ernakulam local

28 ലഹരിമരുന്നു കേസില്‍ 29 വിദ്യാര്‍ഥികള്‍ പ്രതികള്‍

കൊച്ചി: 2017ല്‍ എറണാകുളം നഗരത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അതില്‍ 29 വിദ്യാര്‍ഥികള്‍  പ്രതികളായി ഉണ്ടെന്നും എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയത്തില്‍ നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സബ്ജക്ട് കമ്മിറ്റി എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് ഇത്തരത്തില്‍ ലഹരിക്കടിമപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും എക്‌സൈസ് , പോലിസ് പ്രതിനിധികളുടെ സാന്നിധ്യം ലഹരിമരുന്നു വില്‍പന കുറയ്ക്കാന്‍ സഹായിക്കുമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സ്‌കൂളുകളിലെ ജാഗ്രതാ സമിതികളുടെയും ലഹരിവിരുദ്ധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മൃദുവായ സമീപനം സ്വീകരിക്കുമ്പോള്‍ ലഹരി മരുന്ന് മാഫിയ രക്ഷപ്പെടുകയാണെന്ന് പെരുമ്പാവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രതിനിധി അഭിപ്രായപ്പെട്ടു. കുട്ടികളുടെ സര്‍ഗവാസനകളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ഇത് ലഹരിയില്‍ നിന്ന് അകലാന്‍ കുട്ടികളെ പ്രേരിപ്പിക്കുമെന്നും അധ്യാപകര്‍ യോഗത്തില്‍ പറഞ്ഞു. ജീവിത നൈപുണ്യ വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ പറഞ്ഞു. അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല പറഞ്ഞു. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കണം. പൊതുസമൂഹത്തെ സ്‌കൂളുകളുമായി അടുപ്പിക്കുന്നതു വഴി ലഹരി ഉപയോഗത്തിന് പരിഹാരമുണ്ടാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡോളസന്റ് കൗണ്‍സലര്‍ സംവിധാനം ശക്തിപ്പെടുത്തണം. വിദ്യാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കുക, വിദ്യാലയങ്ങള്‍ ലഹരിമരുന്ന് വിമുക്തമായി പ്രഖ്യാപിക്കുക, ജില്ലയില്‍ ഡിഅഡിക്ഷന്‍ സംവിധാനങ്ങള്‍ ഫലപ്രദമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സന്തോഷ്, വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ്, വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ വ്യക്തികള്‍, രക്ഷിതാക്കള്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it