24 മണിക്കൂര്‍ പണിമുടക്കില്‍ വാഹന ഗതാഗതവും കടകമ്പോളങ്ങളും നിശ്ചലമാവും

കോട്ടയം: ഇനി എല്ലാ ജോലികളും കരാര്‍ വ്യവസ്ഥയിലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് അടുത്ത മാസം രണ്ടിന് സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കില്‍ വാഹന ഗതാഗതവും കടകമ്പോളങ്ങളും നിശ്ചലമാവും. അടുത്തമാസം ഒന്നിന് അര്‍ധരാത്രിമുതല്‍ രണ്ടിന് അര്‍ധരാത്രിവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു സംഘടനകളുടെ സംയുക്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പണിമുടക്ക്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കുമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. സ്വകാര്യബസ്സുകളും അന്നേദിവസം സര്‍വീസ് നടത്തില്ല.
കെഎസ്ആര്‍ടിസിയിലെ യൂനിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും വിവിധ അധ്യാപക സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ട്. പാല്‍, പത്രം, ആശുപത്രി, വിവാഹം, തുടങ്ങിയ അവശ്യസര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ് ഉത്തരവില്‍ ചട്ടങ്ങള്‍ മാറ്റംവരുത്തിയാണ് നിശ്ചിത കാലയളവ് തൊഴില്‍ സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
എല്ലാ വ്യവസായത്തിലും സ്ഥിരം ജോലി ഇല്ലാതാവുമെന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്കു സംഘടിക്കാനുള്ള അവകാശംപോലും ലഭിക്കില്ലെന്നും പിരിച്ചുവിടലിന്റെ നിഴലിലാവും തൊഴിലാളികളെന്നും സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top