21 വര്‍ഷത്തെ ഇടവേള നാഗ്ജി വീണ്ടും കേരളത്തില്‍stadiumടി പി ജലാല്‍
കറാച്ചി കിക്കേഴ്‌സ്, അബഹാനി ക്രീഡാ ചക്ര, കൊല്‍ക്കത്തയിലെ ത്രിമൂര്‍ത്തികള്‍  തുടങ്ങിയ ടീമുകളുടെ മികച്ച പ്രകടത്തിന് കാതോര്‍ക്കാറുള്ള  കാണികളുടെ പുതിയ ആഗ്രഹങ്ങള്‍ക്ക് പത്തരമാറ്റ് നല്‍കിക്കൊണ്ടാണ് നാഗ്ജി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
45 വര്‍ഷത്തിനിടയില്‍ 10 തവണ മുടങ്ങിയ നാഗ്ജി ഇനി ഓര്‍മ മാത്രമാവുമെന്ന കോഴിക്കോടന്‍ കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് അടുത്ത വര്‍ഷം നാഗ്ജി ചാംപ്യന്‍ഷിപ്പെത്തുന്നത്. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ പഴക്കം ചെന്ന ടൂര്‍ണമെന്റുകളിലൊന്നായ നാഗ്ജി വീണ്ടും കോഴിക്കോട്ടെത്തുമ്പോള്‍ കേരള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വകയാണ് നല്‍കുക.
1952ല്‍ ആരംഭിച്ച ഈ ഫുട്‌ബോള്‍ മാമാങ്കം ഇടക്കു സന്തോഷ് ട്രോഫിക്കും ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചതോടെ മുടങ്ങിയിരുന്നു. ഈ ഇടവേള കേരള ഫുട്‌ബോളിന്റെ ഭാവിക്ക് തടസ്സമായതെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം. ഇന്ത്യ, പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ ടീമുകള്‍   മികച്ച പ്രകടനമാണ് നടത്തിയത്. മുടക്കമില്ലാതെ പോയിരുന്നുവെങ്കില്‍ ടൂര്‍ണമെന്റിന്റെ  വളര്‍ച്ചക്കൊപ്പം കേരളത്തില്‍ മികച്ച ടീമുകള്‍ ഉയര്‍ന്നു വരുമായിരുന്നുവെന്നാണ് മുന്‍ ഫുട്‌ബോള്‍ താരങ്ങള്‍ പറയുന്നത്.   കറാച്ചി കിക്കേഴ്‌സ്, അബഹാനി ക്രീഡാ ചക്ര, കൊല്‍ക്കത്തയിലെ ത്രിമൂര്‍ത്തികള്‍  തുടങ്ങിയ ടീമുകളുടെ മികച്ച പ്രകടത്തിന് കാതോര്‍ക്കാറുള്ള  കാണികളുടെ പുതിയ ആഗ്രഹങ്ങള്‍ക്ക് പത്തരമാറ്റ് നല്‍കിക്കൊണ്ടാണ് നാഗ്ജി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.

കൊല്‍ക്കത്തന്‍ ടീമുകളുടെ ഇഷ്ട ഗ്രൗണ്ട്

കോഴിക്കോടന്‍ കാണികളുടെ മനസ്സില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ഓര്‍മ്മയാണ് അന്നത്തെ  കൊല്‍ക്കത്തയിലെ  മുഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ടീമുകളുടെ പ്രകടനം. വേഗതകൊണ്ടും മെയ്‌വഴക്കം കൊണ്ടും തിങ്ങി നിറഞ്ഞ ഗാലറിയെ ത്രസിപ്പിച്ച ഗോള്‍കീപ്പര്‍ അതാനു ബട്ടാചാര്യ, പ്രതിരോധ നിരയിലെ കരുത്തനായ സൂദീപ് ചാറ്റര്‍ജ്ജി, ബോംബെ മഫത്ത്‌ലാല്‍ താരം ശ്യാം ഥാപ്പ, ജെ.സി.ടിയുടെ ഇന്ദര്‍ സിംങ്, മഥന്‍ സിങ്, സാല്‍ഗോക്കറിന്റെ ഇന്റര്‍നാഷനല്‍ ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദ് തുടങ്ങിയവര്‍ക്ക് പുറമെ  ഡെംപോ, വാസ്‌കോ ടീമുകളും ലക്കി സ്റ്റാര്‍ കണ്ണൂര്‍, ടാറ്റ ബോംബെ, മൈസൂര്‍ മുസ്‌ലിംസ്, പഞ്ചാബ് പോലീസ്, ആന്ധ്രാ ഇലവന്‍,എം.ആര്‍.സി,ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തുടങ്ങിയവ അന്ന് കത്തിജ്ജ്വലിച്ച ടീമുകളായിരുന്നു.

