Top

നിരപരാധിയെ തീവ്രവാദിയാക്കുന്ന വിധം

നിരപരാധിയെ തീവ്രവാദിയാക്കുന്ന വിധം
X


ഇശാ നമസ്‌കാരത്തിന് ഉമ്മയോടു യാത്ര പറഞ്ഞിറങ്ങിയതാണ് മുഹമ്മദ് ആമിര്‍ഖാന്‍ എന്ന മുസ്‌ലിം ചെറുപ്പക്കാരന്‍. നമസ്‌കാരം കഴിഞ്ഞ് ഉമ്മയ്ക്കുള്ള മരുന്നും വാങ്ങി വരാമെന്നു വാക്കും കൊടുത്തു. 1998 ഫെബ്രുവരി 20ാം തിയ്യതി വെള്ളിയാഴ്ച. നമസ്‌കാരം കഴിഞ്ഞ് മാതാപിതാക്കളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മനസ്സുനൊന്തു പ്രാര്‍ഥിച്ചതിനുശേഷം പള്ളിയില്‍ നിന്നു പുറത്തേക്കിറങ്ങി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്കു നടന്നു ആമിര്‍. മിക്ക കടകളും അടച്ചിരുന്നു. പഴയ ദില്ലയിലെ സദര്‍ ബസാറിലെ ബഹാദൂര്‍ഗര്‍ റോഡിലൂടെയാണ് ഖാന്‍ നടന്നുകൊണ്ടിരുന്നത്. ഇരുട്ടുള്ള ആ രാത്രിയില്‍ തണുത്ത കാറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ജിപ്‌സി വാന്‍ ആമിര്‍ഖാന്റെ അടുത്തു വന്നുനിന്നു. ആമിര്‍ഖാനെ ആരൊക്കെയോ റാഞ്ചിയെടുത്ത് വാനിനകത്താക്കി. നിലത്തു കമഴ്ത്തിക്കിടത്തി രണ്ടു കൈകളും പുറകില്‍ വച്ചു ബന്ധിച്ചു. കണ്ണുകള്‍ മൂടിക്കെട്ടി. എണീപ്പിച്ചിരുത്തിയ ഖാന് തന്നെ എന്തിനാണ് ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോവുന്നതെന്നു മനസ്സിലായില്ല. ഭയചകിതനായ അവന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ പറഞ്ഞ മറുപടി, ഉടനെ നീ അറിയുമെന്നാണ്.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തി ഖാനെ വണ്ടിയില്‍ നിന്ന് ഇറക്കി. ഇനി ആമിര്‍ഖാന്റെ വാക്കുകളില്‍ കഥ തുടരാം.
''ഞാന്‍ കാനയിലേക്കു വീണു. കൈക്കും കാലിനും പരിക്കുപറ്റി. പിന്നെ എന്നെ ഒരു മുറിയിലെത്തിച്ചു. എന്റെ കൈകളിലെ കെട്ടഴിച്ചു. കണ്ണില്‍ നിന്ന് മൂടിക്കെട്ടിയ തുണിക്കഷണവും അഴിച്ചുമാറ്റി. പത്തുപന്ത്രണ്ടുപേര്‍ ആ മുറിക്കകത്തുണ്ടായിരുന്നു. നല്ല തണ്ടുംതടിയുമുള്ളവര്‍. അതിലൊരാള്‍ എന്നോടു വസ്ത്രം അഴിക്കാന്‍ പറഞ്ഞു. എനിക്ക് നാണം വന്നു. അവര്‍ക്കൊരു നാണവുമില്ലായിരുന്നു.

എന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി. ഞാന്‍ പൂര്‍ണ നഗ്‌നനായി മാറി. അപ്പോള്‍ അവരില്‍ ഒരാളുടെ കമന്റ്,' ഇവന്‍മാര്‍ അണ്ടര്‍വെയര്‍ പോലും ധരിക്കുകയില്ലേ', ഇവന്‍മാര്‍ എന്നുദ്ദേശിച്ചത് മുസ്‌ലിംകളെയാണെന്ന് ഞാനൂഹിക്കുന്നു. പിന്നെ ഓരോരുത്തരായി എന്നെ മര്‍ദിക്കാന്‍ തുടങ്ങി. കൂടെ പുളിച്ച തെറിയും. എന്നെ മാത്രമല്ല, എന്റെ സമുദായത്തെയും തെറിയില്‍ അഭിഷേകം ചെയ്തു. ഇത്തരം അസഭ്യവാക്കുകള്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല.
