28 ശതമാനം ജിഎസ്ടി 35 വസ്തുക്കള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ഉയര്‍ന്ന ജിഎസ്ടി പരിധിയായ 28 ശതമാനം നികുതി ഇനി 35 വസ്തുക്കള്‍ക്കു മാത്രം. 28 ശതമാനം നികുതി ചുമത്തിയിരുന്ന 226 വസ്തുക്കളുടെ പട്ടികയാണ് ജിഎസ്ടി കൗണ്‍സില്‍ 35 ആയി ചുരുക്കിയത്. എയര്‍ കണ്ടീഷനറുകള്‍, ഡിജിറ്റല്‍ കാമറകള്‍, വീഡിയോ റിക്കാഡര്‍, ഡിഷ് വാഷിങ് മെഷീനുകള്‍, ഓട്ടോമൊബീല്‍ തുടങ്ങിയവ ഈ 35 ഇനങ്ങളില്‍ ഉള്‍പ്പെടും.
2017 ജൂലൈ ഒന്നിന് ജിഎസ്ടി (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്) നടപ്പാക്കിയ വേളയില്‍ 226 വസ്തുക്കള്‍ക്കാണ് 28 ശതമാനം നികുതി ഈടാക്കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രിയും സംസ്ഥാന മന്ത്രിമാരും അടങ്ങുന്ന കൗണ്‍സില്‍ 191 വസ്തുക്കളെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
ജൂലൈ 27 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 28 ശതമാനം നികുത്തി ചുമത്തുന്നവയില്‍ സിമന്റ്, വാഹന പാര്‍ട്‌സുകള്‍, ഓട്ടോമൊബീല്‍ ഉപകരണങ്ങള്‍, വിമാനങ്ങള്‍, ആഡംബര യാനങ്ങള്‍, ടയര്‍, ശീതളപാനീയങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ആഭ്യന്തര വരുമാനം സുസ്ഥിരമാകുന്നതോടെ 28 ശതമാനം നികുതിയുടെ പട്ടികയില്‍ നിന്നു കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുമെന്നും അത്യാഡംബര വസ്തുക്കള്‍ക്കു മാത്രമായി ഈ നികുതി ചുരുങ്ങുമെന്നും സാമ്പത്തികവിദഗ്ധര്‍ വ്യക്തമാക്കുന്നു. വാക്വം ക്ലീനര്‍, വാഷിങ് മെഷീന്‍, 27 ഇഞ്ച് ടിവി, റഫ്രിജറേറ്റര്‍, പെയിന്റ്, വാര്‍ണിഷ് മുതലായവയുടെ നികുതി കഴിഞ്ഞദിവസം 18 ശതമാനമായി കുറച്ചിരുന്നു. ഇതിലൂടെ 6,000 കോടി രൂപയുടെ നികുതിയാണ് നഷ്ടപ്പെടുകയെന്നും എന്നാല്‍, ഉപഭോഗം വര്‍ധിക്കുന്നതിലൂടെ ഇത് നികത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top