2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മല്‍സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ


ദുബയ്: 2019 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി കരുത്തരായ ദക്ഷിണാഫ്രിക്ക. നടന്നുകൊണ്ടിരിക്കുന്ന ഐസിസിയുടെ മീറ്റിങിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. 2019 ജൂണ്‍ നാലിനാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മല്‍സരം. നേരത്തെ ജൂണ്‍ രണ്ടിനായിരുന്നു മല്‍സരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞ് 15 ദിവസത്തിന് ശേഷമെ അന്താരാഷ്ട്ര മല്‍സരം കളിക്കാവു എന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശമുള്ളതിനാലാണ് മല്‍സരം രണ്ട് ദിവസം വൈകിപ്പിച്ചത്. മെയ്് 30 മുതല്‍ ജൂലൈ 14വരെയാണ് ലോകകപ്പ് നടക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 12 വേദികളിലായി 48 മല്‍സരങ്ങളാണ് ലോകകപ്പില്‍ നടക്കുന്നത്. 2019ലെ ഐപിഎല്ലിന്റെ 12ം സീസണ്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19വരെ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അവസാന ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി 14 ടീമുകളില്‍ നിന്ന് 10 ടീമുകളാവും ഇത്തവണ ലോകകപ്പില്‍ കളിക്കുന്നത്. 10 ടീമുകളും ഒരു ഗ്രൂപ്പിലാവും മല്‍സരിക്കുക. 45 മല്‍സരങ്ങള്‍ക്ക് ശേഷം ആദ്യ നാലില്‍ എത്തുന്ന ടീമാകും സെമിയില്‍ പ്രവേശിക്കുക. 1992ലാണ് അവസാനമായി ഒറ്റ ഗ്രൂപ്പ് എന്ന നിലയില്‍ ലോകകപ്പ് നടത്തിയത്.

RELATED STORIES

Share it
Top