1860 munich teamഈസ്റ്റ് ബംഗാളിനാദ്യമായി 17കാരന്‍ ബൈച്ചുങ് ബൂട്ടിയ കളത്തിലിറങ്ങിയതിന് സാക്ഷിയാവാനും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനായിട്ടുണ്ട്.  അന്ന് കൊല്‍ക്കത്ത,ഗോവ ടീമുകളുടെ ഇഷ്ട ഗ്രൗണ്ടുകളിലൊന്നായിരുന്നു കോഴിക്കോടെന്ന വിവരമറിയുന്നവര്‍ ഇന്ന് അപൂര്‍വമാണ്.
നാല് തവണ കപ്പടിച്ച മുഹമ്മദന്‍സ് കൊല്‍ക്കത്തയും ഐ എം വിജയന്‍ നയിച്ച ജെസിടി മില്‍സ് ഫഗ്വാര, മുന്ന് തവണ കപ്പില്‍ മുത്തമിട്ട എച്ച്എഎല്‍ ബാംഗ്ലൂര്‍, എംആര്‍സി വെല്ലിംങ്ടന്‍, കറാച്ചി കിക്കേഴ്‌സ് പാക്കിസ്ഥാനും, സെക്കന്തരാബാദും, ഈസ്റ്റ് ബംഗാളും, മോഹന്‍ബഗാനും രണ്ടു തവണ നാഗ്ജി കൊണ്ടു പോയിട്ടുണ്ട്.
സാല്‍ഗോക്കര്‍, ടാറ്റാ ബോംബെ, ബിഎസ്എഫ്, എംഇജി ബാംഗ്ലൂര്‍, ആര്‍എസി രാജസ്ഥാന്‍, ബംഗ്ലാദേശിലെ അബഹാനി ക്രീഡാ ചക്ര, ആന്ധ്രാ ഇലവന്‍, ആന്ധ്രാ പോലീസ്, ഇന്ത്യന്‍ ഇലവന്‍, പഞ്ചാബ് പോലീസ്, രാജസ്ഥാന്‍ പോലീസ്, വാസ്‌കോ ഗോവ ടീമുകള്‍ ഒറ്റ തവണ കിരീടം ചൂടിയവരാണ്.   1967ല്‍ കുണ്ടറ അലിന്ദ് ടീമാണ് ചാംപ്യന്‍പട്ടം നേടിയ ഏക കേരള ടീം. ആദ്യ ടൂര്‍ണമെന്റില്‍ ലക്കി സ്റ്റാര്‍ കണ്ണൂരും മുന്ന് തവണ ടെറ്റാനിയവും ഒരു തവണ ജിംഖാന കണ്ണൂരും രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. എച്ച്എഎല്‍ ബാംഗ്ലൂര്‍ ആദ്യ ജേതാക്കളും (1952),  ജെസിടി ഫഗ്വാര അവസാന ജേതാക്കളുമാണ് (1995).

