27 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് പൗരനെ നാടുകടത്തി

മുംബൈ: 27 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന 37കാരനായ പാക് പൗരനെ നാടുകടത്തിയതായി പോലിസ്. 10ാം വയസ്സില്‍ ഇന്ത്യയിലെത്തുകയും ആന്‍ടോപ് മലയോര മേഖലയില്‍ താമസിക്കുകയും ചെയ്തിരുന്ന സിറാജ് ഖാനെയാണ് പാകിസ്താനിലേക്ക് നാടുകടത്തിയത്. ഇന്ത്യന്‍ വനിതയെ വിവാഹം കഴിച്ച സിറാജിന് മൂന്നു കുഞ്ഞുങ്ങളുമുണ്ട്. രാജ്യത്ത് അനധികൃതമായി താമസിച്ചതിനടക്കമുള്ള സിറാജിനെതിരായ കേസുകള്‍ കോടതി റദ്ദാക്കിയെന്നും ഇക്കഴിഞ്ഞ 12നാണ് പഞ്ചാബിലെ അട്ടാരി അതിര്‍ത്തി വഴി അദ്ദേഹത്തെ നാടുകടത്തിയതെന്നും പോലിസ് ഇന്‍സ്‌പെക്ടര്‍ ഭഗ്‌വത് ബന്‍സോദ് പറഞ്ഞു. വിവരം പാക് അധികൃതരെ അറിയിച്ച ശേഷമായിരുന്നു നടപടി.
ഇന്ത്യന്‍ പൗരത്വത്തിനായി സിറാജ് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു. നാടുകടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറാജിന്റെ ഭാര്യ സാജിതാ ഖാന്‍ നേരത്തേ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. സിറാജിനെ പാകിസ്താനിലേക്കയച്ചാല്‍ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം നിലയ്ക്കുമെന്നും മാനസികമായി തങ്ങള്‍ക്ക് അതിജീവിക്കാനാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയില്‍ സാജിതാ ഖാന്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, സിറാജിനെ രാജ്യത്ത് തങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹരജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top