2017 പടിയിറങ്ങുന്നു, കോഴിക്കോടിന്റെ ശേഷിപ്പുകള്‍...

സമരങ്ങളുടെ തീക്ഷ്ണതയും വികസനക്കുതിപ്പും പോലിസിന്റെ നെറികേടുമെല്ലാം കോഴിക്കോട്ടുകാര്‍ അനുഭവിച്ചറിഞ്ഞ വര്‍ഷമായിരുന്നു 2017. വ്യത്യസ്തമായ സ്വപ്‌നങ്ങളും നിറഞ്ഞ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ നന്മയോടെ സ്വീകരിക്കാന്‍ പര്യാപ്തമാക്കുന്ന അനുഭവങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം അവര്‍ക്ക് സമ്മാനിച്ചത്. ഗെയില്‍ വിരുദ്ധ സമരവും ജിഷ്്ണുപ്രണോയിയുടെ അമ്മ മഹിജയും കുടുംബവും നടത്തിയ സമരവും കോര്‍പറേഷനിലെ മാലിന്യ തൊഴിലാളികള്‍ നടത്തിയ സമരവും ചക്കിട്ടപ്പാറയില്‍ കര്‍ഷകന്റെ ആത്മഹത്യയുമായി  ബന്ധപ്പെട്ടുണ്ടായ സമരങ്ങളുടെ വേലിയേറ്റവുമെല്ലാം പോയ വര്‍ഷത്തെ പ്രക്ഷോഭങ്ങളുടെ കൂടി വര്‍ഷമാക്കി. മിഠായിത്തെരുവിനെ മൊഞ്ചത്തിയാക്കിയും റോഡുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയും വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി. നഷ്ടപെട്ടുപോവുമായിരുന്ന ഒരു സ്വകര്യ സ്‌കൂളിനെ ജനകീയ സമരങ്ങളിലൂടെ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായതും ക്ലീന്‍ കോഴിക്കോട് ലക്ഷ്യമിട്ട് ഗ്രീന്‍ കെയര്‍ മിഷനും ജില്ലാ ഭരണകൂടവും ബോള്‍ പേനയുടെ ശേഖരം കൊച്ചി ബിനാലയിലേക്ക് അയച്ചതും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. പുതിയ വര്‍ഷത്തെ ആഘോഷപൂര്‍വം കാത്തിരിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡഴ്്‌സിന് നേരെ നടന്ന പോലിസ് അതിക്രമം നഗരത്തിന്റെ നന്മകള്‍ക്കെല്ലാം കളങ്കം ചാര്‍ത്തുന്നതായിരുന്നു. നിരവധി അപകട മരണങ്ങള്‍ക്കും ജില്ല കഴിഞ്ഞ വര്‍ഷം സാക്ഷിയായി. കടലിലൊഴുകി നടന്ന ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത് ഭീതിതവും സങ്കടകരുമായ ഓര്‍മയായി. അത് കോഴിക്കോടന്‍ മനസ്സുകളില്‍ നിന്ന് അത്രപെട്ടന്ന് മാഞ്ഞുപോവുകയില്ല. അതിനിടെയില്‍ ലക്ഷദ്വീപില്‍ നിന്ന് വന്നവരെ അവിടത്തെ ഭരണകൂടം പോലും കൈവിട്ടപ്പോള്‍ അവര്‍ക്ക് സൗജന്യഭക്ഷണവും താമസവും ഒരുക്കി ഇരുകൈകളും നീട്ടി സ്വീകരിച്ച കോഴിക്കോടന്‍ നന്മയും വാര്‍ത്തകളിലിടം നേടി. എ കെ ശശീന്ദ്രന്റെയും വീരേന്ദ്രകുമാറിന്റെയും രാജി പ്രഖ്യാപനവും എം എം ഹസന്റെ കരുണാകരനെ സംബന്ധിച്ച വിവാദ പരാമര്‍ശവും പ്രധാന രാഷ്ട്രീയ വാര്‍ത്തകളായിരുന്നു. ഐ വി ശശിയും ഡോ പുനത്തില്‍ കുഞ്ഞബ്ദുല്ലയും നികത്താനാവാത്ത വിടവുകള്‍ നല്‍കി യാത്രയായതും കഴിഞ്ഞവര്‍ഷത്തില്‍ തന്നെ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെയും കടത്തനാട് കളരിസംഘത്തിലെ മീനാക്ഷി അമ്മ ഗുരുക്കളെയും പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചതും മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിയെത്തേടിയെത്തിയതും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 11ാം തവണയും ജില്ല കിരീടം ചൂടിയതും സൈബര്‍ പാര്‍ക്ക് യാഥാര്‍ഥ്യമായതും കഴിഞ്ഞവര്‍ഷത്തെ പൊന്‍തൂവലുകളാണ്. സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി പി മുരളീധരന്‍ മരിച്ചത് രാഷ്ട്രീയ സംഘര്‍ഷ വാര്‍ത്തകളിലൊന്നായിരുന്നു. നിലമ്പൂര്‍ വനത്തില്‍ പോലിസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയ കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ പ്രേംദാസിന്റെ നടപടിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതും പോയവര്‍ഷത്തില്‍ വാര്‍ത്തയായി. കോഴിക്കോട്ടുകാരനായ മുഹമ്മദ് റിയാസ് ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലെത്തിയതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായി മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളെയും ഖജാഞ്ചിയായി സി കെ എം സ്വാദിഖ് മുസ്‌ലിയാരെയും തിരഞ്ഞെടുത്തതും കഴിഞ്ഞ വര്‍ഷമാണ്. മിഠായിത്തെരുവിലെ അഗ്നിബാധയും നടുപ്പൊയില്‍ യുപി സ്‌ക്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റനിലയില്‍ 25 ലധികം കുട്ടികളെ ആശുപത്രിയിലാക്കിയതും വാര്‍ത്തകളില്‍ ഇടം നേടി. കോഴിക്കോട്ടെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആവേശപൂര്‍വമാണ് ജനാവലി എതിരേറ്റത്. കരിപ്പൂരില്‍ നിന്നും കോഴിക്കോട് ലീഗ് ഹൗസിലെത്തിച്ച ഇ അഹമ്മദിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത് പോയ വര്‍ഷത്തെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.

RELATED STORIES

Share it
Top