27 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ആവശ്യം രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: വരുമാനം ലഭിക്കുന്ന പദവി വഹിച്ചെന്നാരോപിച്ച് ഡല്‍ഹിയിലെ 27 എഎപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതിയുടെ നടപടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിഭവനെ അറിയിച്ചിരുന്നു.
2016 ജൂണിലാണ് രോഗി കല്യാണ്‍ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 27 എംഎല്‍എമാരെ നിയമിച്ചത് ചോദ്യംചെയ്ത് ഒരു നിയമവിദ്യാര്‍ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എംഎല്‍എമാര്‍ക്ക് അംഗമാവാന്‍ മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ എന്നായിരുന്നു പരാതിക്കാരന്റെ വാദം. അധ്യക്ഷപദവി സാമ്പത്തിക ആനുകൂല്യം പറ്റുന്ന പദവിയാണെന്നും അതിനാല്‍ എംഎല്‍എമാരുടെ ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞത്.
പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. 2009ല്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ് ഓരോ മണ്ഡലത്തിലും രോഗി കല്യാണ്‍ സമിതികള്‍ രൂപീകരിച്ചത്. സ്ഥലം എംഎല്‍എയോ എംപിയോ ആവും ഇതിന്റെ മേധാവി. ആശുപത്രിയുടെ വികസനം, സൗകര്യം എന്നിവ പരിശോധിക്കലാണ് സമിതിയുടെ ചുമതല. പ്രതിവര്‍ഷം ഓരോ സമിതിക്കും മൂന്നുലക്ഷം രൂപ ഗ്രാന്റായി ലഭിക്കുന്നുണ്ട്.

RELATED STORIES

Share it
Top