248 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്‌ക്കേണ്ടിവന്നത് 252 രൂപ

വടക്കഞ്ചേരി: എസ്ബിഐയില്‍ 248.20 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്‌ക്കേണ്ടിവന്നത് 252 രൂപ. ആലത്തൂര്‍ പെരുങ്കുളം സൗത്ത് വില്ലേജ് കോറാട്ടുകുടി അല്ലി തങ്കച്ചനാണ് എസ്ബിഐയുടെ കഴുത്തറപ്പിനിരയായത്. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയ തുക സമ്പാദ്യമായി മിച്ചംവയ്ക്കാന്‍ 2013 മാര്‍ച്ച് 12നാണ് ആലത്തൂര്‍ എസ്ബിടി ശാഖയില്‍ അക്കൗണ്ട് തുറന്നത്. പാചകവാതക സബ്‌സിഡി കിട്ടാനും ഈ അക്കൗണ്ടാണ് കൊടുത്തത്. ഇതിനിടെ സബ്‌സിഡി ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നു. ഹിന്ദിഭാഷയില്‍ വന്ന സന്ദേശം ഭാഷാ പരിജ്ഞാനക്കുറവുമൂലം മൊബൈല്‍ ഫോണില്‍ 5 അമര്‍ത്തി സബ്‌സിഡി വേണ്ടെന്നുവച്ചു. ഗ്യാസ് ഏജന്‍സിയെ കാര്യം ബോധ്യപ്പെടുത്തിയാണ് പിന്നീട് സബ്‌സിഡി പുനസ്ഥാപിച്ചത്. ഇതിനുശേഷമാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കളി തുടങ്ങിയത്. അല്ലി തങ്കച്ചന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജുകള്‍ അയച്ചതിന്റെയും എടിഎമ്മിന്റെയും എന്ന പേരില്‍ 513.50 രൂപ അക്കൗണ്ടില്‍ നിന്നു ബാങ്ക് പിടിച്ചു. ഇതോടെ എടിഎം വേണ്ടെന്നുവയ്ക്കാ ന്‍ ശാഖാ മാനേജര്‍ക്ക് അപേക്ഷ കൊടുത്തു. പലപ്പോഴായി ഗ്യാസ് സബ്‌സിഡി 785.10 രൂപ അക്കൗണ്ടില്‍ വന്നു. ഒരു സിലിണ്ടറിനുള്ള തുകയായല്ലോയെന്നു കരുതി ഇത് പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പുതിയ നിയമപ്രകാരം 536.90 രൂപ പിഴയായി പിടിച്ചെന്നുമായിരുന്നു മറുപടി. 248.20 രൂപ മാത്രമേ അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അപേക്ഷ നല്‍കി. ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ഫീസെന്നും 252 രൂപകൂടി ബാങ്കില്‍ അടയ്ക്കണമെന്നുമായിരുന്നു മറുപടി. എസ്ബിഐ-എസ്ബിടി ലയനം നടന്ന സമയത്തായിരിക്കും സംഭവമെന്നും അന്ന് ഫീസുകളുടെ കാര്യത്തില്‍ വന്ന ആശയക്കുഴപ്പമായിരിക്കാം പ്രശ്‌നമായതെന്നുമാണ് ബാങ്ക് ശാഖാ മാനേജരുടെ വിശദീകരണം. പരാതിക്കാരിക്ക് ഉണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top