250 എംബിബിഎസ് സീറ്റുകള്‍ക്കും എംസിഐയുടെ സ്ഥിരാനുമതി

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 250 എംബിബിഎസ് സീറ്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും എംസിഐ നിര്‍ദേശിക്കുന്ന പ്രകാരമുള്ള മറ്റ് സൗകര്യങ്ങള്‍ കോളജില്‍ ഒരുക്കുകയും ചെയ്തിരുന്നു.
250 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ്‌റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷ നടത്താനുള്ള സൗകര്യം, അധ്യാപക-വിദ്യാര്‍ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എംസിഐ 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍ നിന്ന് 250 സീറ്റായി എംസിഐ വര്‍ധിപ്പിച്ചിരുന്നു എങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഓരോ വര്‍ഷവും എംസിഐ സംഘം പരിശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്. കേരളത്തിലെ ഏറ്റവുമധികം എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലുമായി മൊത്തത്തില്‍ 1300 സീറ്റുകളാണുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 200, പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 100, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150, കോട്ടയം മെഡിക്കല്‍ കോളജില്‍ 150, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 150, എറണാകുളം മെഡിക്കല്‍ കോളജില്‍ 100, മഞ്ചേരി മെഡിക്കല്‍ കോളജില്‍ 100, പാലക്കാട് മെഡിക്കല്‍ കോളജില്‍ 100 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. കോട്ടയം മെഡിക്കല്‍ കോളജിലെ നിലവിലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടി ഈ വര്‍ഷം എംസിഐയുടെ സ്ഥിരാനുമതി ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top