25 കോടിയുടെ വികസന-ക്ഷേമ പദ്ധതികള്‍ക്ക് നിര്‍ദേശം

മഞ്ചേരി: പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനായി മഞ്ചേരി നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറില്‍ 25 കോടി രൂപയുടെ വികസന-ക്ഷേമ പദ്ധതികള്‍ക്ക് നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി 19.7 കോടി രൂപ നീക്കിവയ്ക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാന്‍ നിര്‍ദേശമുയര്‍ന്നു.
പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപയുടെ പദ്ധതി, പ്രധാന നാലു നിരത്തുകളില്‍ എല്‍ഇഡി വിളക്കുകളൊരുക്കാനും വനിതകളുടെ സ്വയംതൊഴില്‍ ശാക്തീകരണത്തിനും 20 ലക്ഷം രൂപ വീതമുള്ള പദ്ധതികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി 75 ലക്ഷം, നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി പാണ്ടിക്കാട് റോഡില്‍ നിന്നും മെഡിക്കല്‍ കോളജ് വരെയുള്ള റോഡ് നവീകരണത്തിന് 46 ലക്ഷം തുടങ്ങിയ പദ്ധതികള്‍ക്കും രൂപരേഖയായി.
പാര്‍പ്പിട പദ്ധതിക്കായി 2.35 കോടി, മാലിന്യ സംസ്‌കരണത്തിന് ഒരു കൊടി, ഉല്‍പാദന രംഗത്ത് 66 ലക്ഷം, വയോജന ക്ഷേമത്തിനുവേണ്ടി 51 ലക്ഷം, ശിശു ക്ഷേമത്തിന് 52 ലക്ഷം, വനിതകളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.17 കോടിയുടെ പദ്ധതി എന്നിവയ്ക്കും കരടു രൂപമായി. പുതിയ റോഡുകളുടെ നിര്‍മാണവും, നവീകരണവും പൂര്‍ത്തിയാക്കാന്‍ 5.15 കോടി, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 3.28 കോടി, നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി 1.71 കോടി രൂപയുടെ പദ്ധതികള്‍ക്കും ധാരണയായി.
കാര്‍ഷിക മേഖലയില്‍ എല്ലാ കുടംബങ്ങള്‍ക്കും, ടിഷ്യൂകള്‍ച്ചര്‍ വാഴ തൈകള്‍, കുരുമുളക് തൈകള്‍, വാഴക്കന്നുകള്‍ എന്നിവ എല്ലാ കുടുംബങ്ങളിലും വിതരണം ചെയ്യും. സൊസൈറ്റികളില്‍ പാല്‍ നല്‍കുന്ന നഗരസഭയിലെ ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് നാലുരൂപ സബ്‌സിഡി നല്‍കാന്‍ ആറ് ലക്ഷം മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
നഗരസഭാധ്യക്ഷ വി എം സുബൈദ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ സാബിറ കുരിക്കള്‍, സമീറാ മുസ്തഫ, സജ്‌ന, കൗണ്‍സിലര്‍മാരായ അഡ്വ.ഫിറോസ് ബാബു, കെ ഫസ്‌ല, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ സതീഷ് കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top