എന്തിനാണെന്നെ മര്‍ദിക്കുന്നതെന്നു ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അതിനാരും മറുപടി പറഞ്ഞില്ല. മര്‍ദനം സഹിക്കവയ്യാതെ ഞാന്‍ താഴത്തുവീണു. എന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോരവാര്‍ന്നു. ഞാന്‍ വലിയ വായില്‍ കരയുന്നുണ്ടായിരുന്നു. എന്റെ ശബ്ദം കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. മര്‍ദനം നിര്‍ത്തി അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അപ്പോഴാണ് അവര്‍ പോലിസുകാരാണെന്ന് എനിക്കു മനസ്സിലായത്.''
ഇതു ബോളിവുഡ് സിനിമയിലെ ഒരു രംഗമല്ല. 1998ല്‍ പഴയ ദില്ലിയില്‍ നടന്ന ഒരു സംഭവം, ഇര തന്നെ വിവരിക്കുന്ന ഒരു രംഗമാണ്.
പഴയ ദില്ലിയില്‍ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ആമിര്‍ഖാന്റെ ജനനം. ബാപ്പയും ഉമ്മയും രണ്ടു സഹോദരികളും അടങ്ങുന്ന ഒരു കുടുംബം. ദാരിദ്ര്യം കൊണ്ട് മൂന്നാംക്ലാസിനപ്പുറം ആമിറിന് പഠിക്കാനായില്ല. ഒരു സഹോദരിയെ വിവാഹം കഴിച്ചത് പാകിസ്താനിയാണ്.

അവരുടെ വാസസ്ഥലം കറാച്ചിയാണ്. മറ്റൊരു സഹോദരിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത് ബംഗളൂരുവിലാണ്.
കറാച്ചിയിലെ സഹോദരിയെ സന്ദര്‍ശിക്കാന്‍ കുടുംബത്തില്‍ നിന്നു നിര്‍ബന്ധം കൂടിയപ്പോള്‍ അപേക്ഷയുമായി പാകിസ്താന്‍ എംബസിയെ സമീപിച്ചു. വിസയുമായി തിരിച്ചുവരുന്ന സമയത്ത് വഴിയില്‍ വച്ച് ഗുപ്താജിയെന്ന ഒരാളുമായി പരിചയപ്പെട്ടു. ഗുപ്താജി പിന്നെ പതിവു സന്ദര്‍ശകനായി. പാകിസ്താനില്‍ പോവുമ്പോള്‍ രാജ്യത്തിനുവേണ്ടി സേവനം ചെയ്യണമെന്നഭ്യര്‍ഥിച്ചു. അപ്പോഴാണ് അയാള്‍ ഇന്ത്യയുടെ ചാരസംഘടനയിലെ ഒരംഗമാണെന്ന് ഖാന്‍ മനസ്സിലാക്കുന്നത്. 'കുടുങ്ങിയല്ലോ പടച്ചവനേ' എന്നയാള്‍ മനസ്സില്‍ കരുതി. എന്തു പറഞ്ഞു രക്ഷപ്പെടും? ഒരു നിവൃത്തിയുമില്ല സമ്മതം കൊടുക്കാതെ. അങ്ങനെ ഒരു കാമറയും കുറച്ചു പൈസയും ആമിറിനെ ഏല്‍പ്പിച്ചു. കറാച്ചി നേവല്‍ ബേസിന്റെ കുറച്ചു പടങ്ങള്‍ എടുക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു. കൂടാതെ ചൗധരി എന്നൊരാള്‍ ബന്ധപ്പെടുമെന്നും അയാള്‍ കുറെ കടലാസുകള്‍ ഏല്‍പ്പിക്കുമെന്നും അത് ഭദ്രമായി കൊണ്ടുവന്ന് തന്നെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ആമിര്‍ എല്ലാം സമ്മതിച്ചു. ആ ശപ്തനിമിഷത്തെക്കുറിച്ച് ഓര്‍ക്കുന്ന ആമിറിന് തന്നെത്തന്നെ കുറ്റപ്പെടുത്താതിരിക്കാന്‍ കഴിയുന്നില്ല. ആ ദൗത്യം ഏറ്റെടുത്തതു മുതലാണ് തന്റെ ജീവിതം മറ്റൊരു വഴിക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതെന്നും നടുക്കത്തോടെ അയാള്‍ ഓര്‍ക്കുന്നു.
