300 ടണ്‍ അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചു

ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളഹൗസിലെത്തിച്ച 300 ടണ്‍ അവശ്യസാധനങ്ങള്‍ റെയില്‍മാര്‍ഗം കേരളത്തിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെ 11.40ന് പുറപ്പെട്ട പ്രത്യേക ചരക്ക് വണ്ടിയുടെ 16 ബോഗികളിലായാണ് സാധനങ്ങള്‍ അയച്ചത്. ഇവ ബുധനാഴ്ച പാലക്കാട് എത്തും. പാലക്കാട് കലക്ടര്‍ ഏറ്റുവാങ്ങും. ട്രാവന്‍കൂര്‍ ഹൗസിലെ സംഭരണ കേന്ദ്രത്തില്‍ സമാഹരിച്ച വസ്തുക്കള്‍ ഇനം തിരിച്ച് പായ്ക്ക് ചെയ്തിരുന്നു. തുണി, ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ശുചീകരണ വസ്തുക്കള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. സിആര്‍പിഎഫിന്റെ 29 ട്രക്കുകളില്‍ ഇവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. സാധനങ്ങള്‍ അയക്കുന്നതിന് റെയില്‍വേ സൗജന്യം അനുവദിച്ചിരുന്നു.ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ വിതരണവേളയില്‍ കേരളഹൗസില്‍ കണ്ടത് നിശ്ശബ്ദ വിപ്ലവമാണെന്നു കേരളഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ പറഞ്ഞു. കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റി അയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ജീവനക്കാരെയും വിദ്യാര്‍ഥികളെയും അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധനങ്ങളെ ഇനം തിരിച്ച് പായ്ക്ക് ചെയ്യുന്നതിനും മറ്റും കൃത്യമായ ആസൂത്രണം ആവശ്യമായിരുന്നു. കേരളഹൗസിലെ ജീവനക്കാരുടെ എണ്ണം ഇത്തരമൊരു അപ്രതീക്ഷിത സാഹചര്യം നേരിടുന്നതിന് പര്യാപ്തമായിരുന്നില്ല. എങ്കിലും ദൈനംദിന ജോലികള്‍ക്കു പുറമേ അവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്ന കാഴ്ചയാണ് കണ്ടത്. ഇന്നോളം കാണാത്ത, സ്‌നേഹം കൊണ്ട് സൃഷ്ടിക്കപ്പെട്ട നിശ്ശബ്ദമായ ഒരു വിപ്ലവം ഉടലെടുക്കുകയായിരുന്നുവെന്നും പുനീത് കുമാര്‍ പറഞ്ഞു. കണ്‍ട്രോളര്‍ ജോര്‍ജ് മാത്യു, പ്രോട്ടോകോള്‍ ഓഫിസര്‍ എം സലിം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റസിഡന്റ് കമ്മീഷണറെ സഹായിച്ച കേന്ദ്ര സര്‍വീസിലെ അസി. സെക്രട്ടറിമാര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it