23 പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ ; ജില്ല പനിക്കിടക്കയില്‍കാസര്‍കോട്/കാഞ്ഞങ്ങാട്: ജില്ലയില്‍ പകര്‍ച്ചാപ്പനി പടരുന്നു. ഇന്നലെ മാത്രം പനിബാധിച്ച് 515 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഇതില്‍ ഡെങ്കിപ്പനി സംശയിക്കുന്ന ഏഴുപേരും ഡെങ്കിപ്പനി സ്ഥിരീകരിച്ച മൂന്നുപേരും ഉള്‍പ്പെടും. എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച രണ്ടുപേര്‍ കൂടി ഇന്നലെ ചികില്‍സ തേടിയിട്ടുണ്ട്. ഇതോടെ എച്ച്‌വണ്‍ എന്‍വണ്‍ ബാധിതരുടെ എണ്ണം 23 ആയി. മലയോര മേഖലയിലാണ് പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് വരെ ജില്ലയില്‍ 56 പേര്‍ക്ക് ഡെങ്കിയും 23 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാല്‍, കുറ്റിക്കോല്‍, കള്ളാര്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളിലാണ് പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 400 മുതല്‍ 500 വരെ ആളുകളെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ആരംഭം മുതലാണ് പനിബാധിതരുടെ എണ്ണം കൂടിയതെന്ന് ഡിഎംഒ എ പി ദിനേശ് കുമാര്‍ പറഞ്ഞു. ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ പനി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എട്ട് കുട്ടികളടക്കം 20 പേര്‍ ചികില്‍സയിലാണ്. ഇതിന് പുറമേ നിരവധി പേര്‍ ദിവസേന ചികില്‍സ തേടിയെത്തുന്നുണ്ട്. മഴക്കാലം എത്തിയതോടെ പകര്‍ച്ചപ്പനിയും കൂടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് നിരവധി പേര്‍ ചികില്‍സക്കെത്തിയിട്ടുണ്ട്. കടുത്ത പനി ബാധിച്ചവരെയാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് മൂന്ന് ദിവസത്തെ മരുന്ന് നല്‍കുന്നുണ്ട്.

RELATED STORIES

Share it
Top