2017ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പറയാനുള്ളത്2017 എന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. വിരാട് കോഹ്‌ലി എന്ന നായകന് കീഴില്‍ കളിക്കളത്തില്‍ ഇന്ത്യ വെട്ടിപ്പിടിച്ച റെക്കോഡുകള്‍ നിരവധിയാണ്. ഈ വര്‍ഷം കൂടുതല്‍ ഹോം മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്ക് മുന്നില്‍ ടെസ്റ്റിലും ഏകദിനങ്ങളിലും ട്വന്റി20യിലുമായി വമ്പന്‍മാരെല്ലാം മുട്ടുമടക്കി. ഇന്ത്യയിലേക്ക് വണ്ടികയറി എത്തിയ  ഇംഗ്ലണ്ടും ആസ്‌ത്രേലിയയും ബംഗ്ലാദേശും ന്യൂസിലന്‍ഡുമെല്ലാം നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് തിരിച്ചു വണ്ടികയറിയത്. സന്ദര്‍ശകരായെത്തി വെസ്റ്റ് ഇന്‍ഡീസിനെയും ഈ സീസണില്‍ ഇന്ത്യ തറപറ്റിച്ചു. ഇന്ത്യയുടെ കളി മികവിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ ബലിയാടായത് ശ്രീലങ്കയാണ്. ഈ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുകൡനിന്നായി 37 ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യ ഇതില്‍ 15 തവണയും തോല്‍പ്പിച്ചത് ശ്രീലങ്കയെയാണ്. ഒരു സീസണിലെ ഒരു ടീമിന്റെ വിജയക്കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാം സ്ഥാനത്താണ്.  2003ല്‍ 47 മല്‍സരങ്ങളില്‍ നിന്ന് 38 ജയം സ്വന്തമാക്കിയ ആസ്‌ത്രേലിയയാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. ഇന്ത്യയുടെ അക്കൗണ്ടില്‍ 53 മല്‍സരങ്ങളില്‍ നിന്ന് 37 ജയങ്ങളാണുള്ളത്.

മറ്റ് നേട്ടങ്ങള്‍
ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി റെക്കോഡ് നേട്ടത്തില്‍ ഇംഗ്ലണ്ടിനും ആസ്‌ത്രേലിയക്കും ഒപ്പമെത്തി. പരാജയപ്പെടുത്തിയത് ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ടീമുകളെ.
ഏകദിനത്തില്‍  തുടര്‍ച്ചയായി എട്ട് പരമ്പരകളില്‍ ഇന്ത്യ ജയിച്ചു. 1970 ല്‍ വിന്‍ഡീസ് നേടിയ 14 തുടര്‍ ജയങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

തൊട്ടതെല്ലാം പൊന്നാക്കി കോഹ്‌ലി
വിരാട് കോഹ്‌ലി ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ഏക ക്യാപ്റ്റനായി റെക്കോഡിട്ടു. ബ്രയാന്‍ ലാറയുടെ (5) റെക്കോഡാണ് കോഹ്‌ലി തിരുത്തിയത്.
ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി  നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനും വീരേന്ദര്‍ സെവാഗിനുമൊപ്പം. ആറ് ഇരട്ടസെഞ്ച്വറികളാണ് മൂവരുടെയും അക്കൗണ്ടിലുള്ളത്.
തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. രണ്ടാമത്തെ ഇന്ത്യക്കാരനും. ഇതിന് മുമ്പ് വിനോദ് കാംബ്ലിയാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍.
ഏറ്റവും വേഗത്തില്‍ 52 സെഞ്ച്വറി നേടുന്ന താരമായി കോഹ്‌ലി. 350 ഇന്നിങ്‌സില്‍ നിന്ന് കോഹ്‌ലി  52 സെഞ്ച്വറി അടിച്ചപ്പോള്‍ മറികടന്നത് 378 ഇന്നിങ്‌സില്‍ നിന്ന് 52 സെഞ്ച്വറി തികച്ച ഹാഷിം അംലയുടെ റെക്കോഡിനെ.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് (2818 റണ്‍സ്) നേടുന്ന താരമായി കോഹ്‌ലി. റെക്കോഡില്‍ റിക്കി പോണ്ടിങ് മുന്നില്‍ (2005ല്‍ 2833 റണ്‍സ്).
ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി (12), കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (11) കോഹ്‌ലിയുടെ പേരില്‍.

ഇരട്ടച്ചങ്കോടെ രോഹിത് ശര്‍മ
രോഹിത് ശര്‍മ (208) ഏകദിന കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറി സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന രണ്ടാം ഏകദിനത്തിലാണ് രോഹിതിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. നേരത്തെ ആസ്‌ത്രേലിയക്കെതിരേയും (209), ശ്രീലങ്കയ്‌ക്കെതിരേയും (264) രോഹിത് ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
ട്വന്റി20യിലെ അതിവേഗ സെഞ്ച്വറി നേട്ടത്തില്‍ രോഹിത് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിന്റെ റെക്കോഡിനൊപ്പം. ഇരുവരും 35 പന്തില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൂടാതെ ട്വന്റി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് രോഹിത്.
ഏകദിനത്തില്‍ ഒരു സീസണിലെ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് (65) മുന്നില്‍. മറികടന്നത് 2015ല്‍ എബി ഡിവില്ലിയേഴ്‌സിന്റെ 58 സിക്‌സറുകളുടെ റെക്കോഡ്

അനില്‍ കുംബ്ലെ രാജിവച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുബ്ലെ രാജിവച്ചത് ഈ വര്‍ഷം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു കുബ്ലെയുടെ രാജി.  രവി ശാസ്ത്രിയെ ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിച്ചു.

നെഹ്‌റ വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ആശിഷ് നെഹ്‌റ വിരമിച്ചു. ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച  നെഹ്‌റ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷമാണ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഏകദിനത്തില്‍ 157, ടെസ്റ്റില്‍ 44, ട്വന്റി20യില്‍ 34 വിക്കറ്റുകളാണ് നെഹ്‌റ സ്വന്തമാക്കിയത്.
വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 48.4 ഓവറില്‍ 219 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
2017 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ കാഴ്ചവച്ചത്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഫൈനലില്‍ ആതിഥേയരോട് തോറ്റെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടമായിരുന്നു ലോകകപ്പിലെ പ്രകടനം.  മിതാലി രാജിന്റെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ലോകകപ്പ് കളിച്ചത്.

RELATED STORIES

Share it
Top