ആമിര്‍ഖാന്‍ കറാച്ചിയില്‍ എത്തി സഹോദരിയുടെ കൂടെ ഒരു മാസത്തോളം താമസിക്കുകയും അതിനിടയില്‍ ഗുപ്താജി നിര്‍ദേശിച്ച കാര്യങ്ങള്‍ കുറെയൊക്കെ നിറവേറ്റുകയും ചെയ്തു. നേവല്‍ബേസിന്റെ കുറെ ഫോട്ടോകള്‍ എടുത്തു. ഇതിനിടയില്‍ ചൗധരി എന്നയാള്‍ ബന്ധപ്പെടുകയും ഏതോ രേഖകള്‍ അടങ്ങിയ ഒരു ബാഗ് നല്‍കുകയും ചെയ്തു.
''ഇതെന്തൊരു പ്രവര്‍ത്തനമാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇങ്ങനെയാണോ ഇന്ത്യന്‍ ഐബി പ്രവര്‍ത്തിക്കുന്നത്. വഴിയില്‍ കണ്ട ഒരുത്തനെ വിളിച്ചുവരുത്തി ചാരപ്പണി ഏല്‍പ്പിക്കുക. എനിക്കതു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ, ഇവിടെ ആമിര്‍ഖാന്‍ തനിക്ക് ഐബിയില്‍ നിന്നു കിട്ടിയ പരിശീലനത്തെപ്പറ്റി പറയാതിരിക്കുകയാവാം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരുപക്ഷെ ഐബിക്ക് ആളെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റിയിരിക്കാം. പിന്നീടുള്ള സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.
കറാച്ചിയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ച ആമിറിന് വാഗാ അതിര്‍ത്തിയില്‍ വച്ചു ആത്മവിശ്വാസം നഷ്ടപ്പെട്ടു. കര്‍ശനമായ പരിശോധനയായിരുന്നു അവിടെ. ക്യൂവിനു മുമ്പില്‍ നിന്നവരെയൊക്കെ ഇങ്ങനെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് കണ്ട് ആമിര്‍ നേരെ ടോയ്‌ലറ്റിലേക്ക് ഓടി. തന്റെ കൈവശമുണ്ടായിരുന്ന കാമറയും ചൗധരി ഏല്‍പിച്ച ബാഗും അവിടെ ഉപേക്ഷിച്ചു. വെറും കൈയോടെയാണ് ആമിര്‍ ഇന്ത്യയിലെത്തിയത്.
ഈ സംഭവമാണ് ഗുപ്താജിയെ രോഷാകുലനാക്കിയത്. കാര്യം നടന്നില്ല. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടു. രേഖകള്‍ ഇയാള്‍ ഐഎസ്‌ഐക്ക് കൈമാറിയോ, ഇവനെ ഐഎസ്‌ഐ (പാകിസ്താന്‍ ചാരസംഘടന) വിലയ്‌ക്കെടുത്തോ? ഇത്തരം സംശയങ്ങളാണ് തുടക്കത്തില്‍ പറഞ്ഞ തട്ടിയെടുക്കലിലും മര്‍ദനത്തിലേക്കും ഗുപ്താജിയെ നയിച്ചത്. ആ കാരണം കൊണ്ടുതന്നെയാണ് ആമിര്‍ തീവ്രവാദിയായതും. 1998 മുതല്‍ 14 വര്‍ഷമാണ് ആമിര്‍ഖാന്‍ കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നത്. 19 കേസുകളില്‍ പ്രതിയാക്കപ്പെട്ട് മനസാ വാചാ കര്‍മണാ ഒരറിവും ഇല്ലാത്ത 19 സ്‌ഫോടനക്കേസുകള്‍. വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലായി നടന്ന ഈ കേസുകളിലെല്ലാം പ്രതിയാക്കപ്പെട്ടു. ഓരോ കേസും ഓരോ യക്ഷിക്കഥപോലെ തോന്നി ആമിറിന്. ഇത്രയും സര്‍ഗാത്മകമായി കഥകള്‍ മെനഞ്ഞെടുക്കാന്‍ ഇന്ത്യന്‍ പോലിസിന് കഴിയുമെന്നും ആ കാര്യത്തില്‍ എംടിയും ബഷീറും അവരോട് അടിയറവ് പറയേണ്ടിവരുമെന്നും ബോധ്യമായ നിമിഷങ്ങള്‍. ചുമ്മാതല്ല ഇന്ത്യന്‍ പോലിസിനെപ്പറ്റി എ എന്‍ മുല്ല എന്ന ജഡ്ജി സ്വാതന്ത്ര്യപൂര്‍വകാലത്ത് നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത സേനയാണ് എന്നു പറഞ്ഞത്. അതുകൊണ്ടാണ് നിരപരാധിയായ ആമിര്‍ഖാനെ കൊടിയ തീവ്രവാദിയാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചത്.
