22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് പതാക ഉയര്‍ന്നു

ഹൈദരാബാദ്: അനവധി വിപ്ലവ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ തെലങ്കാനയുടെ മണ്ണില്‍ സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് പതാക ഉയര്‍ന്നു. ഹൈദരാബാദ് ബാഗ്‌ലിംഗം പള്ളി മുഹമ്മദ് അമീന്‍ നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകയും കേന്ദ്ര കമ്മിറ്റി ക്ഷണിതാവുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. തെലങ്കാനയുടെ തനത് കലാരൂപങ്ങളും ഗാനങ്ങളും ചടങ്ങിന് മിഴിവേകി. പിബി അംഗം മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
മണിക് സര്‍ക്കാര്‍ അനുശോചന പ്രമേയവും പിബി അംഗം ബി വി രാഘവലു സ്വാഗതവും പറഞ്ഞു. അഞ്ചുദിവസം ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടവുനയ രൂപീകരണത്തിനു പുറമെ അടിത്തറ വിപുലപ്പെടുത്താനുള്ള ചര്‍ച്ചകളുമുണ്ടാവും. പിബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായ പ്രസീഡയം സമ്മേളനം നിയന്ത്രിക്കും. കേരളത്തില്‍ നിന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് പുറമേ അമ്‌റാ റാം, യൂസുഫ് തരിഗാമി, ജെ പി ഗാവിട്ട്, മിനാട്ടി ഘോഷ്, എസ് വീരൈ എന്നിവരും പ്രസീഡിയത്തിലുണ്ട്.
പിബി അംഗം പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി തന്റെ നിലപാടും വിശദീകരിച്ചു. രാത്രിയോടെ സമ്മേളനം ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി പിരിഞ്ഞു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കും പൊതുചര്‍ച്ചയ്ക്കും ശേഷം രാഷ്ട്രീയപ്രമേയം അംഗീകരിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന റിപോര്‍ട്ടും സംഘടനാ റിപോര്‍ട്ടും പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിക്കും. ഈ റിപോര്‍ട്ടുകളുടെ ചര്‍ച്ച രണ്ടുദിവസം നടക്കും. തുടര്‍ന്നു പിബി യോഗം ചേര്‍ന്ന് മറുപടി തയ്യാറാക്കും. ജനറല്‍ സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മറുപടി നല്‍കും. 22നാണ് പുതിയ കേന്ദ്രകമ്മിറ്റി, പിബി എന്നിവയുടെ തിരഞ്ഞെടുപ്പ്. ഇതിനുശേഷം ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. 22ന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പുതിയ ജനറല്‍ സെക്രട്ടറി പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്യും.

RELATED STORIES

Share it
Top