350 കോടി ദീര്‍ഘകാല വായ്പയെടുക്കാന്‍ ധനകാര്യ വകുപ്പിന്റെ പച്ചക്കൊടി

3തിരുവനന്തപുരം: നിലവിലെ ബാധ്യതകളില്‍ നിന്നു കരകയറുന്നതിനായി 3350 കോടിയുടെ ദീര്‍ഘകാല വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് ധനവകുപ്പിന്റെ പച്ചക്കൊടി. എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു വായ്പയെടുക്കാനാണ് അനുമതി നല്‍കിയത്. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാവും. വരവും ചെലവും ക്രമപ്പെടുന്ന കാലയളവുവരെ സാമ്പത്തിക സഹായം നല്‍കാമെന്നും ധനവകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ കഴിഞ്ഞ ആഗസ്തിലാണ് ദീര്‍ഘകാല വായ്പയ്ക്കായി കോര്‍പറേഷന്‍ ധനവകുപ്പിനെ സമീപിച്ചത്. പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമുള്ള കെഎസ്ആര്‍ടിസി മൂന്നര കോടി രൂപയാണ് വായ്പാ തിരിച്ചടവിനു നീക്കിവയ്ക്കുന്നത്. കെടിഡിഎഫ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നു 10 മുതല്‍ 16 ശതമാനം വരെ പലിശനിരക്കില്‍ വായ്പയെടുത്ത 3261.45 കോടിയുടെ തിരിച്ചടവിനാണ് ഇത്രയും തുക വിനിയോഗിക്കുന്നത്. പലിശ കുറഞ്ഞ ദീര്‍ഘകാല വായ്പയെടുത്ത് നിലവിലെ വായ്പകള്‍ ഒഴിവാക്കുകയെന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘകാല ആവശ്യത്തിനു പുതിയ തീരുമാനം വഴി പരിഹാരമാവും. എല്ലാ ചെറുകിട വായ്പകളും തീര്‍ത്ത് പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ് 3350 കോടി രൂപ വായ്പയെടുക്കുന്നത്. 20 വര്‍ഷത്തെ വായ്പയ്ക്ക് പരമാവധി 9 ശതമാനമേ പലിശയുണ്ടാവൂ. പലിശ കുറഞ്ഞ ഒറ്റ വായ്പാ തിരിച്ചടവായി മാറുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിദിന വരുമാനത്തില്‍ നിന്നു നീക്കിവയ്‌ക്കേണ്ട തുക 1.8 കോടി രൂപയായി കുറയുകയും ചെയ്യും. ചെറുകിട വായ്പകള്‍ തീര്‍ന്ന ശേഷം ബാക്കിവരുന്ന പണം ശമ്പളം നല്‍കാനുള്ള കരുതല്‍ ഫണ്ടായും ഉപയോഗിക്കാനാവും. ഒരു മാസം ശരാശരി 60 കോടി രൂപ വരെ കോര്‍പറേഷനു ലാഭിക്കാനാവും. ഈ തുകയിലൂടെ പ്രതിമാസം 90 ശതമാനം ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനും സാധിക്കും. രണ്ടു വര്‍ഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ച് പ്രവര്‍ത്തനലാഭത്തിലേക്കു വരണമെന്നതാണ് വായ്പ നല്‍കുന്നതിനു ബാങ്കുകള്‍ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിബന്ധന. വേറെ വായ്പയെടുക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ വ്യവസ്ഥകള്‍ ശരിവച്ചാണ് ധനവകുപ്പ് വായ്പയെടുക്കാന്‍ പച്ചക്കൊടി കാട്ടിയത്.  അടുത്ത മന്ത്രിസഭാ യോഗം ധനവകുപ്പിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കും.
Next Story

RELATED STORIES

Share it