kasaragod local

2,247 ഭൂരഹിതര്‍ക്ക് നാളെ പട്ടയം വിതരണം ചെയ്യും



കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നാളെ പട്ടയമേള നടക്കുമെന്ന് ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 953 പട്ടയവും വെള്ളരിക്കുണ്ട് താലൂക്കില്‍ 346ഉം കാസര്‍കോട് താലൂക്കില്‍ 243ഉം മഞ്ചേശ്വരം താലൂക്കില്‍ 327ഉം ലാന്റ് ട്രൈബ്യൂണല്‍ വിഭാഗത്തില്‍ 322ഉം ദേവസ്വം ലാന്റ് ട്രൈബ്യൂണലില്‍ 56 പട്ടയവുമാണ് വിതരണം ചെയ്യുന്നത്. പാലാവയല്‍ വില്ലേജിലെ തയ്യേനി പായിക്കാനം എസ്ടി കോളനി, ചിറ്റാരിക്കാല്‍ വില്ലേജിലെ അമ്പത്താര്‍തട്ട് എസ്ടി കോളനി, ബളാല്‍ വില്ലേജിലെ പെരിയാത്ത് എസ്ടി കോളനി, പനത്തടി വില്ലേജിലെ മൊട്ടയംകൊച്ചി, ഒറോട്ടിക്കാനം കോളനി, മാലോത്ത് വില്ലേജിലെ കുറ്റിത്താനം, ദേവഗിരി, മാന്തില എസ്‌റ്റേറ്റ്, ചാമക്കുളം കോളനികള്‍, പുല്ലൂര്‍ വില്ലേജിലെ കണ്ണോത്ത്, മാണിപ്പുറം എസ്ടി കോളനി, പേരാല്‍ വില്ലേജിലെ എംഎന്‍ ലക്ഷംവീട് കോളനി, പട്ടേന ലക്ഷംവീട് കോളനി, പുതുക്കൈ വില്ലേജിലെ ഭൂതാനം കോളനി, ഹൊസ്ദുര്‍ഗ് കാഞ്ഞങ്ങാട് വില്ലേജിലെ സുനാമി കോളനി എന്നിവിടങ്ങളില്‍ വീട് വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്കുള്ള പട്ടയവും മേളയില്‍ വിതരണം ചെയ്യും. പനത്തടി ചാമുണ്ഡിക്കുന്നില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച പ്രൊജക്ട് പ്രകാരം ട്രൈബല്‍ റിഹാബിലിറ്റേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി വനംവകുപ്പില്‍ നിന്നും ലഭിച്ച 91.98 ഏക്കര്‍ സ്ഥലവും വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍പെടുന്ന ഭൂരഹിതരായ 150 ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശ രേഖയും വിതരണം ചെയ്യും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം തെക്കില്‍ വില്ലേജില്‍ അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ മാറ്റി നല്‍കണമെന്ന് അപേക്ഷ സമര്‍പ്പിച്ച് 93 കുടുംബങ്ങള്‍ക്ക് ചെങ്കള പാടി വില്ലേജില്‍ പ്ലോട്ട് മാറ്റികൊടുക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയ്യാര്‍ വില്ലേജില്‍ 69 പേര്‍ക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയും പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് കലക്്ടര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ ജി സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, നഗരസഭാംഗം സി എച്ച് റംഷീദ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, ഹക്കീം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം സി ഖമറുദ്ദീന്‍, അഡ്വ. കെ ശ്രീകാന്ത്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എ കുഞ്ഞിരാമന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി വി ദാമോദരന്‍, പി കെ മുഹമ്മദ്, ജ്യോതി ബാസു, അബ്രഹാം തോണക്കര, വി കെ രമേശന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ സംബന്ധിക്കും.  വാര്‍ത്താസമ്മേളനത്തില്‍ എഡിഎം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്്ടര്‍ എച്ച് ദിനേശന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it