സ്പാനിഷ് ലീഗില്‍ ഇന്ന് 'റിയല്‍' റയല്‍ പോര്

മാഡ്രിഡ്:  സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഇന്ന് ചാംപ്യന്‍ പോര്. പോയിന്റ് പട്ടികയില്‍ തുല്യപോയിന്റുകളുമായി ബാഴ്‌സലോണയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡിന് ഇന്ന് സെല്‍റ്റാ വിഗോയെ വീഴ്ത്തിയാല്‍ സ്പാനിഷ് ലീഗ് കിരീടം ഏറെക്കുറേ ഉറപ്പിക്കാം. ബാഴ്‌സലോണ 37 മല്‍സരങ്ങളില്‍ നിന്നാണ് 87 പോയിന്റുകള്‍ സ്വന്തമാക്കിയതെങ്കില്‍ റയല്‍ 36 മല്‍സരങ്ങളില്‍ നിന്നാണ് 87 പോയിന്റുകള്‍ നേടിയത്. സെല്‍റ്റ വിഗോയോടുള്ള മല്‍സരത്തില്‍ വിജയിച്ചാല്‍ 90 പോയിന്റുകളുമായി റയലിന് ബാഴ്‌സയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കെത്താം. റയലിന് സെല്‍റ്റ വിഗോയോടടക്കം രണ്ട് മല്‍സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ബാഴ്‌സലോണയ്ക്ക് ഒരു മല്‍സരം മാത്രമാണ് മുന്നിലുള്ളത്. സെല്‍റ്റ വിഗോയെ വീഴ്ത്തിയാല്‍ റയലിന് അവസാന മല്‍സരത്തില്‍ സമനില നേടിയാലും സ്പാനിഷ് ലീഗ് കിരീടത്തില്‍ മുത്തമിടാം. അതേ സമയം ബാഴ്‌സലോണയ്ക്ക് ലീഗ് കിരീടം നേടാന്‍ അവസാന മല്‍സരത്തില്‍ ജയം നേടുകയും റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങുകയും ചെയ്യണം. ഫുള്‍ ഫോമില്‍ മിന്നിത്തിളങ്ങുന്ന റയല്‍ മാഡ്രിഡ് ബലേയ്‌ഡോസ് സ്‌റ്റേഡിയത്തിലും മികവാവര്‍ത്തിച്ചാല്‍ സ്പാനിഷ് ലീഗ് റയലിന്റെ കൂടാരത്തിലേക്കെത്താന്‍ സാധ്യതകളേറെയാണ്.നിലവിലെ ഫോമില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തുക സെല്‍റ്റ വിഗോയെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. 36 മല്‍സരങ്ങളില്‍ നിന്ന് 13 ജയം മാത്രം നേടി 13ാം സ്ഥാനത്താണ് സെല്‍റ്റ വിഗോയുള്ളത്. എന്നാല്‍ നിര്‍ണായക മല്‍സരങ്ങളില്‍ അട്ടിമറി തോല്‍വികളേറ്റുവാങ്ങിയ ചരിത്രം റയല്‍ മാഡ്രിഡിനുള്ളതുകൊണ്ട് മുന്‍വിധികള്‍ അസാധ്യം. പരിക്ക് റയല്‍ നിരയ്ക്ക് തലവേദനയായിട്ടുണ്ട്. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഗാരത് ബേയ്‌ലും പ്രതിരോധ നിരതാരം ഡാനിയല്‍ കര്‍വാജലും പെപ്പെയും പരിക്കിന്റെ പിടിയിലാണെന്നാണ് റിപോര്‍ട്ടുകള്‍.അവസാന മല്‍സരങ്ങളിലെ കണക്കുകള്‍ നിരത്തുമ്പോള്‍ സെല്‍റ്റ വിഗോയ്ക്ക് എത്തിപ്പിടിക്കാനാവുന്നതിലും അപ്പുറമാണ് റയലുള്ളത്. സെല്‍റ്റ വിഗോയുടെ അവസാന അഞ്ച് മല്‍സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആശ്വസിക്കാന്‍ ഒരു സമനില മാത്രമാണുള്ളത്. ബാക്കി നാല് മല്‍സരങ്ങളിലും തോല്‍വിയുടെ കണക്കാണ് സെല്‍റ്റ വിഗോയ്ക്ക് പറയാനുള്ളത്. അത്‌ലറ്റികോ ബില്‍ബോയോട് 3-0 ന് തോല്‍വി ഏറ്റുവാങ്ങിയ സെല്‍റ്റ വിഗോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 1-0നും മലാഖയോട് 3-0നും ആല്‍വസിനോട് 3-1നും പരാജയപ്പെട്ടു.റയല്‍ കളിച്ച അവസാന അഞ്ച് മല്‍സരങ്ങളില്‍ ഒരു മല്‍സരത്തില്‍ മാത്രം തോല്‍വി രുചിച്ചപ്പോള്‍ മറ്റ് നാലു മല്‍സരങ്ങളിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് 2-1 നാണ് റയല്‍ തോറ്റത്. വലന്‍സിയെ 2-1നും അത്‌ലറ്റികോ മാഡ്രിഡിനെ 3-0നും ഗ്രാനഡയെ 4-0നും അവസാന മല്‍സരത്തില്‍ സെവിയ്യയെ 4-1നും തകര്‍ത്താണ് റയല്‍ സെല്‍റ്റ വിഗോയ്‌ക്കെതിരേ ബൂട്ട്‌കെട്ടുന്നത്.

RELATED STORIES

Share it
Top