ഫിലിപ്പീന്‍സിലെസൈനിക നടപടി:ക്ഷാമം രൂക്ഷമായിമനില: ഐഎസിനെതിരേ സൈനിക നടപടി തുടരുന്ന ദക്ഷിണ ഫിലിപ്പീന്‍സ് നഗരമായ മറാവിയിലെ ദുരിതങ്ങള്‍ക്ക് ആക്കംകൂട്ടി ക്ഷാമവും പിടിമുറുക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ ഇതിനോടകം 1,80,000ഓളം നഗരവാസികള്‍ പലായനം ചെയ്തു. വിമത പോരാളികളില്‍നിന്നു ശക്തമായ ചെറുത്തുനില്‍പ്പ് ഉയരുന്നതിനാല്‍ സൈനിക നടപടി എന്നു തീരുമെന്നതില്‍ അധികാരികള്‍ക്ക് ഉത്തരമില്ല. അഭയാര്‍ഥി ക്യാംപിലടക്കം സ്ഥിതി രൂക്ഷമാണ്. നിലവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം. അതുതന്നെ ഒരുകുപ്പി വെള്ളമോ ബിസ്‌കറ്റോ മാത്രമാണ്. ക്യാംപുകളിലെ നവജാത ശിശുക്കളുടെ സ്ഥിതി ഏറെ ദയനീയമാണ്.  മിക്ക കുട്ടികളിലും കടുത്ത പോഷകാഹാരക്കുറവുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളഎച്ച്1ബി വിസകളില്‍ ഇടിവ്‌വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളില്‍ വന്‍ ഇടിവ്. ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഏഴു മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി 2015ല്‍ അനുവദിച്ചതിനേക്കാള്‍ 37 ശതമാനം വിസകള്‍ കുറവാണ് 2016ല്‍ അനുവദിച്ചത്. നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ അടക്കമുള്ള കമ്പനികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് മാത്രം ഒരു വര്‍ഷത്തിനിടെ 56 ശതമാനത്തോളം കുറവ് വന്നു. 2015ല്‍ 4674 പേര്‍ക്ക് വിസ ലഭിച്ചിരുന്നുവെങ്കില്‍ അത് 2016 ആവുമ്പോഴേക്കും 2040 ആയി കുറഞ്ഞുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 52 ശതമാനത്തോളമാണ് വിപ്രോയില്‍ കുറഞ്ഞത്. 2015ല്‍ കമ്പനിക്ക് 3079 വിസ ലഭിച്ചിരുന്നുവെങ്കില്‍ അത് 1605 ആയിട്ടാണ് 2016 ആവുമ്പോഴേക്കും കുറഞ്ഞത്. ഇതേ അവസ്ഥ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍തന്നെ എച്ച്1ബി വിസയ്ക്കുള്ള അപേക്ഷ കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റത് കൊണ്ടല്ല ഈ മാറ്റം വന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഇതു തുടരുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.


ഖത്തറിന്   തുര്‍ക്കിയുടെ   പിന്തുണസൗദി അറേബ്യക്കെതിരേ  പുതിയ സഖ്യം ഒരുങ്ങുന്നുബഗ്ദാദ്: ഖത്തറിനെതിരേ സൗദിയുടെ നേതൃത്വത്തില്‍ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയതോടെ മേഖലയിലെ സൗദി വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം സൗദിയുടെ ശത്രുപക്ഷത്തുള്ള ഇറാനോടൊപ്പം തുര്‍ക്കിയും മുതലെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സൗദിക്കെതിരേ ഇറാന്‍, ഇറാഖ്, തുര്‍ക്കി, ഖത്തര്‍ എന്നിവരാണ് ഐക്യപ്പെടുന്നത്. നയതന്ത്രപ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെടുന്നുണ്ട്. സൗദിയുടെ പക്ഷത്ത് നില്‍ക്കുമെന്ന് കരുതുന്ന കുവൈത്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.നിരവധി വിഷയങ്ങളില്‍ യുഎസുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ് തുര്‍ക്കിയും ഇറാനും. ഇറാന്‍ പൂര്‍ണമായും യുഎസിന്റെ ശത്രുപട്ടികയിലുമാണ്. യൂറോപ്യന്‍ മേഖലയില്‍ അതിവേഗം വളരുന്ന തുര്‍ക്കിയുടെ മുന്നേറ്റത്തിനു ചാലകശക്തിയായി വര്‍ത്തിക്കുന്ന പ്രസിഡന്റ് ഉര്‍ദുഗാനെ ഒതുക്കുന്നതിന് യുഎസും ഇസ്രായേലും നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. വിമത സൈനികരെയും ഫത്തഹുല്ലാ ഗുലന്റെ അനുയായികളെയും കുര്‍ദ് വിമതരെയും ഇതിനായി എതിരാളികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് ഉര്‍ദുഗാന്‍ മുന്നേറുന്നത്. തുര്‍ക്കി എല്ലാ അറബ് രാജ്യങ്ങളുമായും മികച്ച ബന്ധം പുലര്‍ത്തുമ്പോള്‍തന്നെ അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ വ്യാപാരം ശക്തിപ്പെടുത്താന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് ഇറാഖിലും അദ്ദേഹമെത്തി. ഇറാഖിന് ഏറ്റവും അധികം പിന്തുണ നല്‍കുന്നത് ഇറാനാണ്. ഐഎസ് വിരുദ്ധ നിലപാടാണ് ഇറാനും തുര്‍ക്കിക്കുമുള്ളത്. അതുകൊണ്ട് തന്നെയാണ് ഇറാഖും ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

