എസ്എഫ്‌ഐ ബഹിഷ്‌കരിച്ചിട്ടും സി സോണില്‍ പൊന്നാനി എംഇഎസിന്റെ സജീവ സാന്നിധ്യം പൊന്നാനി: എസ്എഫ്‌ഐ ബഹിഷ്‌കരിച്ചിട്ടും പൊന്നാനി എംഇഎസിന് കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തില്‍ മികച്ച നേട്ടം. പോയന്റ് നിലയില്‍ എട്ടാം സ്ഥാനമാണ് എംഇഎസ് നേടിയത് ഹൈക്കോടതി വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്ക് ഭൂരിപക്ഷമുള്ള പൊന്നാനി കോളജില്‍ ഈ വര്‍ഷം  തിരഞ്ഞെടുപ്പും  സ്റ്റുഡന്റ്‌സ് യൂനിയനും ഉണ്ടായിരുന്നില്ല. പക്ഷെ കോളജിലെ യുവജനോല്‍സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ എല്ലാ ക്ലാസ്സുകളില്‍ നിന്നും രണ്ട് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും കോളജിലെ യുവജനോല്‍സവം നല്ല രീതിയില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിന്നു വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്താന്‍ എസ്എഫ്‌ഐ  ശ്രമിച്ചിരുന്നു. അതേസമയം  മാനേജ്‌മെന്റും അധ്യാപകരും ഒന്നിച്ചുനിന്നതോടെ രാഷ്ട്രീയം മാറ്റിവച്ച് വിദ്യാര്‍ഥികള്‍ കലാമല്‍സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. നാടകം, ഒപ്പന, വട്ടപ്പാട്ട്, തിരുവാതിര, മാര്‍ഗം കളി, സംഘനൃത്തം ഉള്‍പ്പെടെ ചില മല്‍സരങ്ങളില്‍ നിന്നു  പിന്‍മാറിയെങ്കിലും മറ്റിനങ്ങളില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ക്കായി. അതേസമയം സിസോണ്‍ കലോല്‍സവത്തില്‍ കോളജിന്റെ പേര് നല്‍കാതെയാണ് സര്‍വകലാശാല സ്റ്റുഡന്റ്‌സ്  യൂനിയന്‍  പോയിന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എസ്എഫ്‌ഐ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് അധ്യാപകരുടെ പരാതി. ആദ്യാവസാനം അപ്പീല്‍സ് എന്ന പേര് നല്‍കിയാണ് കോളജിന്റെ  പേര് പുറത്തുവരാതാരിക്കാന്‍ പൊന്നാനിയിലെ എസ്എഫ്‌ഐ സംഘടന ശ്രമിച്ചതെന്നും ഇവര്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top