30 വര്‍ഷമായി ഡെപ്യൂട്ടി കലക്ടര്‍; പ്രമോഷനില്ലാതെ മുരളീധരന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ 30 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടും പ്രമോഷന്‍ തടഞ്ഞുവച്ചും മാനസികമായി പീഡിപ്പിച്ചും അധികാരികള്‍ തന്റെ മകനു നീതി നിഷേധിക്കുകയാണെന്ന് മാതാവ്. തൃശൂര്‍ ജില്ലയില്‍ ഡെപ്യൂട്ടി കലക്ടറായി (ഇലക്ഷന്‍) ജോലിചെയ്യുന്ന കെ വി മുരളീധരന് വേണ്ടി മാതാവ് റിട്ട. ഹെഡ്മിസ്ട്രസ് എം കെ ലീലയാണ് മാധ്യമങ്ങളെ കണ്ടത്.1987ല്‍ ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയില്‍ റാങ്കോടെ നിയമനം ലഭിക്കുമ്പോള്‍ കെ വി മുരളീധരന് 23 വയസ്സായിരുന്നു. ഇന്ന് 53 വയസ്സ് പിന്നിടുമ്പോള്‍, ഒപ്പമുണ്ടായിരുന്നവരും പിന്നാലെയെത്തിയവരും ഐഎഎസുകാരായി മാറിയെങ്കിലും ഇദ്ദേഹം ഡെപ്യൂട്ടി കലക്ടറായി തുടരുകയാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടുവെന്നതും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതുമാണ് മകന്റെ ദുരിതങ്ങള്‍ക്ക് കാരണമെന്ന് എം കെ ലീല പറയുന്നു. മകനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതിന് ഉന്നതതലങ്ങളില്‍ വരെ ഗൂഢാലോചന നടന്നു. മുഖ്യമന്ത്രി അട്ടപ്പാടിയില്‍ ചെന്നപ്പോള്‍ നേരില്‍ കണ്ടില്ലെന്നു പറഞ്ഞായിരുന്നു ഒരു സസ്‌പെന്‍ഷന്‍. മുരളീധരന് പ്രമോഷന്‍ നല്‍കണമെന്ന് ഹൈക്കോടതി, നാഷനല്‍ കമ്മീഷന്‍ ഫോര്‍ എസ്‌സി, കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ എസ്‌സി എന്നിവയുടെ ഉത്തരവുണ്ടായിരുന്നു. ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഡെപ്യൂട്ടി കലക്ടറായി നിയമനം ലഭിച്ച് എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഐഎഎസിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് ശേഷമുള്ള 100ഓളം പേര്‍ക്കാണ് ഐഎഎസ് നല്‍കിയത്. ഇവരില്‍ അനര്‍ഹരായ 12 പേരില്‍ നിന്ന് രണ്ടു കോടി രൂപ വീതം കോഴയായി വാങ്ങിയിട്ടുണ്ടെന്നും എം കെ ലീല ആരോപിക്കുന്നു. സംസ്ഥാന സര്‍വീസില്‍ നിന്ന് ഐഎഎസിലേക്ക് സെലക്ഷന്‍ ലഭിച്ചവരില്‍ ഭൂരിപക്ഷവും വിജിലന്‍സ് കേസ് നേരിടുന്നവരായിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവയൊക്കെ സമയബന്ധിതമായി തീര്‍പ്പാക്കി. എന്നാല്‍ മുരളീധരന്റെ വിഷയത്തില്‍ എതിര്‍നിലപാടാണ് സ്വീകരിച്ചത്. മുരളീധരനെതിരായ അച്ചടക്കനടപടികള്‍ നാലുമാസത്തിനകം തീര്‍ക്കണമെന്ന് 2008ല്‍ ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇടുക്കി ഹൗസിങ് ഡെപ്യൂട്ടി കലക്ടറായിരിക്കേ  വിജിലന്‍സ് കേസെടുത്തിരുന്നു. എഫ്‌ഐആര്‍ പോലും നല്‍കാനാവാതെ 15 വര്‍ഷത്തിനു ശേഷം കേസ് പിന്‍വലിച്ചു. അതുവരെയും ഈ കേസ് ചൂണ്ടിക്കാണിച്ചായിരുന്നു ഐഎഎസ് സെലക്ഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.  പിഎഫ് പോലും മരവിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ വിവരങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it