ടെററിസ്റ്റ് എന്ന മുദ്ര ചാര്‍ത്തപ്പെട്ട് കസ്റ്റഡിയില്‍ ഇരുന്ന സമയത്ത് കൊടിയ മര്‍ദനത്തിനു വിധേയമാക്കി ബ്ലാങ്ക് പേപ്പറുകളില്‍ ഒപ്പുവാങ്ങിയിരുന്നു. ഇതില്‍ ഒന്നു ഉപയോഗിച്ചത് ഖാന്‍ അവന്റെ മാതാവിന് എഴുതുന്ന ഒരു കത്തായിട്ടാണ്. ഈ കത്തുമായി വരുന്ന ആളിന്റെ കൈവശം പാസ്‌പോര്‍ട്ടും ഐഡികാര്‍ഡും മറ്റും കൊടുത്തയക്കണം- ഇതായിരുന്നു കത്തിന്റെ സാരം. അതനുസരിച്ച് പോലിസുകാര്‍ ആമിറിന്റെ വ്യക്തിഗത രേഖകളെല്ലാം കരസ്ഥമാക്കിയിരുന്നു. ബാക്കിയുള്ള ബ്ലാങ്ക് കടലാസുകളില്‍ ഖാന്റെ കുറ്റസമ്മതം രേഖപ്പെടുത്തി. പിന്നെ എന്തിനൊക്കെ ഉപയോഗിച്ചു എന്ന് ഒരു തിട്ടവുമില്ല.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍, ആമിറിന്റെ കേസ് വാദിക്കാന്‍ പ്രഗല്‍ഭരായ വക്കീലന്മാരെ ലഭിക്കുകയുണ്ടായില്ല. ഭാഗ്യത്തിന് ഫിറോസ്ഖാന്‍ ഗാന്ധി എന്ന പ്രശസ്തനല്ലാത്ത ഒരു വക്കീല്‍ ഖാന്റെ കേസ് നടത്താന്‍ തയ്യാറായി മുന്നോട്ടുവന്നു. യാതൊരു പ്രതിഫലവും അദ്ദേഹം ആവശ്യപ്പെട്ടില്ല. കേസുകളുടെ പൊതുസ്വഭാവം കണ്ടപ്പോഴേ വക്കീല്‍ പറഞ്ഞു, കുറ്റവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലല്ലോ. അതുകൊണ്ട് കേസുകളൊന്നും നിലനില്‍ക്കില്ല. ആ പ്രസ്താവന അക്ഷരംപ്രതി അന്വര്‍ഥമായി. ഓരോ കേസിലും പത്തും മുപ്പതും പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചെങ്കിലും അവരാരും തന്നെ പ്രതിയെ കണ്ടവരായിരുന്നില്ല. പ്രതിക്ക് കുറ്റകൃത്യവുമായി വിദൂരബന്ധം പോലുമുണ്ടെന്നു തെളിയിക്കാന്‍ പറ്റിയ ഒരു വസ്തുതയും കോടതി മുമ്പാകെ ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ല. കേസുകള്‍ ഓരോന്നായി വിട്ടുപോയി.
