312 രൂപയുടെ കേസില്‍ വിധി 41 വര്‍ഷത്തിനുശേഷം

മീര്‍സാപൂര്‍ (യുപി): മരണം വരെ ഗംഗാദേവി ഒരു പോരാളിയായിരുന്നു. 1975ല്‍ ഒരു തര്‍ക്കത്തെ തുടര്‍ന്ന് തന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ മീര്‍സാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയപ്പോ ള്‍ അതിനെതിരേ ശക്തമായി നിലകൊണ്ടു. 37കാരിയായ അവര്‍ ഉത്തരവിനെതിരേ സിവില്‍ കോടതിയെ സമീപിക്കുകയും രണ്ടു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 1977ല്‍ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. പക്ഷേ, യഥാര്‍ഥ പോരാട്ടം തുടങ്ങാനിരിക്കുന്നേയുള്ളൂ എന്ന കാര്യം ഗംഗാദേവി അറിഞ്ഞില്ല.
വിചാരണാവേളയില്‍ കോടതിച്ചെലവെന്ന രീതിയില്‍ 312 രൂപ അടയ്ക്കാന്‍ ജില്ലാ ജഡ്ജി ആവശ്യപ്പെടുകയും അവര്‍ അടയ്ക്കുകയും ചെയ്തു. പക്ഷേ, അനുകൂല വിധി നേടിയ ശേഷമാണ് കോടതി ഫീസ് അടച്ച രസീത് നഷ്ടപ്പെട്ട കാര്യം ആരുടെയോ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് ആ നഷ്ടമായ രസീതിനു മേലുള്ള 41 വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനാണ് നാന്ദികുറിച്ചത്. താ ന്‍ ഫീസൊടുക്കിയെന്ന നിലപാടില്‍ മരണം വരെ ശക്തിയുക്തം ഗംഗാദേവി ഉറച്ചുനിന്നു. 1975ലെ കേസി ല്‍ ഈ ആഗസ്ത് 31ന് മീര്‍സാപൂര്‍ സിവില്‍ ജഡ്ജി ലൗലി ജയ്‌സ്വാള്‍ ഗംഗാദേവിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചപ്പോള്‍ ചരിത്രത്തിനു സാക്ഷിയാവാന്‍ അവ ര്‍ ഉണ്ടായിരുന്നില്ല. നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ 2005ല്‍ അവര്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു.
താന്‍ 1975ല്‍ തുടങ്ങിവച്ച കേസിന് ഒരു ശുഭപര്യവസാനം ഉണ്ടാവുമോയെന്ന് ഗംഗാദേവിക്ക് ഉറപ്പില്ലായിരുന്നു. കാരണം, 11 ജഡ്ജിമാര്‍ മാറിവന്നിട്ടും അവരൊന്നുംതന്നെ ഗംഗാദേവിയുടെ അപേക്ഷ മുഖവിലയ്‌ക്കെടുത്തില്ല. അവസാനം സീനിയര്‍ സിവില്‍ ജഡ്ജി ലൗലി ജയ്‌സ്വാള്‍ ഗംഗാദേവിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുമ്പോള്‍ മരണശേഷമാണെങ്കിലും തന്റെ ഉറച്ച നിലപാടിനാല്‍ ഗംഗാദേവി ശ്രദ്ധിക്കപ്പെെട്ടന്നു നമുക്ക് പ്രത്യാശിക്കാം.

RELATED STORIES

Share it
Top