307 ഇടങ്ങളില്‍ മണ്ണിടിഞ്ഞു; ആകെ നഷ്ടം 23.25 കോടി

കല്‍പ്പറ്റ: വടക്കേവയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ കാലവര്‍ഷത്തിനിടെ മണ്ണിടിഞ്ഞത് 307 ഇടങ്ങളില്‍. തലപ്പുഴ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും നടത്തിയ സമഗ്ര സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വന്‍തോതിലുള്ള 78ഉം ചെറിയതോതിലുള്ള 229ഉം മണ്ണിടിച്ചിലാണ് പഞ്ചായത്തിലുണ്ടായത്. വട്ടേലി വാര്‍ഡിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞത്.
ഇവിടെ എട്ടിടങ്ങളില്‍ വലതും 56 സ്ഥലങ്ങളില്‍ ചെറുതുമായ മണ്ണിടിച്ചില്‍ ഉണ്ടായതായി സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു. തലപ്പുഴ വാര്‍ഡില്‍ വലിയ 11ഉം ചെറിയ 32ഉം മണ്ണിടിച്ചില്‍ ഉണ്ടായി. പഞ്ചായത്തില്‍ 19 ഏക്കര്‍ സ്ഥലം പൂര്‍ണമായും 16 ഏക്കര്‍ ഭാഗികമായും കൃഷിക്കും വാസത്തിനും യോജിച്ചതല്ലായി. ഇടിക്കര വാര്‍ഡിലാണ് ഭൂമി കൂടുതലും നശിച്ചത്. ഒമ്പത് ഏക്കര്‍ പൂര്‍ണമായും 14 ഏക്കര്‍ ഭാഗികമായും നശിച്ചു.
പ്രധാനപ്പെട്ടതടക്കം 59 റോഡുകള്‍ പൂര്‍ണമായും 125 പാതകള്‍ ഭാഗികമായും തകര്‍ന്നു. ഇടിക്കര വാര്‍ഡില്‍ മാത്രം 10 റോഡുകള്‍ പൂര്‍ണമായും 50 വഴികള്‍ ഭാഗികമായും തകര്‍ന്നതായി സര്‍വേയില്‍ വ്യക്തമായി. ആലാറ്റില്‍ വാര്‍ഡില്‍ 11 റോഡുകള്‍ പൂര്‍ണമായും അഞ്ചെണ്ണം ഭാഗികമായും സഞ്ചാരയോഗ്യമല്ലാതായി.
പഞ്ചായത്തിലാകെ 95 വീടുകള്‍ പൂര്‍ണമായും 475 എണ്ണം ഭാഗികമായും തകര്‍ന്നു. താഴെ പേരിയ വാര്‍ഡില്‍ 751, പേരിയയില്‍ 20, വള്ളിത്തോട് 13, വരയാല്‍ 515, തവിഞ്ഞാല്‍ 44ല്‍ 115, കൈതക്കൊല്ലി 316, പുതിയിടം 45, തലപ്പുഴ 1565, ഇടിക്കര75, അമ്പലക്കൊല്ലി 20, മുത്തുമാരി 441, പോരൂര്‍ 113, പുത്തൂര്‍ 12, കാട്ടിമൂല 59, കൊല്ലങ്കോട് 619, ചുള്ളി 313, വാളാട് 216, എടത്തന 621, കാരച്ചാല്‍ 221, ഇരുമനത്തൂര്‍ 13, വട്ടേലി 1382, ആലാറ്റില്‍ 542 എന്നിങ്ങനെയാണ് യഥാക്രമം പൂര്‍ണമായും ഭാഗികമായും നശിച്ച വീടുകളുടെ എണ്ണം.
22 വാര്‍ഡുകളിലുമായി 90 കിണറുകള്‍ പൂര്‍ണമായും 100 കിണറുകള്‍ ഭാഗികമായും നശിച്ചു. ഇടിക്കര വാര്‍ഡില്‍ 40 കിണറുകള്‍ പൂര്‍ണമായും 17 എണ്ണം ഭാഗികമായും ഉപയോഗത്തിനു പറ്റാതായി. വട്ടേലി വാര്‍ഡില്‍ ആറു കിണറുകള്‍ പൂര്‍ണമായും 21 എണ്ണം ഭാഗികമായും നശിച്ചു. നാല്‍പ്പത്തിമൂന്നു വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍ മുഴുവനായും 19 കുട്ടികളുടേത് ഭാഗികമായും നശിച്ചു.
വഴികള്‍ തകര്‍ന്ന് 51,55,400ഉം വീടുകള്‍ നശിച്ച് 5,51,39,677ഉം വീട്ടുപകരണങ്ങള്‍ തകരാറിലായി 35,16,394ഉം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നശിച്ച് 39,18,250ഉം കിണറുകള്‍ തകര്‍ന്ന് 19,17,250ഉം വസ്ത്രങ്ങള്‍ നശിച്ച് 11,45,500ഉം വാഹനങ്ങള്‍ കേടായി 17,61,000ഉം പഠനോപകരണങ്ങള്‍ നശിച്ച് 2,92,700ഉം ഭൂമി നശിച്ച് 8,21,05,000ഉം കൃഷി നശിച്ച് 6,34,98,350ഉം മണ്ണിടിച്ചില്‍ മൂലം 1,17,37,500ഉം വളര്‍ത്തുജീവികളും ഓമനമൃഗങ്ങളും ചത്ത് 5,73,500ഉം മറ്റിനങ്ങളില്‍ 28,28,700ഉം രൂപയുടെ നഷ്ടം പഞ്ചായത്തിലുണ്ടായി. ആകെ 23,25,89,311 രൂപയുടെ നഷ്ടമാണ് വിദ്യാര്‍ഥികള്‍ കണക്കാക്കിയത്.
അധ്യാപകരും വിദ്യാര്‍ഥികളുമടക്കം എഴുപത്തഞ്ചോളം പേര്‍ ഏകദേശം 1,200 മണിക്കൂറെടുത്താണ് സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നു കോളജിലെ ഫഌഡ് റിലീഫ് സെല്‍ മേധാവി ടി ജ്യോതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സര്‍വേ റിപോര്‍ട്ട് പഞ്ചായത്തിനു കൈമാറിയത്.

RELATED STORIES

Share it
Top