സഖ്യത്തെക്കാളുപരി പാകിസ്താന്‍ ഭീഷണിയെന്ന് യുഎസ് റിപോര്‍ട്ട്‌വാഷിങ്ടണ്‍: സഖ്യരാജ്യത്തെക്കാളുപരി പാകിസ്താന്‍ യുഎസിന് ഭീഷണിയാണെന്ന് ചിന്താ സ്ഥാപനത്തിന്റെ മുന്നറിയിപ്പ്. സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് ആന്റ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിന്റെ (സിഎസ്‌ഐഎസ്) പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരോധിത സംഘടനകളായ താലിബാന്‍, ഹഖാനിശൃംഖല എന്നിവയ്ക്ക് താവളമൊരുക്കുന്ന നടപടി പാകിസ്താന്‍ ഇപ്പോഴും തുടരുകയാണെന്നും അവര്‍ക്കെതിരേ കടുത്ത നടപടികള്‍ എടുത്തില്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന കാര്യം പാകിസ്താനെ അറിയിക്കണമെന്നും സിഎസ്‌ഐഎസ് റിപോര്‍ട്ടില്‍ പറയുന്നു. സായുധസംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ശിക്ഷാനടപടികള്‍ നടപ്പാക്കണമെന്നും റിപോര്‍ട്ടിലുണ്ട്. സായുധസംഘങ്ങളുടെ പറുദീസയാണ് പാകിസ്താന്‍. സഖ്യരാജ്യത്തേക്കാളുപരി ഭീഷണി ആയതിനാല്‍ അഫ്ഗാനില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം തുടരണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. ദാരിദ്ര്യം, ആഭ്യന്തരപ്രശ്‌നം, ഭരണ നിര്‍വഹണം എന്നിവയോടുള്ള അഫ്ഗാന്റെ പോരാട്ടം ദുര്‍ബലമാണെന്നും അവര്‍ മെച്ചപ്പെടുന്നതുവരെ യുഎസ് സൈനികസാന്നിധ്യം തുടരുന്നത് ന്യായീകരിക്കപ്പെടുമെന്നും സിഎസ്‌ഐഎസ് സ്റ്റ്രാറ്റജി തലവന്‍ ആന്റണി എച്ച് കോര്‍ഡ്‌സ്മാന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു.

അല്‍ജസീറയുടെലൈസന്‍സ് സൗദി റദ്ദാക്കിറിയാദ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന്റെ സൗദിയിലെ ഓഫിസ് അടക്കുകയും  ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി സൗദി സാംസ്‌കാരിക വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഭീകരസംഘടനകളുടെ പദ്ധതികള്‍ക്ക് ചാനല്‍ പ്രചാരം നല്‍കുകയും യമനിലെ വിമതശക്തികളായ ഹൂഥി സായുധരെ പിന്തുണക്കുകയും സൗദിയില്‍ ആഭ്യന്തര പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സൗദി ന്യൂസ് ഏജന്‍സിയുടെ റിപോര്‍ട്ട് കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലുമാണെന്നും റിപോര്‍ട്ട് പറഞ്ഞു.

RELATED STORIES

Share it
Top