24 ലക്ഷം രൂപ കെഎഫ്എയില്‍നിന്ന് ഈടാക്കാന്‍ നിര്‍ദേശം

ടി പി  ജലാല്‍

മലപ്പുറം: മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചെലവിലേക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കേണ്ട 24ലക്ഷം രൂപ ഈടാക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനം. മൂന്നു വര്‍ഷം തുടര്‍ച്ചയായി കലക്ടറടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തത്. കെഎഫ്എക്ക് നോട്ടീസ് ഉടന്‍ നല്‍കും. 2013-14ല്‍ മഞ്ചേരിയില്‍ നടന്ന ഫെഡറേഷന്‍കപ്പിനും 2014-15 സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരങ്ങള്‍ക്കും നല്‍കേണ്ട തുകയാണ് ഈടാക്കുക. വര്‍ഷം തോറും കൗണ്‍സില്‍ കെഎഫ്എക്ക് നല്‍കുന്ന തുകയില്‍ നിന്നുമാണ് ഇത് പിടിച്ചുവയ്ക്കുക. ഫെഡറേഷന്‍ കപ്പ് വകയില്‍ 11.28 ലക്ഷവും സന്തോഷ് ട്രോഫിയുടെ 12.73 ലക്ഷവുമാണ് കിട്ടാനുള്ളത്. വന്‍ വിജയമായിരുന്ന ഫെഡറേഷന്‍കപ്പിന് 41.28 ലക്ഷം നല്‍കേണ്ടതില്‍ 30 ലക്ഷം നല്‍കിയിരുന്നു. അതേസമയം, നഷ്ടത്തിലായ സന്തോഷ് ട്രോഫി നടത്തിപ്പിന് ഒന്നും കൊടുത്തിട്ടുമില്ല. അന്നത്തെ യുഡിഎഫ് മന്ത്രി തലത്തിലും ബന്ധപ്പെട്ടുവെങ്കിലും ഫോണെടുക്കാന്‍ പോലും കെഎഫ്എ ഭാരവാഹികള്‍ തയ്യാറായിരുന്നില്ല. മലപ്പുറം ജില്ലയുടെ കായിക വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട പണമാണ് മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. ടീമുകളുടെ ബത്ത, മാച്ച് കമ്മീഷണര്‍, റഫറിമാരുടെ ചെലവ് ഇനങ്ങളില്‍ നല്‍കിയതിലാണ് പണം കിട്ടാനുള്ളത്. അതേസമയം, ഈ പണം എഐഎഫ്എഫില്‍ നിന്നു കെഎഫ്എ എന്നോ വാങ്ങിയെടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നിട്ടും നല്‍കാതെ കളിപ്പിക്കുകയായിരുന്നു. ഫെഡറേഷന്‍ കപ്പിനും സന്തോഷ് ട്രോഫിക്കും ശേഷം പിന്നീട് ടൂര്‍ണമെന്റുകള്‍ നടത്താന്‍ കെഎഫ്എ മുന്‍കൈയെടുത്തിട്ടില്ല.  കൗണ്‍സില്‍ നിരന്തരം പണം ആവശ്യപ്പെട്ടതിലുള്ള നീരസം പ്രകടിപ്പിക്കുകയാണെന്ന ആരോപണവും ഇതിന് പിന്നിലുണ്ട്. എഐഎഫ്എഫിന്റേയും കെഎഫ്എയുടേയും എല്ലാ വിധ നിര്‍ദേശങ്ങളും പാലിച്ചാണ് രണ്ട് ടൂര്‍ണമെന്റുകളും പയ്യനാട് നടന്നത്. നാളെ തിരുവനന്തപുരത്ത് മന്ത്രി കെ ടി ജലീല്‍, എ സി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നുണ്ട്. ഫഌഡ്‌ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള ഗ്രൗണ്ടിന്റെ തുടര്‍ പ്രവര്‍ത്തനം യോഗത്തില്‍ തീരുമാനിക്കും. ഒപ്പം കെഎഫ്എയില്‍ നിന്നു കിട്ടാനുള്ള തുക സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും.

RELATED STORIES

Share it
Top