203 സ്റ്റേഷനുകളില്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാര്‍

തിരുവനന്തപുരം: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ 196 ലോക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി ചുമതലയേറ്റു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനില്‍ നടന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ആയി ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍ ചുമതലയേറ്റു. പരാതികള്‍ നിയമപരമായി സ്വീകരിക്കാനും കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും  അധികാരപ്പെട്ട ഉദ്യോഗസ്ഥനാണ് എസ്എച്ച്ഒ. ആ ചുമതലയില്‍ കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന് ഡിജിപി പറഞ്ഞു. കുറ്റാന്വേഷണത്തിന് പ്രത്യേക സംവിധാനം വരുന്നതോടെ കൂടുതല്‍ മികച്ച രീതിയില്‍ അന്വേഷണം നടത്താന്‍ കഴിയും. ആ നിലയ്ക്ക് ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒന്നാണ് ഈ പരിഷ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ 203 സ്റ്റേഷനുകളില്‍ (നേരത്തേ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി ഉണ്ടായിരുന്ന ഏഴു സ്റ്റേഷനുകള്‍ ഉള്‍പ്പെടെ) ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായ സ്റ്റേഷനുകള്‍ നിലവില്‍വന്നു.  ഇവരുടെ കീഴില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണ ചുമതലകളുമുള്ള രണ്ട് എസ്‌ഐമാര്‍ ഉണ്ടാവും. ഐജി മനോജ് എബ്രഹാം, കമ്മീഷണര്‍ പി പ്രകാശ് സംബന്ധിച്ചു.

RELATED STORIES

Share it
Top