21 ശതമാനം അധികമഴ; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം/കോട്ടയം/തൃശൂര്‍: കാലവര്‍ഷം രണ്ടു മാസം പിന്നിടുമ്പോള്‍ കേരളത്തിന് 21 ശതമാനം അധികമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അഞ്ചു ജില്ലകളില്‍ അതിവൃഷ്ടി അനുഭവപ്പെട്ടപ്പോള്‍ രണ്ടു ജില്ലകളില്‍ പതിവിലും കുറഞ്ഞതോതിലാണ് മഴ ലഭിച്ചത്. ജൂണ്‍ ഒന്ന് മുതലുള്ള കണക്കനുസരിച്ചാണിത്. ഇക്കാലയളവില്‍ മഴയുടെ തോത് 1096.7 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 1327.9 മില്ലിമീറ്റര്‍ ലഭിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിവൃഷ്ടിയുണ്ടായി. മലപ്പുറത്ത് 25 ശതമാനം അധികമഴ ലഭിച്ചപ്പോള്‍ ബാക്കിയുള്ള ജില്ലകളില്‍ ഇതു 40 ശതമാനത്തിലേറെയാണ്. അതേസമയം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ ശരാശരിയിലും കുറഞ്ഞു. കേരളത്തില്‍ ഏറ്റവും വലിയ മഴ രേഖപ്പെടുത്തിയത് 1924 ജൂലൈ 16ന് ആണ് (കൊല്ലവര്‍ഷം 1099 കര്‍ക്കടകം ഒന്ന്). ഇടുക്കിയില്‍ 24 മണിക്കൂറില്‍ 317 മില്ലിമീറ്റര്‍ മഴയാണ് അന്നു പെയ്തത്. തലേന്നു പെയ്തത് 240 മില്ലിമീറ്റര്‍. ഇപ്പോള്‍ പെയ്യുന്ന മഴ കാലാവസ്ഥാ വ്യതിയാനമല്ല, ന്യൂനമര്‍ദമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വാദം.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മഴക്കെടുതിയില്‍ ഇന്നലെ നാലുപേര്‍ കൂടി മരിച്ചു. കോട്ടയം ജില്ലയിലെ കൊക്കയാറില്‍ മണിമലയാറ്റില്‍ കാണാതായ അടൂര്‍ മേലുക്കട തെക്കേതില്‍ പ്രദീപ്-ലിസി ദമ്പതികളുടെ മകന്‍ പ്രവീണി(27)ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. ഇതോടെ ജില്ലയില്‍ മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. പ്രവീണിനൊപ്പം ഒഴുക്കില്‍പ്പെട്ട തുറവൂര്‍ വടക്ക് എ വി ഷാഹുലി(21)നായുള്ള തിരച്ചില്‍ തുടരുകയാണ്.
തൃശൂര്‍ ജില്ലയിലെ ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി കുതിരാന്‍കയറ്റത്തില്‍ ബൈക്ക് യാത്രികന്‍ കുഴിയിലും ചളിയിലുംപെട്ട് മറിഞ്ഞ് ലോറി കയറി മരിച്ചു. വടക്കഞ്ചേരി കണക്കന്‍തുരുത്തി പല്ലാറോഡ് പാലത്തടത്തില്‍ പരേതനായ നാണുവിന്റെ മകന്‍ പി എന്‍ മുരളി(53)യാണ് മരിച്ചത്.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കവിയൂരില്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് ഐടിഐ വിദ്യാര്‍ഥിയെ കാണാതായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടൂര്‍ പുത്തന്‍മഠത്തില്‍ ബാബുവിന്റെ മകന്‍ ബിന്നിയെ (18) ആണ് കാണാതായത്.
ആലപ്പുഴ എടത്വയില്‍ പിഞ്ചുകുട്ടി മുറ്റത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. എടത്വാ പഞ്ചായത്ത് 13ാം വാര്‍ഡില്‍ പച്ച പന്ത്രണ്ടില്‍ ജയ്‌മോന്‍ ജോസഫിന്റെ മകള്‍ എയ്ഞ്ചല്‍ (രണ്ടര) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. മകള്‍ക്കു മിഠായി നല്‍കിയശേഷം മാതാവ് അടുക്കളയിലേക്കു പോയ സമയത്താണ് വീട്ടുമുറ്റത്തെ മുട്ടോളം വെള്ളത്തില്‍ കുട്ടി വീണത്.

RELATED STORIES

Share it
Top