26ന് ഉച്ചവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 26ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എകെഎഫ്പിടി) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കവര്‍ച്ചക്കാരും സാമൂഹിക വിരുദ്ധരും മദ്യപാനികളും പമ്പുകള്‍ക്ക് ഭീഷണിയാണ്.
കഴിഞ്ഞദിവസം കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് മാനേജരെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഒന്നര ലക്ഷം രൂപ കവര്‍ന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. അഞ്ചു ദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. കോട്ടയം ജില്ലയില്‍ രണ്ടു മാസത്തിനിടെ ഇത്തരത്തില്‍ അഞ്ചു കേസുകളാണ് ഉണ്ടായത്. എല്ലാ ജില്ലകളിലും പമ്പുകളുടെ പ്രവര്‍ത്തനം സുരക്ഷാ ഭീഷണിയിലാണ്. വൈകീട്ട് ആറു മുതല്‍ പമ്പുകളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കണം. ബാങ്കുകള്‍ സിഡിഎം മെഷീന്‍ പമ്പുകളില്‍ സ്ഥാപിക്കണം. കൂടാതെ പോലിസ് പട്രോളിങ് ശക്തമാക്കണം. മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വൈകീട്ട് ആറു മുതല്‍ പമ്പുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാവുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.
വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ആദ്യപടിയായി 26ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പമ്പുകള്‍ അടച്ചിടുന്നത്. സംസ്ഥാനത്തെ 2300ഓളം പമ്പുകള്‍ അന്നേ ദിവസം അടച്ചിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എകെഎഫ്പിടി സംസ്ഥാന പ്രസിഡന്റ് കെ പി ശിവാനന്ദന്‍, സെക്രട്ടറി എം രാധാകൃഷ്ണന്‍, ഖജാഞ്ചി രാംകുമാര്‍, സി കെ രവിശങ്കര്‍ സംസാരിച്ചു.

RELATED STORIES

Share it
Top