അഭിമന്യു ഫണ്ടിലേക്ക് സിപിഎം പിരിച്ചത് 3.1 കോടി; കുടുംബത്തിന് ലഭിക്കുക 60 ലക്ഷത്തില്‍ താഴെ, ബാക്കി പാര്‍ട്ടി കേന്ദ്രത്തിന്തിരുവനന്തപുരം: അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് സിപിഎം 3,10,74,887 രൂപ പിരിച്ചെടുത്തിട്ടും കുടുംബത്തിന് ലഭിക്കുക 60 ലക്ഷത്തില്‍ താഴെ മാത്രം തുക. ബാക്കി എറണാംകുളം നഗരത്തില്‍ നിര്‍മിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിനായി ചിലവഴിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തുവിട്ട അഭിമന്യു രക്തസാക്ഷി ഫണ്ടിന്റെ കണക്കുകളാണ് അഭിമന്യൂവിന്റെ കുടുംബത്തോടും വട്ടവട ഗ്രാമത്തോടും പാര്‍ട്ടി പുലര്‍ത്തുന്ന കടുത്ത അനീതി വ്യക്തമാക്കുന്നത്.

ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് വട്ടവടയില്‍ 10 സെന്റ് സ്ഥലം വാങ്ങി അഭിമന്യൂവിന്റെ കുടുംബത്തിന് വീട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിനായി നല്‍കുന്ന 10 ലക്ഷം രൂപ അഭിമന്യൂവിന്റെ സഹോദരിയുടെ പേരിലും 25 ലക്ഷം രൂപ അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് കോടിയേരി അറിയിച്ചു. ഇതെല്ലാം കൂട്ടിയാലും 60 ലക്ഷത്തില്‍ താഴെ മാത്രമാണ് വരിക. ബാക്കി രണ്ടര കോടി രൂപയും എറണാകുളം നഗരത്തില്‍ നിര്‍മിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിനായിരിക്കും ചിലവഴിക്കുക. അഭിമന്യു സ്മാരകമായ വിദ്യാര്‍ത്ഥി സേവന കേന്ദ്രമാണ് എറണാംകുളത്ത് നിര്‍മിക്കകയെന്ന് കോടിയേരി പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്.
എന്നാല്‍ അഭിമന്യൂവിന്റെ പേരില്‍ പിരിച്ചെടുത്ത രണ്ടര കോടി ചിലവഴിച്ച് പാര്‍ട്ടി കേന്ദ്രം നിര്‍മിക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. കുടുംബത്തിന് 60 ലക്ഷത്തില്‍ താഴെ മാത്രം നല്‍കുമ്പോളാണ് പാര്‍ട്ടി കേന്ദ്രത്തിന് 2.5 കോടി ചിലഴിക്കുന്നത്. ഏറെ പിന്നാക്കം നില്‍ക്കുന്ന അഭിമന്യൂവിന്റെ ഗ്രാമത്തിലോ ഇടുക്കി ജില്ലയിലോ അഭിമന്യൂവിന്റെ പേരില്‍ പിരിച്ചെടുത്ത ഫണ്ട് ചിലവഴിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം ഉയര്‍ന്നിരുന്നു. വട്ടവട നിവാസികളുടെ ജീവിതാവസ്ഥയും പിന്നാക്ക ജീവിത നിലവാരവും പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ട് എറണാംകുളം ജില്ലയില്‍ പാര്‍ട്ടി കേന്ദ്രം നിര്‍മിക്കാന്‍ ചിലഴിക്കുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കും.

RELATED STORIES

Share it
Top