സേവ് പുല്ലകയാര്‍ പദ്ധതിയില്‍ വിദ്യാര്‍ഥികളും കൂട്ടിക്കല്‍: പുല്ലകയാറിനെ സംരക്ഷിക്കാനുള്ള അതിജീവന പദ്ധതിയായ സേവ് പുല്ലകയാര്‍ പദ്ധതിക്കു പിന്തുണയുമായി വിദ്യാര്‍ഥികളും രംഗത്തെത്തി. തീക്കോയി സെന്റ് മേരീസ് എച്ച്എച്ച്എസിലെ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണു പുല്ലകയാറിന്റെ ഒഴുക്കിനു തടസ്സമായി നിന്ന മാലിന്യങ്ങള്‍ മാറ്റിയും കാടുകള്‍ വെട്ടിത്തെള്ളിച്ചും വൃത്തിയാക്കിയത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കു പിന്തുണയുമായി വിദ്യാര്‍ഥികള്‍ എത്തുകയായിരുന്നു. ഇവര്‍ക്കു പിന്തുണയുമായി കൂട്ടിക്കല്‍ ടൗണ്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ഒപ്പം ചേര്‍ന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.രണ്ടാംഘട്ടത്തില്‍ പുല്ലകയാറിന്റെ തീരം വൃത്തിയാക്കുകയും 4000ത്തോളം വീടുകള്‍ കയറി നദീ സംരക്ഷണത്തിന്റെ പ്രധാന്യം അറിയിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലായി നടത്തിയ മുന്നാംഘട്ട പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ പുല്ലകയാറിന്റെ കൂട്ടിക്കല്‍ ഭാഗം ശുചീകരിച്ചു. വേനലില്‍ വെള്ളം വറ്റുന്നതു തടയാനായി രണ്ടു ഭാഗങ്ങളില്‍ തടയണകളും വിദ്യാര്‍ഥികള്‍ നിര്‍മിച്ചു. പദ്ധതിയുടെ നാലാം ഘട്ടമായി അടുത്ത മാസം ഏന്തയാര്‍ ജെജെ മര്‍ഫി മെമ്മോറിയല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുല്ലകയാറിന്റെ ഏന്തയാര്‍ ഭാഗം ശുചികരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ആന്റണി കടപ്ലാക്കല്‍,സുഷമാ സാബു, കെ ആര്‍ രാജി, ബാലകൃഷ്ണന്‍നായര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ജോര്‍ജുകുട്ടി, പഞ്ചായത്ത് സെക്രട്ടറി സി എസ് നാസര്‍ കൂട്ടിക്കല്‍ കുടിവെള്ളപദ്ധതി ഭാരവാഹികളായ എ കെ ഭാസി, അബ്ദുല്‍സലാം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top