30 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം; പേരമ്മച്ചിയുടെ വീട്ടിലും വൈദ്യുതിയെത്തിചങ്ങനാശ്ശേരി: നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചങ്ങനാശ്ശേരി മാടപ്പള്ളി മാമ്മൂട് വിത്തരിക്കുന്ന് കോളനിയില്‍ വലിയപറമ്പില്‍ പേരമ്മച്ചി എന്നു നാട്ടുകാര്‍ വിളിക്കുന്ന തങ്കമ്മ ത്രേ്യസ്യായുടെ വീട്ടില്‍ വൈദ്യുതി വെളിച്ചമെത്തി. എല്ലാവര്‍ക്കും വെളിച്ചമെന്ന സര്‍ക്കാര്‍ പദ്ധതി അനുസരിച്ച് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കെഎസ്ഇബി തെങ്ങണാ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ എത്തി  ഒന്നരപോയിന്റിന്റെ കണക്ഷന്‍ നല്‍കിയത്.  വില്ലേജിലും കെഎസ്ഇബി തെങ്ങണാ ഓഫിസിലും അപേക്ഷ നല്‍കി രണ്ടു ദിവസങ്ങള്‍ക്കുള്ളിലാണ് കണക്ഷന്‍ ലഭിച്ചതെന്ന പ്രത്യേകതയും ഉണ്ട്. ഭര്‍ത്താവു മരിച്ച ഇവര്‍ക്കു മൂന്നു പെണ്‍മക്കളാണുള്ളത്. ഇതില്‍ ഇളയമകളായ കുഞ്ഞുമോളുടെ പേരിലായിരുന്നു ഇപ്പോള്‍ താമസിക്കുന്ന നാലു സെന്റ് സ്ഥലവും വീടും. ഈ മകള്‍ മരണടഞ്ഞതോടെ ഈ വീടും കാണിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മുമ്പ് വൈദ്യുതി കണക്ഷനായി അപേക്ഷ സമര്‍പ്പിച്ചിരുന്നങ്കിലും സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചിരുന്നു. എന്നാല്‍ പിന്നീട് വൈദ്യുതി ലഭിക്കുന്നതിനായി നീക്കവും നടത്തിയില്ല. തുടര്‍ന്ന് മണ്ണെണ്ണ വെളിച്ചത്തിലായിരുന്നു രാത്രികാലങ്ങള്‍ ഇവര്‍ കഴിച്ചുകൂട്ടിയിരുന്നത്്. എന്നാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന പ്രഖ്യാപനം അറിഞ്ഞതോടെ ആരെയും ആശ്രയിക്കാതെ വീട്ടില്‍ വെളിച്ചം എത്തിയതിന്റെ സന്തോഷത്തിലാണ് പേരമ്മച്ചി.

RELATED STORIES

Share it
Top