World

2017ല്‍ യുഎസില്‍ അഭയം തേടിയത് 7400 ഇന്ത്യക്കാര്‍: യുഎന്‍ റിപോര്‍ട്ട്

ജനീവ: കഴിഞ്ഞ വര്‍ഷം 7400 ഇന്ത്യക്കാര്‍ യുഎസില്‍ അഭയം തേടിയതായി യുഎന്‍ അഭയാര്‍ഥി സമിതി റിപോര്‍ട്ട്. 2017ല്‍ മാത്രം ലഭിച്ച അപേക്ഷകള്‍ പ്രകാരമുള്ള കണക്കാണിത്. വിവിധ രാജ്യങ്ങളില്‍നിന്നു യുഎസിലേക്കാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ എത്തിയിരിക്കുന്നതെന്നും ഏജന്‍സിയുടെ ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2017 അവസാനം വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി 6.85 കോടി പേര്‍ പലായനം ചെയ്തിട്ടുണ്ട്. ഇവരില്‍ 1.62 കോടി പേര്‍ കഴിഞ്ഞവര്‍ഷം മാത്രം അഭയാര്‍ഥികളാക്കപ്പെട്ടവരാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 44,500 പേര്‍ നാടുപേക്ഷിച്ചു പലായനം ചെയ്യുന്നുണ്ട്. സെക്കന്‍ഡില്‍ രണ്ടുപേരെന്ന കണക്കില്‍ ലോകത്ത് അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളുമാണ് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.
ഡെമോക്രാറ്റിക് റിപബ്ലിക് കോംഗോ, തെക്കന്‍ സുഡാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തവണ പ്രധാനമായും അഭയാര്‍ഥികളുടെ പലായനം. വികസ്വര രാജ്യങ്ങളിലാണ് ഇത്തരം ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്നും റിപോര്‍ട്ടിലുണ്ട്.
സെന്‍ട്രല്‍ അമേരിക്കയില്‍നിന്നു യുഎസിലേക്ക് അഭയാര്‍ഥി പ്രവാഹം ഇപ്പോഴും വര്‍ധിക്കുകയാണ്. എല്‍സല്‍വദോറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍. 49,500 അപേക്ഷകളാണ് ഇവിടെ നിന്നു ലഭിച്ചത്. വെനിസ്വേലയില്‍ നിന്നുള്ള അപേക്ഷകളില്‍ 63 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അപേക്ഷിച്ചത് 29,900 പേര്‍. മെക്‌സിക്കോ-–26,100, ചൈന-–17,400, ഹെയ്തി- 8600. ആകെ 168 രാജ്യങ്ങളില്‍ നിന്നു യുഎസിലേക്ക് അഭയാര്‍ഥിത്വത്തിനുള്ള അപേക്ഷ ലഭിച്ചെന്നും റിപോര്‍ട്ടിലുണ്ട്.
2017 അവസാനം വരെ ഇന്ത്യയില്‍ 1,97,146 അഭയാര്‍ഥികളുണ്ടെന്നാണു കണക്ക്. ഇന്ത്യയില്‍ നിന്നു വിവിധ രാജ്യങ്ങളില്‍ അഭയം തേടി 40,391 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 10,519 പേരുടെ കേസ് ഇനിയും പരിഗണിക്കാനുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ അഭയം തേടി ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചിരിക്കുന്നത് അഫ്ഗാനിസ്താനില്‍ നിന്നാണ്. 80 രാജ്യങ്ങളില്‍ അഭയം തേടി 1,24,900 അപേക്ഷകളാണ് അഫ്ഗാനില്‍ നിന്നു ലഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it