ആരോഗ്യ വകുപ്പിന്റെ 2017ലെ കായകല്‍പ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുതിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ 2017ലെ കായകല്‍പ അവാര്‍ഡ് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജില്ലാ ആശുപത്രികളായ തിരൂരും കാഞ്ഞങ്ങാടും പങ്കിട്ടു.ജില്ലാതല പ്രോല്‍സാഹന സമ്മാനങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആലപ്പുഴ, ജനറല്‍ ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി ആലുവ, ജില്ലാ ആശുപത്രി തൊടുപുഴ എന്നിവ കരസ്ഥമാക്കി. 50 ലക്ഷമാണ് ഒന്നാം സമ്മാനം നേടിയ ആശുപത്രിക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷവും പ്രോല്‍സാഹന സമ്മാനജേതാക്കള്‍ക്ക് മൂന്നു ലക്ഷം വീതവും ലഭിക്കും. താലൂക്കുതല അവാര്‍ഡ് തുകയായ 15 ലക്ഷം രൂപ പുനലൂര്‍ താലൂക്ക് ആശുപത്രി കരസ്ഥമാക്കി. താലൂക്ക് തലത്തിലെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ താമരശ്ശേരി താലൂക്ക് ആശുപത്രിയും കരസ്ഥമാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച സിഎച്ച്‌സികള്‍ക്കുള്ള കായകല്‍പ പുരസ്‌കാരം( 3 ലക്ഷം) പനത്തടി സിഎച്ച്‌സി കാസര്‍കോട് കരസ്ഥമാക്കി. അര്‍ബന്‍ പിഎച്ച്‌സികളില്‍ തൃശൂര്‍ ജില്ലയിലെ ഗോസായിക്കുന്ന് ഒന്നാം സ്ഥാനവും( 2 ലക്ഷം) കോഴിക്കോട് ജില്ലയിലെ കല്ലുനിറ രണ്ടാം സ്ഥാനവും(1.5 ലക്ഷം) വയനാട് ജില്ലയിലെ കല്‍പറ്റ മൂന്നാം സ്ഥാനവും( 1 ലക്ഷം) കരസ്ഥമാക്കി. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കിവരുന്നതാണ് കായകല്‍പ അവാര്‍ഡ്.

RELATED STORIES

Share it
Top