22 മുതല്‍ തീവ്രശുചീകരണ യജ്ഞം

തിരുവനന്തപുരം: പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ സംസ്ഥാനത്ത് തീവ്രശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ച് വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറും. ഇതോടൊപ്പം നദികള്‍, തോടുകള്‍, മറ്റു ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യും. ശുചീകരണത്തിനു പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ- സംസ്ഥാന തലങ്ങളില്‍ ഉണ്ടാവും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എന്നിവര്‍ക്കാണ്. വിദ്യാലയങ്ങളില്‍ ഹരിതകേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോല്‍സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അവബോധം ഉണ്ടാക്കും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.
ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടയുന്നതിനും തീരത്തുള്ള മാലിന്യം നീക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കു കര്‍ശന ശിക്ഷയും പിഴയും നല്‍കും. നിലവില്‍ ജില്ലകളുടെ ചുമതലകളുള്ള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്തുകള്‍ക്ക് പരമാവധി 10,000 രൂപയും നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് 25,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു, പദ്ധതി ഫണ്ടില്‍ നിന്ന് വിനിയോഗിക്കാവുന്നതാണ്. ജില്ലാതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഐഇസി പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ മിഷന്റെ ഐഇസി ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം നല്‍കും.
പ്രളയക്കെടുതികള്‍ക്കു ശേഷമുളള പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്കായി കെപിഎംജി സമര്‍പ്പിച്ച ക്രൗഡ് ഫണ്ടിങ് മാതൃകയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇത് നടപ്പാക്കുന്നതിനായി മിഷന്‍ സ്ഥാപിക്കും. വീടുകള്‍, ഉപജീവനമാര്‍ഗങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി സപോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനും പദ്ധതി നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അധിക വിഹിതം അരിയും മണ്ണെണ്ണയും ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കൈകാര്യ ചെലവ് മാത്രം ഈടാക്കി മുഴുവന്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്കും അഞ്ചുകിലോ വീതം അരി ഈ മാസവും 10 കിലോ വീതം ഒക്ടോബറിലും വിതരണം ചെയ്യും. ദുരിതബാധിത പ്രദേശങ്ങളില്‍ ലിറ്ററിന് 39 രൂപ നിരക്കില്‍ മണ്ണെണ്ണ നല്‍കും. ബാക്കിവരുന്ന മണ്ണെണ്ണ മല്‍സ്യത്തൊഴിലാളികള്‍ക്കു നല്‍കും. കൈകാര്യ ച്ചെലവ് ഇനത്തില്‍ വരുന്ന ബാധ്യത സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top