22 വരെ ശക്തമായ മഴ: നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

പാലക്കാട്: കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ജൂണ്‍ 19 മുതല്‍ 22 വരെ തീയതികളില്‍ ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്താല്‍ ശക്തമായതും 12 മുതല്‍ 20 സെന്റീമീറ്റര്‍ അതിശക്തമായ മഴയായിട്ടുമാണ് കണക്കാക്കുന്നത്. കേരളത്തിലെ നദികളില്‍ വെളളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴ, പെട്ടെന്നുളള വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.  മഴ ശക്തമായ, വെളളപ്പൊക്ക-ഉരുള്‍പ്പൊട്ടല്‍ സാധ്യതയുളള താലൂക്കുകളില്‍ ഉചിതമായ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കും.  മലയോര മേഖലകളിലേയ്ക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി.
പ്രദേശവാസികളും വിനോദ സഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള മംഗലം, പോത്തുണ്ടി, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിലും വെളളിയാങ്കല്ലിലും തിരുവേഗപ്പുറയിലും ഡിറ്റിപിസി യും  മറ്റിടങ്ങളില്‍ ജലസേചന വകുപ്പും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

RELATED STORIES

Share it
Top