Alappuzha local

28ന് മുമ്പ് നഗരസഭകളെ ഒഡിഎഫാക്കും



ആലപ്പുഴ: സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലയിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന വെളിയിട വിസര്‍ജ്ജന വിമുക്ത പദ്ധതി (ഒഡിഎഫ്) അവലോകനം ചെയ്യാനായി കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വഹണത്തില്‍ ആലപ്പുഴ നഗരസഭയുടെ പുരോഗതി ആറു ശതമാനമാണ്. നഗരസഭയില്‍  448  കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 25 എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. നഗരസഭയുടെ ഇക്കാര്യത്തിലുള്ള നിസഹകരണം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി വ്യക്തമാക്കി. 423  കക്കൂസുകളുടെ നിര്‍മാണം പുരോഗതിയിലാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.ചേര്‍ത്തലയില്‍ 83 ശതമാനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര നഗരസഭകള്‍ 100 ശതമാനമെന്ന നേട്ടം കൈവരിച്ചു. കായംകുളവും ഉടന്‍ നേട്ടം കൈവരിക്കും. 28ന് മുമ്പ് ജില്ലയിലെ നഗരസഭകളെ ഒഡിഎഫ് ആക്കുമെന്നും മന്ത്രി പറഞ്ഞു.നഗരസഭകളില്‍ ഒഡിഎഫ് പദ്ധതി പ്രകാരം  ആകെ 1742 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. 1129 കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഹരിപ്പാട് 111ഉം ചെങ്ങന്നൂരില്‍ 108 ഉം മാവേലിക്കരയില്‍ 258 കക്കൂസുകളുമാണ് നിര്‍മിച്ചത്. കായംകുളം നഗരസഭയില്‍ 247 കക്കൂസുകള്‍ നിര്‍മിക്കേണ്ട സ്ഥാനത്ത് 198 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കി 49 എണ്ണം 28ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചേര്‍ത്തലയില്‍ 471 കക്കൂസുകള്‍ നിര്‍മിച്ച് 83 ശതമാനവും പൂര്‍ത്തിയാക്കി. 15,400 രൂപയാണ് പദ്ധതി വിഹിതമായി ഗുണഭോക്താവിന് ലഭിക്കുന്നത്.തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുന്നതിന് സ്വഛ് ഭാരത് മിഷന് സുസ്ഥിരമായ തുടര്‍ച്ച വേണമെന്നും  ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ട് പോവണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതം ഭാഗികമായി ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന ശുചിത്വ മിഷനില്‍ നിന്നു ലഭ്യമാക്കിയ തുക 67 ഗ്രാമപ്പഞ്ചായത്തുകള്‍ക്കു നല്‍കിയതായി മന്ത്രി പറഞ്ഞു. ഗ്രാമപ്പഞ്ചായത്തുകള്‍ ചെലവഴിച്ച തുകയുടെ 44 ശതമാനമാണ് ഇത്തരത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി തുക സംസ്ഥാന ശുചിത്വ മിഷനില്‍ നിന്ന് ലഭ്യമാക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ നല്‍കും.  ആകെ 13,478 കക്കൂസുകളാണ് ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വഴി പൂര്‍ത്തീകരിച്ചത്. 16.17 കോടി രൂപയോളമാണ് ഇതിനായി പഞ്ചായത്തുകള്‍ ചെലവഴിച്ചത്. ഇതില്‍ 7.64 കോടി രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it