30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനം

ന്യൂയോര്‍ക്ക്: റഷ്യന്‍ പിന്തുണയോടെ പ്രസിഡന്റ്് ബശ്ശാറുല്‍ അസദിന്റെ സൈന്യം കിഴക്കന്‍ ഗൂത്തയില്‍ രക്തരൂഷിത ആക്രമം നടത്തുന്ന സാഹചര്യത്തില്‍ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. താമസംകൂടാതെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ ആയിരക്കണക്കിനു പേര്‍ക്ക് മതിയായ ചികില്‍സ നല്‍കാനും പ്രദേശത്തേക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിക്കാനുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മാര്‍ക്് ലൗകോക്ക്്് സ്വാഗതം ചെയ്തു. പ്രഖ്യാപനം ഉടന്‍ പ്രബല്യത്തില്‍ വരുത്തണം. യുദ്ധവിരാമം യാഥാര്‍ഥ്യമായിരിക്കണമെന്നും ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയുടെ എതിര്‍പ്പ് കാരണം രക്ഷാസമിതിയില്‍ പ്രമേയം പാസാക്കുന്നത്് നീണ്ടുപോവുകയായിരുന്നു. ദിവസങ്ങളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്. കുവൈത്തും സ്വീഡനുമാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്്്.
പ്രമേയത്തിലെ വാക്കുകളെ ചൊല്ലിയായിരുന്നു റഷ്യയുടെ എതിര്‍പ്പ്. “ഉടനെ’ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയത്തിലെ വാക്കുകള്‍ ‘താമസം കൂടാതെ’ വെടിനിര്‍ത്തല്‍ വേണമെന്നാക്കിയാണ് പ്രമേയം പാസാക്കിയത്്. 72 മണിക്കൂറിനകം വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ്് പ്രമേയം ശുപാര്‍ശ ചെയ്യുന്നത്്.
റഷ്യയുടെ നിലപാട് മൂലം തീരുമാനം വൈകിക്കേണ്ടിവന്നതിനെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ വിമര്‍ശിച്ചു. പ്രമേയത്തിലെ ഏതാനും വാക്കുകളും കോമകളും മാറിയതല്ലാതെ ഉള്ളടക്കത്തില്‍ കാര്യമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. അതേസമയം, പ്രമേയം വൈകിയ ഓരോ മിനിറ്റും സിറിയയിലെ ജനങ്ങളുടെ ദുരിതം ഏറിവരുകയായിരുന്നുവെന്നും യുഎസ് അംബാസഡര്‍ കുറ്റപ്പെടുത്തി.
രക്ഷാസമിതി പ്രമേയം വോട്ടിനിട്ട് പാസാക്കി മിനിറ്റുകള്‍ക്കകം സിറിയന്‍ യുദ്ധ വിമാനങ്ങള്‍ വിമതകേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിയതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഫെബ്രുവരി 18നാണ് കിഴക്കന്‍ ഗൂത്തയ്‌ക്കെതിരേ പുതിയ വ്യോമാക്രമണത്തിന് സര്‍ക്കാര്‍ സൈന്യം തുടക്കം കുറിച്ചത്. ആക്രമണങ്ങളില്‍ ഇതിനകം  127 കുട്ടികളക്കം 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വിമത നിയന്ത്രണത്തിലുള്ള മേഖലയില്‍ 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

RELATED STORIES

Share it
Top