നീണ്ട 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ആണ് ആമിര്‍ഖാന് പുറംലോകം കാണാന്‍ കഴിഞ്ഞത്. ഭരണകൂടത്തിന്റെ മുസ്‌ലികള്‍ക്കെതിരായ പക്ഷപാതിത്വം നിറയെ അനുഭവിക്കാന്‍ സാധിച്ചു. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസായാലും ബിജെപി യായാലും പോലിസിനും ഐബിക്കും ജയിലധികൃതര്‍ക്കും പൊതുവെ മുസ്‌ലിംകളോടുള്ള വെറുപ്പും വിദ്വേഷവും ആമിര്‍ഖാന് നല്ലവണം മനസ്സിലായി. അതിന്റെ തിക്തഫലങ്ങള്‍ വേണ്ടുവോളം അനുഭവിച്ചു. ആരോഗ്യം പോയി, ആയുസ്സ് പോയി. പക്ഷേ, ആമിറിനു വേണ്ടി 14 വര്‍ഷം കാത്തിരുന്ന മാതാവിനോടൊപ്പം തന്റെ പ്രണയിനിയായ അലിയാ ഉണ്ടായിരുന്നതു കൊണ്ടാണ് വളരെയധികം മാനസിക സമ്മര്‍ദങ്ങളുണ്ടായിട്ടും ആമിര്‍ പ്രത്യാശ വെടിയാതെ മോചനത്തിനായി കാത്തിരുന്നത്. തന്റെ കൂട്ടുപ്രതിയായി കള്ളക്കേസില്‍ കുടുക്കിയ ഷക്കീല്‍ എന്ന യുവാവ് പിടിച്ചുനില്‍ക്കാനാവാതെ ജയിലില്‍ ആത്മഹത്യ ചെയ്തത് സങ്കടത്തോടെ ആമിര്‍ ഓര്‍ക്കുകയാണ്. താന്‍ കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യകാലങ്ങളില്‍ കേസുകള്‍ നടത്താനും തന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും മുമ്പിലുണ്ടായിരുന്ന പിതാവ് തന്റെ മോചനം കാണും മുമ്പേ തന്നെ വിട്ടുപിരിഞ്ഞത് വിട്ടുമാറാത്ത ഒരു ആത്മനൊമ്പരമായി ആമിര്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇങ്ങനെ എത്ര എത്ര മുസ്‌ലിം ചെറുപ്പക്കാരെയാണ് ഭരണകൂടം തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്? നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2001 മുതല്‍ 2012 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യന്‍ ജയിലുകളിലുള്ള മുസ്‌ലിംകളുടെ ശതമാനം അവരുടെ ജനസംഖ്യാ ശതമാനത്തിന്റെ രണ്ടിരട്ടിയില്‍പ്പരമാണ്. 55 ശതമാനം മുസ്‌ലിം കുറ്റവാളികളും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളിലാണ്. മറ്റൊരു സംഭ്രമജനകമായ വസ്തുത, ഇന്ത്യയില്‍ ഒരു ദിവസം കുറഞ്ഞത് നാലുപേരെങ്കിലും കസ്റ്റഡി മരണത്തിന് വിധേയമാവുന്നുണ്ട് എന്നുള്ളതാണ്.
ഖാന് അനുഭവിക്കേണ്ടിവന്ന വിവേചനവും പീഡനവും ഒരാളെ യഥാര്‍ഥ തീവ്രവാദിയാക്കാന്‍ മതിയായ കാരണമാണ്. പക്ഷേ, ഭാഗ്യവശാല്‍ ആമിര്‍ഖാന്‍ ആ വഴിക്ക് പോയില്ല. ഒരുപക്ഷേ അദ്ദേഹത്തിന് ചെറുപ്പത്തിലെ ലഭിച്ച ധാര്‍മികബോധം കൊണ്ടായിരിക്കും അത്. അദ്ദേഹം ഇപ്പോള്‍ സാമൂഹികസേവന മേഖലയാണ് പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജയില്‍മോചിതനായതിനുശേഷം അദ്ദേഹം എഴുതിയ ഒരു പുസ്തകം 2016ല്‍ ന്യൂഡല്‍ഹിയിലെ സ്പീക്കിങ് ടൈഗര്‍ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്' എന്നാണതിന്റെ ടൈറ്റില്‍. ഈ പുസ്തകം എങ്ങനെ ഒരു നിരപരാധിയെ ഇന്ത്യന്‍ പോലിസ് ടെററിസ്റ്റാക്കി മാറ്റിയെന്ന് നമുക്ക് പറഞ്ഞുതരുന്നു. നമുക്ക് ഓരോരുത്തര്‍ക്കും അനുഭവപാഠമാണീ കഥ.
Next Story

RELATED STORIES

Share it