Flash News

പാലായില്‍ ഇനി മിന്നല്‍പ്പിണര്‍

പാലായില്‍ ഇനി മിന്നല്‍പ്പിണര്‍
X


ഫോട്ടോ- ഷിയാമി തൊടുപുഴഎംഎം സലാം

പാല: കായിക കേരളം ഇനി പാലായിലേക്ക്.കുതിപ്പിന്റെ, വാശിയുടെ,ആഘോഷത്തിന്റെ, ചിരിയുടെ,കണ്ണീരിന്റെ,ദിനങ്ങള്‍ തുടങ്ങുകയായി. നാളെയുടെ നക്ഷത്രങ്ങള്‍ ആരവത്തിനും ആര്‍പ്പു വിളികള്‍ക്കുമായി ഒരുങ്ങി. കൗമാരപ്പാച്ചിലിന്റെ വെടിക്കെട്ടിനു ഇന്നു കാര്‍ഷിക നഗരിയില്‍ തുടക്കം. 1992ന് ശേഷം നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് പാല കൗമാര കായികമേളയ്ക്കു വേദിയാവുന്നത്.

നിലനിര്‍ത്താന്‍ പാലക്കാട്; തിരികെ വരാന്‍ എറണാകുളം

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍  നേടിയ കിരീടം നിലനിര്‍ത്താനാണ് കരിമ്പനയുടെ പോരാളികളായ പാലക്കാട് പാലായ്ക്കു വണ്ടി കയറിയത്. അതേസമയം കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചുപിടിക്കാനായി എറണാകുളം ജില്ലയും സജ്ജരായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഫോട്ടോഫിനിഷിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പാലക്കാടിന്റെ കിരീടനേട്ടം. മുണ്ടൂര്‍, പറളി, കല്ലടി സ്‌കൂളിന്റെകരുത്തിലായിരുന്നു പാലക്കാടിന്റെ കിരീട നേട്ടം. 28 സ്വര്‍ണ്ണവും 25 വെള്ളിയും 21 വെങ്കലവുമടക്കം 255 പോയിന്റായിരുന്നു കഴിഞ്ഞ വര്‍ഷം പാലക്കാടിന്റെ സമ്പാദ്യം. 24 സ്വര്‍ണ്ണവും 31 വെള്ളിയും 20 വെങ്കലവുമടക്കം 247 പോയിന്റുകളാണ് എറണാകുളം നേടിയത്. കോഴിക്കോടിനായിരുന്നു മൂന്നാം സ്ഥാനം. 12 സ്വര്‍ണ്ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 101 പോയിന്റാണ് കോഴിക്കോട് കഴിഞ്ഞ വര്‍ഷം നേടിയത്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, പിറവം മണീട് ജിവിഎച്ച്എസ്എസ് തുടങ്ങിയ സ്‌കൂളുകളിലാണ് എറണാകുളത്തിന്റെ പ്രതീക്ഷ. കോഴിക്കോട് പ്രതീക്ഷവച്ചുപുലര്‍ത്തുന്നത് ഉഷ സ്‌കൂള്‍, പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് തുടങ്ങിയ സ്‌കൂളുകളുടെ പ്രകടനത്തിലാണ്. സ്‌കൂളുകളില്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് മാര്‍ബേസില്‍ ലക്ഷ്യമിടുന്നത്. 14 സ്വര്‍ണ്ണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 117 പോയിന്റുമായാണ് മാര്‍ബേസില്‍ ഒന്നാമതെത്തിയത്. 15 സ്വര്‍ണ്ണവും 7 വെള്ളിയും 6 വെങ്കലവുടമക്കം 102 പോയിന്റ് നേടിയ പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഒരു ദശാബ്ദത്തോളം ചാംപ്യന്‍ സ്‌കൂള്‍ പട്ടം നേടിയ കോതമംഗലം സെന്റ് ജോര്‍ജ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങിയാണ് രാജുപോളിന്റെ ശിക്ഷണത്തില്‍ സെന്റ് ജോര്‍ജ് പാലായിലെത്തിയിട്ടുള്ളത്.

95 ഇനങ്ങള്‍; 2,800 മല്‍സരാര്‍ഥികള്‍
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 2,800 ല്‍പ്പരം മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കാനെത്തും. ആകെ 95 ഇനങ്ങളിലാണ് മല്‍സരം. മേള നിയന്ത്രിക്കുന്നതിനായി 350 ഒഫിഷ്യല്‍സും എസ്‌കോര്‍ട്ടിങ് ഒഫിഷ്യല്‍സായി 200 പേരും പങ്കെടുക്കും. അത്‌ലറ്റിക്‌സ്, ജംപ്‌സ്, ത്രോ, വോല്‍ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, നീന്തല്‍ എന്നീ ഇനങ്ങളില്‍ ഒരേസമയം പരിശീലനത്തിനും മല്‍സരങ്ങള്‍ക്കും സൗകര്യമുള്ള സ്‌റ്റേഡിയമാണ് പാലായില്‍ യാഥാര്‍ഥ്യമാവുന്നത്.പാലായിലും പരിസരത്തുമുള്ള 20 സ്‌കൂളുകളിലാണ് കായികതാരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഭക്ഷണശാലയും. കായികതാരങ്ങളും ഒഫീഷ്യലുകളും ഉള്‍പ്പടെ മൂവായിരത്തില്‍പ്പരം പേര്‍ക്ക് അഞ്ചുദിവസത്തേക്ക് പാലായില്‍ തങ്ങുന്നതിനാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഭക്ഷണശാല മുതല്‍ ശയനമുറിവരെ സജ്ജമായിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിലും വിദ്യാര്‍ഥികള്‍ക്കായുള്ള ഭക്ഷണശാല, പരിശീലനകേന്ദ്രങ്ങള്‍, താമസസ്ഥലം, സംഘാടക സമിതി കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലും ഹരിത പെരുമാറ്റച്ചട്ടപ്രകാരമായിരിക്കും ക്രമീകരണങ്ങള്‍. സ്‌കൂള്‍ കായികമേളയുടെ ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നതിന് അത്യാധുനിക ഉപകരണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഫോട്ടോഫിനിഷ് കാമറ, ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷര്‍, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം എന്നീ ഉപകരണങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലുമുണ്ടാവും.
Next Story

RELATED STORIES

Share it