22ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ തുടക്കം

എച്ച് സുധീര്‍
ഹൈദരാബാദ്: 22ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ ഹൈദരാബാദില്‍ തുടക്കമാവും. ആര്‍ടിസി കല്യാണമണ്ഡപമാണ് സമ്മേളനവേദി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. മുതിര്‍ന്ന പാര്‍ട്ടി നേതാവ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. ഈ മാസം 22ന് സരോനഗര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം അവസാനിക്കുമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബി വി രാഘവലു ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അഞ്ചുദിവസം നീളുന്ന സമ്മേളനത്തില്‍ 25 പ്രമേയങ്ങള്‍ പാസാക്കും. ഒപ്പം പുതിയ ജനറല്‍ സെക്രട്ടറിയെയും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെയും തിരഞ്ഞെടുക്കുമെന്നും രാഘവലു വ്യക്തമാക്കി. സമ്മേളനത്തിന്റെ വിവിധ സെഷനില്‍ 846 പ്രതിനിധികള്‍ പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അടക്കമുള്ള ഇടതുപാര്‍ട്ടി നേതാക്കളും സമ്മേളനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയനയങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിശ്ചയിക്കപ്പെടുക. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ചചെയ്യാനുള്ള രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ കേന്ദ്രകമ്മിറ്റി പോളിറ്റ്ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സീതാറാം യെച്ചൂരി സെക്രട്ടറിയായതിനു ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ്സാണ് ഹൈദരാബാദില്‍ നടക്കാന്‍ പോവുന്നത്. രാജ്യത്താകമാനം നിലനില്‍ക്കുന്ന അസ്വസ്ഥതകളില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍, ജനകീയ അടിത്തറ വര്‍ധിപ്പിക്കല്‍. കര്‍ഷകസമരങ്ങളും വിദ്യാര്‍ഥിസമരങ്ങളും ഏറ്റെടുത്ത് പാര്‍ട്ടിക്ക് കൂടുതല്‍ ജനസ്വീകാര്യത നേടിയെടുക്കല്‍ തുടങ്ങിയ വിഷയങ്ങളടക്കം സാമൂഹിക, രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയങ്ങളാവും അവതരിപ്പിക്കുക.
കേന്ദ്രത്തിലെ ബിജെപി ഭരണം, ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയം എന്നിങ്ങനെ നിര്‍ണായക കാര്യങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചര്‍ച്ചയാവും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അടവുനയം രൂപീകരിക്കലും ഈ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ പാര്‍ട്ടികളോടും തുല്യ അകലം പാലിക്കുകയെന്നതാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിട്ടുള്ള നയം. ഈ നയത്തില്‍ വ്യതിയാനം വരുത്തി ബിജെപിയുടെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്നു നേരത്തേ യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയവും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയാവും.
ത്രിപുരയിലെ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനം കേരളമായി ചുരുങ്ങി. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഒരുവര്‍ഷം മാത്രമേ ബാക്കിയുള്ളൂ. പോയ പ്രതാപം അതിനു മുമ്പേ നേടിയെടുക്കാനുള്ള മാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നഷ്ടപ്പെട്ടുപോയ പൊതുജനവിശ്വാസം തിരികെ പിടിക്കാനുള്ള നടപടികള്‍ തേടുമെന്നും അധികാരങ്ങള്‍ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്നേറാന്‍ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടപടികള്‍ സ്വീകരിക്കുമെന്നും നേരത്തേ പോളിറ്റ്ബ്യൂറോ അംഗമായ എം എ ബേബി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനുള്ള തന്ത്രമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം മെനയുകയെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.

RELATED STORIES

Share it
Top