ബ്രസീലും അര്‍ജന്റീനയും കണ്‍മുന്നില്‍

അന്ന് അയല്‍രാജ്യങ്ങളില്‍നിന്നാണെങ്കില്‍ ഇന്ന് സാക്ഷാല്‍ ലോകത്തിലെ അതികായന്മാരായ അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും അവരുടെ ക്ലബ്ബുകളുമാണ് രംഗത്തുള്ളത്. ഇവരുടെ  മാസ്മരിക പ്രകടനം നടത്തു ന്നത് നേരിട്ട് കാണാനുള്ള ഭാഗ്യം കേരളത്തിന് മാത്രമായിരിക്കുകയാണ്. അര്‍ജന്റീന,സ്‌പെയിന്‍ ടീമുകളുടെ അണ്ടര്‍ 23 കളിക്കാരാണെങ്കിലും ഭാവിയിലെ ഫാബ്രിഗാസിനേയും മെസിയേയും നമുക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാണാനാവും.

nabil-ghilas-ജനുവരി22 മുതല്‍ ഫെബ്രുവരി 7 വരെ 15 ദിവസത്തെ പോരാട്ടങ്ങളാണ് വരാന്‍ പോവുന്നത്. അര്‍ജന്റീന, സ്‌പെയിന്‍ ദേശീയ ടീമുകളും ജര്‍മനിയിലെ 1860 മ്യൂണിക്ക് ക്ലബ്ബ്, ഹെര്‍ത്താ ബര്‍ലിന്‍ സ്‌പോര്‍ട്‌സ് ക്ലബ്, ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റിക്കോ പാരനന്‍സ്, മറഡോണ തിളങ്ങിയ അര്‍ജന്റീനയിലെ റിവര്‍പ്ലേറ്റ്, സ്‌പെയിനിലെ ലെവന്റെ എന്നീ ടീമുകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള ഐ ലീഗ് ചാംപ്യന്മാരുമാണ്  രണ്ടു ഗ്രൂപ്പുകളായി ആക്രമണം നടത്തുക. കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് താരം എയ്ഞ്ചല്‍ കൊറിയയും 1860 മ്യു ണി ക്ക് ടീമിലെ മിഡ്ഫീല്‍ഡര്‍  ഡാനിയേല്‍ അഡ്‌ലുങ്ങും മികച്ച ഡിഫന്റര്‍ കാഡു ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റിക്കോ പാരനന്‍സിനും വേണ്ടിയും   കോഴിക്കോട്ടെത്താന്‍ സാധ്യതയുണ്ട്.
കൂടാതെ  സപെയിനിലെ ലെവന്റെയ്ക്കു വേണ്ടി കഴിഞ്ഞ ലോകകപ്പില്‍ അല്‍ജീരിയയുടെ കുപ്പായമണിഞ്ഞ മുന്നേറ്റനിരക്കാരന്‍ നബീല്‍ ഇഖ്‌ലാസും ഇടതു വിങ് ബാക്ക് അന്റോണിയോ ഗാര്‍സ്യയും പെഡ്രോ ലോപസ് മുനസും കളിക്കാനിറങ്ങുന്നുണ്ട്. ലീഗ് മത്സരങ്ങളില്ലെങ്കില്‍ റിവര്‍പ്ലേറ്റ് ടീമിലുള്ള 33 കാരന്‍ മുന്‍ അര്‍ജന്റീന സൂപ്പര്‍ താരം ജാവിയര്‍ സാവിയോളയും കേരള മണ്ണില്‍ കാലുകുത്തുമെന്നാണ് സൂചന..

സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം, ഡിഎഫ്എകെഎഫ്എഎന്നിവരുടെ മേല്‍നോട്ടത്തിലാണ് ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ടുര്‍ണമെന്റിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. 36ാം തവണത്തെ ടൂര്‍ണമെന്റിനാണ് അടുത്ത വര്‍ഷം തുടക്കം കുറിക്കുക. 1995നുശേഷം  ഈ വര്‍ഷത്തെ ദേശീയ ഗെയിംസ് ഫുട്‌ബോള്‍  കാണാനാണ് അവസാനമായി ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.  എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ബ്രസീലിനും അര്‍ജന്റീനക്കും വേണ്ടി  ഊണും ഉറക്കവുമൊഴിക്കുന്ന മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയം മുഴുവന്‍ കൈയ്യിലെടുത്ത് മെക്‌സിക്കന്‍ തിരമാല തീര്‍ക്കുന്നതിനായി നമുക്ക് കാത്തിരിക്കാം.

RELATED STORIES

Share it
Top