30ന് മുന്‍തീരുമാന പ്രകാരമുള്ള റാലി നടത്തും; അനുമതി നിഷേധിച്ച സംഭവം അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നത്: എസ്ഡിപിഐ

കോഴിക്കോട്: കഠ്‌വ ബാലികയുടെ പൈശാചിക കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നേതൃത്വത്തില്‍ 30ന് നടത്താനിരുന്ന ബഹുജന റാലിക്കും മഹാസമ്മേളനത്തിനും അനുമതി നിഷേധിച്ച പോലിസ് നടപടി അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പോലിസ് നടപടി അംഗീകരിക്കാനാവില്ലെന്നും, 30ന് മുന്‍തീരുമാനപ്രകാരമുള്ള റാലി നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടി എസ്ഡിപിഐയുടെ റാലിയും പൊതുയോഗവും തടയുന്നതിനായിരുന്നു എന്ന സംശയം അന്നേ ഉണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോഴുണ്ടായ പോലിസ് നടപടി. വര്‍ഗീയമുന്‍വിധികള്‍ വച്ചാണ് പോലിസും സിപിഎമ്മും പ്രവര്‍ത്തിച്ചുവരുന്നത്. 16ന് നടന്ന ഹര്‍ത്താല്‍ എസ്ഡിപിഐയുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു.
ഈ ശ്രമം പരാജയപ്പെട്ടതോടെ സകല ജനാധിപത്യ മൂല്യങ്ങളെയും അവഗണിച്ച് പോലിസ്‌രാജ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഹര്‍ത്താലിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കഠ്‌വ സംഭവത്തില്‍ പ്രതിഷേധിക്കാനുള്ള  എസ്ഡിപിഐയുടെ അവകാശം നിഷേധിക്കാനുള്ള കാരണം പോലിസ് വ്യക്തമാക്കണം. എസ്ഡിപിഐക്ക് അനുമതി നിഷേധിക്കുമ്പോള്‍ത്തന്നെ ഡിവൈഎഫ്‌ഐ, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ക്ക് സമ്മേളനവും പ്രകടനവും നടത്താന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍എസ്എസിനെതിരേ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന നിലയിലാണ് കേസെടുത്തത്. ആര്‍എസ്എസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നുമുതലാണ് ഹിന്ദുവിരുദ്ധമായത്. അറസ്റ്റിലായ പലരുടെയും പേരില്‍ പോക്‌സോ ചുമത്തിയിട്ടുണ്ട്.
എന്നാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും ബാനറില്‍ പ്രദര്‍ശിപ്പിച്ച് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിലും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അതിനെതിരെയും നടപടിയുണ്ടായില്ല. ഇത് വിവേചനമാണ്. ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ മാത്രല്ല കണ്ടുനിന്നവരെ പോലും അറസ്റ്റ് ചെയ്തു. ഹര്‍ത്താലില്‍ പങ്കെടുത്തതിന് രണ്ടായിരത്തിലധികം പേര്‍ക്കെതിരേ കേസ് എടുത്ത നടപടി ആദ്യമാണ്. താനൂരില്‍ മുസ്‌ലിം വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള 13 സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയത് മന്ത്രി കെ ടി ജലീലാണ്. മന്ത്രിയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ ജനങ്ങളെ നാണംകെടുത്തിയ ആക്രമണത്തിന് പിന്നിലുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ടയ്ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യ നിഷേധത്തിനുമെതിരേ ഈ മാസം 30ന് കോഴിക്കോട് ഒഴികെയുള്ള ജില്ലാ പോലിസ് സൂപ്രണ്ട് ഓഫിസുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തും. ആര്‍എസ്എസിന്റെ പൈശാചികതയും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ തകര്‍ക്കാനുള്ള ശ്രമങ്ങളും തുറന്നുകാണിച്ച് സംസ്ഥാനവ്യാപകമായി ഗൃഹസമ്പര്‍ക്ക കാംപയിന്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിയും സംബന്ധിച്ചു.

RELATED STORIES

Share it
Top