തിരിച്ചുപോക്ക് പ്രവാചകന്‍ നീട്ടിവയ്ക്കുകയായിരുന്നു. വിമോചനം, ശുദ്ധീകരണം, പിന്നീട് പുനരധിവാസം.sinaaa4


മൂസാ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്നതിനരികില്‍ വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒലീവുമരച്ചുവട്ടിലിരുന്ന് ഞാന്‍ താഴെ വാഗ്ദത്തഭൂമിയിലേക്കു നോക്കിയിരുന്നു. ഈജിപ്തില്‍ നിന്ന് സ്വതന്ത്രരാക്കി ഫലസ്തീനില്‍ പുനരധിവസിപ്പിച്ച ഇസ്രാഈല്‍ സന്താനങ്ങളല്ല ഇന്നു തെല്‍അവീവിലെ സിംഹാസനത്തിലിരുന്ന് ലോകം വാഴുന്നത്. ആ പഴയ സാത്വിക സമൂഹത്തിന്റെ സിംഹഭാഗവും യേശുവിന്റെയും മുഹമ്മദിന്റെയും ധര്‍മപാതകളില്‍ എന്നേ പങ്കുചേര്‍ന്നു.ഇന്ന് സ്വര്‍ണവിഗ്രഹങ്ങള്‍ തീര്‍ക്കുന്ന പുതിയ സാമിരിമാരുടെയും അധിനിവേശത്തിന്റെ നവ ഫറോവമാരുടെയും അവിശുദ്ധ കൂട്ടുചേരലാണ് സയണിസ്റ്റ് പ്രസ്ഥാനമായി വിശുദ്ധമണ്ണില്‍ കാലുറപ്പിച്ച് ധര്‍മമൂല്യങ്ങളെ ചവിട്ടിമെതിക്കുന്നത്. വിമോചനത്തിന്റെ പ്രവാചകരേ, അങ്ങയെ ഞങ്ങള്‍ തിരിച്ചറിയുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ചെഴുതിവച്ച അങ്ങയുടെ വിപ്ലവചരിതങ്ങളിലെ ഉള്‍പ്പൊരുള്‍ വിമോചനങ്ങള്‍ക്ക് എന്നും വഴികാട്ടും. നിബു കുന്നിന്റെ താഴ്‌വാരദേശങ്ങളില്‍ നിന്ന് മുല്ലപ്പൂവിന്റെ പരിമളവുമായെത്തുന്ന കുളിര്‍ക്കാറ്റ്. മലമുകളില്‍ തഴച്ചുനില്‍ക്കുന്ന ഒലീവുചില്ലകളെ അതു തഴുകിത്തണുപ്പിച്ച് കടന്നുപോകുന്നു. താഴെ അപ്പോഴും വാഗ്ദത്തഭൂമിയില്‍ കൈവെള്ളയില്‍ ഉരുളന്‍കല്ലുകളുമായി തിര നിറച്ച പീരങ്കിവായക്കു മുന്നില്‍ അശരണബാല്യങ്ങള്‍ ഒരു വിമോചകനെ കാത്തുനില്‍ക്കുന്നു.

( ഈജിപ്ത്യന്‍ യാത്രാവിവരണം)

അവസാനിച്ചു

Next Story

RELATED STORIES

Share it