മഞ്ചേരി നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണ- പ്രതിപക്ഷ ബഹളംമഞ്ചേരി: പദ്ധതി നടത്തിപ്പില്‍ ഭരണ സമിതി സ്വീകരിക്കുന്ന നിരുത്തരവാദ നടപടികള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നത് മഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. വിദ്യാലയത്തിന് ഭൂമി വാങ്ങുന്നതിനേയും മുട്ടക്കോഴി വിതരണത്തിന് കരാര്‍ നല്‍കിയതിനേയും ചോദ്യം ചെയ്ത് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തു വരികയായിരുന്നു. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പ് കണക്കിലെടുക്കാതെ യോഗം അജണ്ടകള്‍ പാസാക്കി. വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ കോഴിക്കുഞ്ഞുങ്ങളെ മോങ്ങത്തുള്ള സ്വകാര്യനഴ്‌സറിയില്‍ നിന്നും 20 ലക്ഷം രൂപ നല്കി  വാങ്ങാനായിരുന്നു തീരുമാനം. ക്വട്ടേഷന്‍ ക്ഷണിക്കാതെ ഒരുവ്യക്തിക്ക് കരാര്‍ നല്കുന്നതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ഭരണ പക്ഷം എതിര്‍ത്തതോടെ ബഹളമാരംഭിച്ചു.തുടര്‍ന്നു പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. കിഴക്കേത്തല യുപി സ്‌കൂളിന് 90 സെന്റ് സ്ഥലം വാങ്ങാനുളള തീരുമാനവും തര്‍ക്കത്തിനിടയാക്കി. സെന്റിനു മൂന്നുലക്ഷം രൂപ നല്‍കാനാണ് തീരുമാനം. എന്നാല്‍ ഈ ഭൂമി വില്ലേജ് ഓഫിസില്‍ നിന്നുള്ള കരടു ഡാറ്റാ ബാങ്കിലുള്‍പ്പെട്ട കൃഷിഭൂമിയാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. വില്ലേജ് ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാമെന്ന് ഭരണപക്ഷം തീരുമാനിച്ചതും പ്രതിഷേധം ശക്തമാക്കി.കച്ചേരിപ്പടിപളളിക്ക് സമീപം പൊതുകിണറിന്റെ പരിസരം ഇന്റര്‍ലോക്ക് പതിക്കാന്‍ സ്വകാര്യവ്യക്തിക്ക് അനുമതി നല്കണമെന്ന അജണ്ടയിലും പ്രതിപക്ഷം പ്രതിഷേധവുമായെത്തി. മാലിന്യം തളളുന്നത് തടയാനെന്ന കാരണം പറഞ്ഞ് പദ്ധതിക്ക് ഭരണപക്ഷ പിന്തുണയോടെ പദ്ധതിക്ക് അനുമതി നല്‍കി. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ നഗരസഭയില്‍ അഴിമതിക്ക് വഴിയൊരുക്കുകയാണ് ഭരണ നേതൃത്വമെന്ന് പ്രതിപക്ഷം ആരോപിച്ചു. ചെയര്‍പേഴ്‌സണ്‍ വി എം സുബൈദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

RELATED STORIES

Share it
Top